Skip to the schedule

ഒരു #മദ്ധ്യപ്രദേശ് യാത്ര - ഭാ‍ഗം 1 | A trip to #MadhyaPradesh - Part 1 | #ഓർഛ കോട്ടസമുച്ചയം| #Orchha

YouTube embed

Loads the player from YouTube, which can set cookies and see your IP address. Nothing is requested until you press it.

2019 ജൂലൈ മാസത്തിൽ പോയ ഒരു നോർത്ത് ഇന്ത്യൻ ട്രിപ് ആണ്. ഒരു ജോലി രാജിവച്ച് അടുത്തത് കണ്ടുപിടിക്കുന്നതിനു മുൻപുള്ള ഗ്യാപ്പിൽ പ്ലാൻ ചെയ്ത യാത്രയാണ്. തിരുവനന്തപുരത്ത് നിന്നും ഝാൻസി വഴി ഖജുരാഹോ. അവിടുന്ന് ന്യൂഡൽഹി കാണുക തിരികെ നാടെത്തുക. ഇതാ‍ണ് പ്ലാൻ.

തിരുവനന്തപുരത്തു നിന്നും കേരളാ എക്സ്പ്രസ്സിൽ ഝാൻസിയിൽ പോയി, അവിടുന്ന് അടുത്തൊരു ട്രെയിനിൽ ഖജുരാഹോയിൽ എത്തണം. ഞങ്ങൾ രാവിലെ തന്നെ ഝാൻസിയിൽ എത്തും എന്നാൽ ഖജുരാഹോയിലേക്കുള്ള വണ്ടി ഉച്ച തിരിഞ്ഞേ പുറപ്പെടൂ. അത് വരെ ഝാൻസി റാണിയുടെ കോട്ടയൊക്കെ കാണാം എന്ന് പ്ലാനിട്ടു.

43 മണിക്കൂർ നീണ്ട യാത്രയിൽ കൂട്ടിന് കുറേ ബുക്കുകളും ഉണ്ട്. ഇടയ്ക്കിടെ വാതിലിനരികിൽ വന്ന് കാറ്റുകൊള്ളും. ഇടയ്ക്ക് ട്രെയിൻ 3 മണിക്കൂറോളം ഡിലേ ആയെങ്കിലും രാത്രി ഓട്ടത്തിൽ കാച്ചപ്പ് ചെയ്തു. മൂന്നാം നാൾ രാവിലെ ഏഴേമുക്കാലടുപ്പിച്ച് ഝാൻസിയിൽ എത്തി.

ഏറേ നേരത്തെ ബാർഗെയ്നിങ്ങിനു ശേഷം 500 രൂപയ്ക്ക് ഉച്ച വരെ ഞങ്ങളെ നാടുചുറ്റിക്കാമെന്ന് ഏറ്റ് കല്ലൻബിസ് എന്ന ഓട്ടോച്ചേട്ടൻ ഞങ്ങളെ ഝാൻസി സ്റ്റേഷനിൽ നിന്നും പുറത്തേക്ക് കൊണ്ടു വന്നു. പുതിയ സ്ഥലം, തെക്കന്മാരാണ് എന്നൊക്കെ കരുതി പറ്റിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. പക്ഷെ കല്ലൻ ചേട്ടൻ ഒരു ഡീസെന്റ് ഡൂഡ് ആയിരുന്നു. ആദ്യം ഭക്ഷണം കഴിക്കാൻ ഒരു സ്ഥലത്ത് നിർത്തി. അന്ന് ഞാൻ റ്റ്വീറ്റ് ഇട്ടത്- വായുവിൽ നൈറ്റ്രജൻ മോളിക്ക്യൂൾസ് ഉള്ളതിനെക്കാൾ കൂടുതൽ ഈച്ചകൾ ഉള്ള ഒരു സ്ഥലത്താണ് ഞാനിപ്പോൾ ഉള്ളത് എന്നായിരുന്നു!

ഞങ്ങളുടെ ആദ്യ സ്റ്റോപ്പ് ഓർച്ഛാ എന്ന് പേരായ ഒരു ചെറിയ പട്ടണത്തിലായിരുന്നു. ബുണ്ഡേൽഘണ്ടിലെ ബുണ്ഡേല രജ്പുത് മുഖ്യനായിരുന്ന രുദ്രപ്രതാപ് സിംഗ് ആണ് പതിനാറാം നൂറ്റാണ്ടിൽ ഈ പട്ടണം സ്ഥാപിച്ചത്. ബെട്വാ നദിയുടെ തീരത്തായി പണിതിട്ടുള്ള കോട്ട കൊത്തളങ്ങളും ചതുർഭുജ് മന്ദിർ എന്ന പേരിൽ ഒരു രാമക്ഷേത്രവും ആണ് ഇവിടെ കാണാനുള്ളത്.

പുണ്യസ്ഥലങ്ങളെ വൃത്തിഹീനമായി പരിപാലിക്കുന്നത് ഒരു നേർച്ചയാണെന്ന് തോന്നും ഇവിടുത്തെ തെരുവുകൾ കണ്ടാൽ. പുരി ജഗന്നാഥ ക്ഷേത്രത്തിനു ശേഷം ഇത്ര മോശമായി പരിപാലിച്ച ഒരു ക്ഷേത്ര പ്രദേശം ഞാനിവിടെയാണ് കണ്ടത്.

ക്ഷേത്രത്തെ പറ്റി പറയാൻ, ടിപിക്കൽ നോർത്തിന്ത്യൻ സ്റ്റൈൽ അമ്പലമാണ്. എടുത്തു പറയാവുന്ന ഒരു ഫീച്ചർ 344 അടി ഉയരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ ക്ഷേത്രത്തിന്റെ വിമാനമാണ്. വലിയ ഹാളുകളും, മുകൾനിലകളിലേക്ക് കയറാനായി പടിക്കെട്ടുകളുമൊക്കെ ഉണ്ട്. കിഴക്ക് വശത്തായി ഒരു പ്രധാന കവാടം, അതിൽ നിറയെ ചിത്രപ്പണികളും ഉണ്ട്. പക്ഷെ ഇന്ന് ശരിയായ മെയ്ന്റെനൻസ് ഇല്ലാതെ പലതും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. കിഴക്കെ കവാടത്തിൽ നിന്നാൽ താഴെയായി ഒരു മാർക്കറ്റും എതിരെ ഓർച്ഛാ കോട്ട സമുച്ചയവും കാണാം.

വന്ന് പോകുന്ന മഹാന്മാർ അവരുടെ പേരുകൾ കോറിവരച്ചിട്ടുമുണ്ട്. മൂലപ്രതിഷ്ഠയുടെ വീഡിയോ എടുക്കുന്നത് ഇവിടുത്തെ വിശ്വാസപ്രമാണങ്ങൾക്കെതിരായതിനാൽ ഞാൻ അതിനു മുതിർന്നില്ല.

ആരുകണ്ടാലും, ഒരല്പം കൂടി വൃത്തിയുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നത്ര റസ്റ്റിക് ആയ ഒരു സ്ഥലം. ചരിത്രമുറങ്ങുന്ന, ഒരുപാട് കഥകൾ പറയാനുള്ള ഒരു സ്ഥലമാണ് ഓർച്ഛ. ബുണ്ഡേൽഘണ്ഡ് എന്ന പ്രദേശത്തിന്റെ ആണിക്കല്ല്. ഓർച്ഛാ കോട്ട സമുച്ചയവും, ജഹാംഗീർ മഹൽ എന്ന എക്സ്റ്റ്രാ വഗൻസയും അടുത്ത ലക്കത്തിൽ.

As part of my tour to Khajuraho, Madhyapradesh, I could visit the rustic old town of Orchha. Orchha is built by erstwhile Bundelkhand chief Rudraprathap Singh in Sixteenth century. Town houses a grand Ram temple as well as an old fort complex.

Open on YouTube

Runtime 3 minutes 57 seconds