രണ്ട് മാധ്യമ വെളിപ്പെടലുകള്‍

രണ്ട് മാധ്യമ വെളിപ്പെടലുകള്‍

“സത്യം സൂര്യനെപ്പോലെയാണ്, എത്രനാള്‍ മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നാലും, ഒരുനാള്‍ എല്ലാ മറയും നീക്കി പുറത്തു വരും.”

മേല്‍ പറഞ്ഞത്‌ മമ്മൂട്ടിയുടെ ഒരു സംഭാഷണ ശകലമാണ്. അത് സത്യവുമാണ്. അതുകൊണ്ടാണല്ലോ ഈ അടുത്ത കാലത്ത് ഉണ്ടായ ചില സംഭവ വികാസങ്ങള്‍ ഇത്ര ജനശ്രദ്ധ പിടിച്ചു പറ്റിയത്.

ലേഖനത്തിന്റെ തലക്കെട്ടില്‍ പറഞ്ഞത് പോലെ, രണ്ട് മാധ്യമ വെളിപ്പെടുത്തലുകള്‍ ജന മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഒന്ന് സഹ്യന്റെ കിഴക്കും, ഒന്ന് പടിഞ്ഞാറും. ഇതില്‍ രണ്ടുപേരും കാലേകൂട്ടി തയാറെടുത്തു വന്നു വെളിപ്പെടുത്തിയതല്ല എന്നതാണ് രസകരമായ ഒരു സമാനത. പറഞ്ഞു വന്നപ്പോള്‍, ഇതും കൂടി വന്നു പോയി.

ആദ്യത്തേത് ഇനിയൊന്നും വിശകലനം ചെയ്യാന്‍ ഇല്ലാത്ത അത്ര വിശകലനങ്ങള്‍ ചെയ്യപ്പെട്ട മണിയാശാന്റെ വെളിപ്പെടുത്തലുകള്‍ ആണ്. ടി.പി. വധത്തിനു പിറകെ ഇടുക്കിയിലും ഞങ്ങള്‍ കൊന്നിട്ടുണ്ട്, വേണ്ടി വന്നാല്‍ ഇനിയും അത് തുടരും എന്ന് ഒരു പൊതു പ്രസംഗത്തില്‍ തുറന്നടിച്ച മണിയാശാനെ ഇപ്പൊ കാണാനില്ല എന്ന് വരെ വായിച്ചു. ഈ സംഭവത്തെ കുറിച്ച് കൂടുതലൊന്നും എഴുതാനില്ല. എല്ലാം പകല്‍ പോലെ അറിയാവുന്ന കാര്യങ്ങള്‍.

കേരളത്തില്‍ ഒരുപക്ഷെ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സംഭവമാണ് അടുത്തത്‌. തമിഴ്നാട്ടിലെ വിഴുപ്പുറം (വില്ലുപുരം) ജില്ലയിലെ ഒരു പതിനേഴുകാരി പെണ്‍കുട്ടിയാണ് താരം. സീ തമിഴ് (Zee Tamil) ചാനലിലെ “സോല്‍വതെല്ലാം ഉണ്മയ്” എന്നാ പ്രോഗ്രാം ഷൂട്ട്‌ ചെയ്യുമ്പോള്‍ ആ ചാനലുകാര്‍ പോലും ഇങ്ങനെ ഒരു സ്കൂപ്പ് പ്രതീക്ഷിച്ചു കാണില്ല. മലയാളം ചാനലുകളിലെ കഥയല്ലിത് ജീവിതം മോഡല്‍ പരിപാടിയാണ് സോല്‍വതെല്ലാം ഉണ്മയ്. മുരുകന്‍-രാജേശ്വരി ദമ്പതികളുടെ മകളായ ഭാര്‍ഗവി, താന്‍ ഇഷ്ടപ്പെടുന്ന പുരുഷനെ വിവാഹം കഴിക്കാനായി സഹായം അഭ്യര്‍ഥിച്ചു ചെന്നത് സീ ടിവിയിലാണ്. മുരുകന്‍ ആ പ്രേമത്തിന് എതിരായിരുന്നു. വാദങ്ങളും മറുവാദങ്ങളും മുറുകിയപ്പോള്‍ ഭാര്‍ഗവി ചില കാര്യങ്ങള്‍ പറഞ്ഞു.

തന്നെ പ്രേമബന്ധത്തില്‍ നിന്നും വിടുവിക്കാനായി സ്വന്തം അച്ഛന്‍ തന്നെ ലൈംഗിക പീഡനത്തിനു ശ്രമിച്ചു. അത് കളവാണ് എന്ന് മുരുകന്‍ വാദിച്ചു നിന്നു. ശേഷം നടന്ന തര്‍ക്കത്തിലാണ് ഞെട്ടിക്കുന്ന സംഭവ പരമ്പരകള്‍ പുറത്തുവന്നത്. മൂന്നു പേരെ നിഷ്കരുണം കൊല ചെയ്തു കുഴിച്ചിട്ടിരിക്കുന്ന ആ വീട്ടില്‍ എനിക്ക് ജീവിക്കാന്‍ കഴിയില്ല എന്നാ ഒരു വാചകം എല്ലാവരെയും നിശ്ചലരാക്കി. ഭാര്‍ഗവി വിവരിച്ചത് ഇങ്ങനെ…ഇരുപതു വയസ്സുള്ള ഒരു സ്ത്രീയെയും ഇരുപത്തിരണ്ട് വയസ്സുള്ള ഒരു പുരുഷനെയും ആ പെണ്ണിന്റെ അച്ഛനെയും വിഷം കൊടുത്തു കൊന്ന്, വീടിന്റെ പിന്നാമ്പുറത്ത് കുഴിച്ചിടുകയും ചെയ്തു, ഈ മുരുകന്‍. എല്ലാത്തിനും കൂട്ടായി ഭാര്യ രാജേശ്വരിയും ഉണ്ടായിരുന്നു. ഈ സംഭവം നടക്കുന്നത് 2008-ല്‍ കുച്ചിപ്പാളയം എന്നാ സ്ഥലത്താണ്.

പോലീസും ഇപ്പോള്‍ മുരുകനെയും ഭാര്യയേയും അന്വേഷിക്കുന്നു. ലാവണ്യ, സിലംപരസന്‍, ശേഖര്‍ എന്നിവരെയാണ് മുരുകന്‍ കൊന്നത് എന്ന് പോലിസ്‌ ഭാഷ്യം. ലാവണ്യ-സിലംപരസന്റെ കയ്യില്‍ ഉണ്ടായിരുന്ന പണത്തിനും സ്വര്‍ണ്ണത്തിനും വേണ്ടിയായിരുന്നു കൊലപാതകം. സിലംപരസന്‍ മുരുകന്‍ നടത്തുന്ന ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനായിരുന്നു. പുതുതായി കല്യാണം കഴിഞ്ഞു വന്നവരായിരുന്നു അവര്‍. ഒരു വീടൊക്കെ നോക്കി താമസം തുടങ്ങുന്നതിനു മുന്‍പ്‌ ഇടക്കാലത്തേക്ക് തങ്ങാനാണ് മുരുകന്റെ വീട്ടില്‍ ഇവര്‍ വന്നത്.

ഈ എപിസോഡ് ഷൂട്ട്‌ ചെയ്തത് മെയ്‌ 18-നാണെങ്കിലും, സംപ്രേക്ഷണം ചെയ്തത് 28നാണ്. ഇതിനോടകം തന്നെ മുരുകനും രാജേശ്വരിയും ഒളിവില്‍ പോയി. വീടിന്റെ പുറകില്‍ നടന്ന തിരച്ചിലില്‍ അസ്ഥികൂടങ്ങളും കണ്ടെടുത്തു. ഇനി ഡി.എന്‍.എ. ടെസ്റ്റിന്റെ ഒക്കെ ഫലം വരുമ്പോള്‍ അടുത്ത വിവരങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞേക്കും!

എന്നാലും ഈ മനുഷ്യര്‍ കാണിക്കുന്ന അതിക്രമങ്ങളെ! എന്റെ സംശയം അതല്ല… ഈ മരിച്ചവരുടെ വീട്ടുകാര്‍ എന്തുകൊണ്ട് ഇത് വരെ ഒരു പോലിസ്‌ കേസോ ഒന്നും കൊടുക്കാത്തത്? ഇനി അതിലും വല്ല നൂലാമാലയും ഉണ്ടാവണം.

ഇപ്പൊ ഒരു കൊല നടത്തുന്നതൊക്കെ പഴം തിന്നുന്ന പോലെ അത്ര ഈസിയായിട്ടാ ആള്‍ക്കാര് ചെയ്യുന്നത്… കലി മുറ്റിപ്പോയി!


Leave a Reply

Your email address will not be published.