#ArcticOcean at #Prudhoe Bay, #Alaska - Part 4 | ആർക്ടിക് സമുദ്രത്തിലേക്കൊരു യാത്ര | #4K Video
ഏകദേശം ഒരു മണിക്കൂർ ഡ്രൈവ് കൊണ്ട് ഗേറ്റ്സ് ഓഫ് ദി ആർക്ടിക്ക് താണ്ടി ഞങ്ങൾ സമതലങ്ങളിലേക്ക് ഇറങ്ങി. ആർക്ടിക് ടണ്ട്ര എന്ന് പറയുന്ന തരം ഭൂപ്രദേശമാണിവിടം. ടണ്ട്ര എന്നത് ഒരു ശീത മരുഭൂമിയാണ്. വളരെ ഹാർഷ് ആയ…
ഏകദേശം ഒരു മണിക്കൂർ ഡ്രൈവ് കൊണ്ട് ഗേറ്റ്സ് ഓഫ് ദി ആർക്ടിക്ക് താണ്ടി ഞങ്ങൾ സമതലങ്ങളിലേക്ക് ഇറങ്ങി. ആർക്ടിക് ടണ്ട്ര എന്ന് പറയുന്ന തരം ഭൂപ്രദേശമാണിവിടം. ടണ്ട്ര എന്നത് ഒരു ശീത മരുഭൂമിയാണ്. വളരെ ഹാർഷ് ആയ കാലാവസ്ഥയിൽ ഒരുമാതിരിപ്പെട്ട ചെടികൊടികൾക്കോ ജീവജാലങ്ങൾക്കോ ഇവിടെ പിടിച്ചുനിൽക്കാൻ കഴിയില്ല. ഇവിടെ കാരിബൌകളും, ചിലയിനം കുറുക്കന്മാരും, കരടികളും പിന്നെ ചില പക്ഷികളുമാണ് പ്രധാനമായും ഉള്ളത്. വർഷത്തിന്റെ പകുതിയിലേറെ മഞ്ഞുമൂടിക്കിടക്കുന്ന ഇവിടം, വേനലാകുമ്പോൾ 3-4 മാസം കുറ്റിച്ചെടികൾ വളർന്ന് നിൽക്കും. വീണ്ടും മഞ്ഞു മൂടിപ്പോകും. ടണ്ട്രയിൽ വളരെ കുറഞ്ഞ ആഴത്തിൽ മാത്രമേ മണ്ണുണ്ടാകൂ. അതിന് താഴെ ഉറഞ്ഞ മഞ്ഞാണ്. നമ്മൾ ഈ കാണുന്ന ചെടികൾ പിഴുതാൽ, അവിടെ അധികം മണ്ണൊന്നും കാണില്ല. പകരം ഐസ് കാണാൻ കഴിയും. 60 സെന്റിമീറ്റർ മുതൽ 1 മീറ്റർ വരെയൊക്കെയെ മണ്ണ് കാണൂ. വർഷം മുഴുവൻ ഉറഞ്ഞുകിടക്കുന്ന ഇത്തരം അവസ്ഥയെ പെർമ്മാഫ്രോസ്റ്റ് എന്നാണ് വിളിക്കുന്നത്.
ഭൂമിയുടെ ഉഷ്ണനില മെയ്ന്റെയ്ൻ ചെയ്യുന്നതിൽ ഈ പെർമ്മഫ്രോസ്റ്റിന് വലിയ പങ്കുണ്ട്. ഈ ഐസ് ഉരുകി, അതിനുള്ളിൽ സ്റ്റോർ ചെയ്തിരിക്കുന്ന കാർബണും മീഥെയ്നും പുറംതള്ളിയാൽ ഗ്ലോബൽ വാമിങിന്റെ ആക്സിലറേറ്ററിൽ കല്ലെടുത്ത് വച്ചപോലെയാകും!
പരവതാനി റോഡും, മണ്ണ് റോഡും കഴിഞ്ഞ് പുതിയ ഒരു തരം റോഡും കാണാനുള്ള ഭാഗ്യമുണ്ടായി. വശങ്ങളിലെ വെള്ള വടികൾ റിഫ്ലക്റ്ററുകളാണ്. അതിനപ്പുറം പുല്ലും വെള്ളവും ഐസും മാത്രമേയുള്ളൂ എന്ന വാർണിങ്.
കാലാവസ്ഥയിലെ മാറ്റം പ്രകടമായി കാണാൻ തുടങ്ങിയിരിക്കുന്നു. അത്ര നേരം തെളിഞ്ഞു നിന്ന നീല വാനം മൂടിക്കെട്ടി. ഇത്ര പ്രയാസപ്പെട്ട് ഡെഡ്‌ഹോഴ്സ് എത്തുമ്പൊഴേക്കും കാലാവസ്ഥ കാരണം പറഞ്ഞ് ആർക്ടിക് ട്രിപ് നടക്കാതെ പോകുമോ എന്ന വിഷമമായിരുന്നു എനിക്ക്. ഇനി 30 കിലോമീറ്റർ കൂടിയുണ്ട് ഡെഡ്‌ഹോഴ്സിലേക്ക്. വഴി വളവ് തിരിവുകളില്ലാതെ ഒരു നേർ രേഖയിൽ…
സമയം ഏകദേശം 2മണി, ഉച്ചസമയം. വിസിബിലിറ്റി സാരമായ ഒരു പ്രശ്നമായി മാറിയിരുന്നു. മൂടൽമഞ്ഞു കാരണം അല്പദൂരം മാത്രമേ വിസിബിലിറ്റി ഉള്ളൂ. എതിരെ വല്ല ടാങ്കറും വന്നാൽ വളച്ചുമാറ്റാനുള്ള സ്ഥലമോ സമയമോ ഉണ്ടാവില്ല. കാറോടിക്കുന്നത് ബുദ്ധിമുട്ടായി തുടങ്ങി. പ്രതീക്ഷിച്ചതിലും നേരത്തേ തന്നെ ഡെഡ്‌ഹോഴ്സിനടുത്ത് എത്തിയതിനാൽ അല്പനേരം വണ്ടി നിർത്തിയിടാൻ തീരുമാനിച്ചു. പുറത്ത് -2 ഡിഗ്രി തണുപ്പും ആഞ്ഞുവീശുന്ന കാറ്റും…
ഈ യാത്രയിൽ ഒരു അക്കിടി പറ്റിയിരുന്നു. മൂന്നേകാലിന് ഡെഡ്‌ഹോഴ്സെത്തുക എന്ന ലക്ഷ്യത്തിൽ 50mph ലിമിറ്റുള്ള ഈ റോഡിൽ ഞാൻ 90mph വേഗത്തിൽ പോയതുമല്ലാതെ, അറിയാതെ ഒരു പൊലീസുകാരന്റെ കാറിനെ സിഗ്നൽ കാണിക്കാതെ ഓവർടേക്ക് ചെയ്തു പോയി. ഇടയ്ക്ക് ഞാൻ വണ്ടി നിർത്തി സതീഷ് ഡ്രൈവ് ചെയ്യാനെത്തി. ആ നേരത്താണ് പൊലീസുകാരൻ ഞങ്ങളുടെ അരികിൽ ഓടിച്ച് എത്തിയത്. ഓവർസ്പീഡിങ്, സിഗ്നലിടാതെ ഓവർടേക്ക് ചെയ്തത്, എല്ലാം കൂടെ സതീഷിന് 400 ഡോളറിന്റെ 2 ടിക്കറ്റും കിട്ടി.
ഈ ആർക്ടിക് ഷട്ടിൽ എന്ന് പറയുന്നത് നമ്മുടെ നാട്ടിലൊക്കെയുള്ള 17 സീറ്റർ എയ്ഷർ ടെമ്പൊ പോലത്തെ വണ്ടിയാണ്. അകത്ത് ഹീറ്റർ ഉണ്ട് എന്നതാണ് വ്യത്യാസം. ഇറാക്ക് യുദ്ധത്തിൽ പങ്കെടുത്ത് റിട്ടയർ ആയ ഒരു പട്ടാളക്കാരനാണ് ഞങ്ങളുടെ ഡ്രൈവർ + ഗൈഡ്. സഞ്ചാരം സ്റ്റൈലിൽ പറഞ്ഞാൽ റിച്ചാർഡ് വാ തോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു…
ഡെഡ്‌ഹോഴ്സിലെ മെഡിക്കൽഫസിലിറ്റിയും ജിമ്മും ഒക്കെ ഉള്ള ഒരു ബിൽഡിങ്ങിനടുത്തുകൂടെയാണ് ഞങ്ങൾ പോയത്. ഇവിടെ ആകെ ഈ ഒരു ബിൽഡിങ്ങിലേ ഇന്റർനെറ്റ് സംവിധാനം ഉള്ളൂ.
Runtime 9 minutes 2 seconds