തമിഴ്നാട് തിരഞ്ഞെടുപ്പ് ഒറ്റ നോട്ടത്തിൽ


കേരളത്തിന്റെ തൊട്ടടുത്ത, ഏറ്റവും അധികം ദൂരം അതിർത്തി പങ്കിടുന്ന തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂമിക തികച്ചും വ്യത്യസ്ഥമാണ്. സ്വാതന്ത്ര്യ സമരകാലത്തുണ്ടായ ദ്രാവിഡ പാർട്ടികളുടെ അനുരണനങ്ങൾ ഇന്നും അവിടുത്തെ രാഷ്ട്രീയത്തിൽ ഒരു നിഴൽ രൂപത്തിൽ ഉണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവായ തിരു. ഇ.വി.രാമസ്വാമി ഉപയോഗിച്ച ‘ദ്രാവിഡം’ എന്ന വാക്ക്, കറുപ്പ് നിറം, ചുവപ്പ് നിറം. ഇവ മാത്രമാണ് ഇന്നിന്റെ രാഷ്ട്രീയത്തിൽ മിച്ചമുള്ള ആ നിഴൽ. ആ നിഴലിൽ നിന്ന് തിരഞ്ഞെടുപ്പ് എന്ന യാഥാർത്ഥ്യത്തെ നോക്കിക്കാണാൻ ശ്രമിക്കുകയാണ് ഞാൻ.

ചരിത്രവും പാത്രപരിചയവും

സ്വാതന്ത്ര്യാനന്തരം ഉണ്ടായ സർക്കാരുകളിൽ, ’52 മുതൽ ’67 വരെ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് ഭരിച്ചിരുന്നെങ്കിലും അതിനു ശേഷം കോൺഗ്രസ്സിനെ രംഗത്തു നിന്നും മാറ്റി നിർത്തിയാണ് തമിഴ് ജനങ്ങൾ സർക്കാരുകൾ ഉണ്ടാക്കിയത്. അഞ്ച് തവണ ദ്രാവിഡ മുന്നേറ്റ്ര കഴകവും (തിമുക) ആറ് തവണ അനൈത്ത് ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ്ര കഴകവും ([അഇ] ആതിമുക) അധികാരത്തിൽ വന്നു. ഓരോ തവണയും മാറി മാറി ഈ രണ്ട് പാർട്ടികളെ പരീക്ഷിച്ച ജനങ്ങൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്താണ് ഒരു മൂന്നാം ബദലിനെ ഒരല്പം വിശ്വാസം വന്നത്. നടൻ വിജയകാന്ത് രൂപീകരിച്ച ദേശീയ മുർപ്പോക്ക് ദ്രാവിഡ കട്ചി (തേമുതിക – National Progressive Dravida Party) ആയിരുന്നു അത്.

കൂടുതൽ പറയുന്നതിനു മുൻപ് തമിഴ്നാട്ടിലെ മുഖ്യ രാഷ്ട്രീയ പാർട്ടികളും അവയുടെ നേതാക്കന്മാരെയും ഒന്ന് പരിചയപ്പെടുന്നത് നല്ലതായിരിക്കും.

 • ദ്രാവിഡ മുന്നേറ്റ്ര കഴകം – കരുണാനിധി (അയ്യാ)
 • അണ്ണാ ദ്രാവിഡ മുന്നേറ്റ്ര കഴകം – ജയലളിത (അമ്മാ)
 • ദേശീയ മുർപ്പോക്ക് ദ്രാവിഡർ കട്ചി – വിജയകാന്ത് (കാപ്റ്റൻ)
 • ഭാരതീയ ജനതാ പാർട്ടി – തമിഴിസൈ സൗന്ദരരാജൻ
 • മറുമലർച്ചി ദ്രാവിഡ മക്കൾ കഴകം – വി. ഗോപാലസ്വാമി (വൈകോ)
 • സമത്വ മക്കൾ കട്ചി – ശരത് കുമാർ
 • മനിതനേയ മക്കൾ കട്ചി – എം എച് ജവാഹിറുള്ളാഹ്
 • വിടുതലൈ സിറുത്തൈകൾ കട്ചി – തൊൽ തിരുമാവളവൻ
 • നാം തമിഴർ കട്ചി – ശ്രീമാൻ (നടൻ/സംവിധായകൻ)
 • പാട്ടാളി മക്കൾ കട്ചി – രാമദാസ്, അൻപുമണി രാമദാസ്
 • തമിഴ് മാനില കോൺഗ്രസ്സ് – ജി കെ വാസൻ (1996-ൽ എഡീഎംകെയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൽ നിന്നും പിരിഞ്ഞ് തുടങ്ങിയ പാർട്ടി. ഇപ്പോൾ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സുമായി അടുപ്പത്തിൽ)

മേല്പറഞ്ഞതല്ലാത്ത ദേശീയ പാർട്ടികളും ഈർക്കിൽ പാർട്ടികളുമായി സമൃദ്ധമാണ് തമിഴ്നാടിന്റെ രാഷ്ട്രീയം. എന്നിരുന്നാലും സമീപ ഭൂതകാലം വരെ, എഡിഎംകെ, ഡിഎംകെ എന്ന രണ്ട് പാർട്ടികളിൽ നിന്നും പുറത്ത് വരാൻ കഴിയാത്ത ഒരു അവസ്ഥയായിരുന്നു തമിഴനാട്ടിലെ ജനങ്ങൾക്ക്. സ്വാഭാവികമായും, കേരളത്തിലും എൽഡിഎഫ്-യുഡിഎഫ് ദ്വയത്തിൽ നിന്നും പുറത്ത് വരാത്തവർ അല്ലെ കേരളീയർ എന്ന് തോന്നാമെങ്കിലും അതിൽ ഒരു വ്യത്യാസമുണ്ട്. എൽഡിഎഫ്-യൂഡിഎഫ് എന്നീ രണ്ട് മുന്നണികൾക്കും പ്രത്യയശാസ്ത്രപരമായി വളരെ അധികം വ്യത്യാസം ഉണ്ട്. മാർക്സ്യൻ-ഗാന്ധിയൻ ചിന്തകൾ എന്ന് വേണമെങ്കിൽ അതിനെ ചുരുക്കിപ്പറയാം. ഡിഎംകെ-എഡിഎംകെ എന്നീ പാർട്ടികൾക്ക് അങ്ങനെ വ്യത്യസ്ഥമായ പ്രത്യയശാസ്ത്രം എന്നൊന്നില്ല. രണ്ടും പെരിയാർ രൂപീകരിച്ച ദ്രാവിഡ കട്ചിയിൽ നിന്നും ഉണ്ടായവ. ശരിക്ക് പറഞ്ഞാൽ ഡിഎംകെയിൽ നിന്ന് പിരിഞ്ഞു വന്നതാണ് എഡിഎംകെ (എംജിആറും കരുണാനിധിയും തമ്മിലുണ്ടായ ഈഗോ ക്ലാഷിന്റെ ഫലമാണ് എഡിഎംകെ എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല).

വിജയകാന്തിന്റെ വരവ്

ഈ കാലയളവിൽ ഒരു ബദൽ രാഷ്ട്രീയം ഉണ്ടാക്കാൻ വൈകോ, രാമദാസ് എന്നിങ്ങനെ പലരും ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ വേണ്ടത്ര വിജയിക്കാൻ കഴിഞ്ഞില്ല. എംജിആറിനോ കലൈഞ്ജർക്കോ ഉണ്ടായിരുന്ന ആ വ്യക്തിപ്രഭാവം ഇവർക്കില്ലാതെ പോയതും ജാതീയമായ ചായ്വും ഒക്കെ ഘടകങ്ങൾ ആണ്. രണ്ടായിരത്തി ആറിലെ തിരഞ്ഞെടുപ്പിനോട് അടുപ്പിച്ചാണ് നടന്മാരായ ശരത്കുമാറും വിജയകാന്തും രാഷ്ട്രീയ രംഗത്ത് വരുന്നത്. ശരത്കുമാർ, സമത്വ മക്കൾ കട്ചി എന്നൊരു പാർട്ടി രൂപീകരിച്ചു. പക്ഷെ തുടക്കത്തിലേ മങ്ങലേറ്റെങ്കിലും 2011ലെ തിരഞ്ഞെടുപ്പിൽ എഡിഎംകെയുമായി സഖ്യം രൂപീകരിച്ച് മൽസരിച്ചു. നാംഗുനേരിയിലും എർണാവൂരിലും രണ്ട് സീറ്റ് ജയിച്ചു.

2006-ൽ 234 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ മൽസരിപ്പിച്ചുകൊണ്ടാണ് വിജയകാന്ത് തന്റെ ഡിഎംഡികെ എന്ന പാർട്ടിയുമായി തുടങ്ങിയത്. എന്നാൽ അത്തവണ ആകെ ഒരു സീറ്റാണ് ജയിക്കാൻ കഴിഞ്ഞത്. ഒരു പക്ഷെ മാദ്ധ്യമങ്ങളാലും സമൂഹമാദ്ധ്യമങ്ങളാലും ഏറ്റവും അധികം ട്രോൾ ചെയ്യപ്പെട്ട തമിഴ്നാട്ടിലെ രാഷ്ട്രീയക്കാരൻ വിജയകാന്ത് തന്നെയായിരിക്കും. എന്നാൽ വിജയകാന്തിന്റെ പ്രവർത്തനങ്ങൾ ആ ട്രോളുകളെ വകവയ്ക്കാത്ത തരത്തിൽ ഉള്ളതാണ്. 2011-ലെ അസമ്പ്ലി തിരഞ്ഞെടുപ്പിൽ എഡിഎംകെ സഖ്യത്തിൽ ആകെ 41 സീറ്റുകളിൽ ആളെ നിർത്തി, അതിൽ 29 സീറ്റുകൾ ജയിച്ചു. 2ജി അഴിമതിക്കേസിന്റെ നൂലാമാലകളിൽ പെട്ട് ഡിഎംകെ ആകെ 23 സീറ്റുകളിൽ മാത്രം ജയിച്ചപ്പോൾ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടി വിജയകാന്തിന്റെ പാർട്ടി ആയി. അതോടെ, എഡിഎംകെ സഖ്യത്തിൽ നിന്നും പുറത്തു വന്ന വിജയകാന്ത് പതിനാലാം നിയമസഭയുടെ പ്രതിപക്ഷ നേതാവായി. എന്നാൽ എട്ട് എം എൽ എമാർ രാജി വച്ച സാഹചര്യത്തിൽ 2016 ഫെബ്രുവരി 21ആം  തിയതി പ്രതിപക്ഷ നേതാവെന്ന സ്ഥാനത്ത് നിന്നും നീക്കപ്പെട്ടു.

വിജയകാന്തിനെ പറ്റി ഇത്രയും പറഞ്ഞത്, തമിഴ്നാട്ടിലെ തന്നെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നിരീക്ഷകനായ ചോ രാമസ്വാമിയുടെ അഭിപ്രായത്തിൽ അടുത്ത ശക്തി കേന്ദ്രം വിജയകാന്താകും എന്ന പ്രവചനമാണ്. (ചോയുടെ പ്രവചനത്തെ അവിശ്വസിക്കേണ്ടതില്ല. ഇത് വരെ പറഞ്ഞതൊക്കെ ഒരുവിധം കൃത്യമാണ്).

ഭരണത്തുടർച്ചയ്ക്കുള്ള സാദ്ധ്യത

അനുകൂല സാഹചര്യങ്ങൾ

 • പ്രധാന എതിർ പാർട്ടിയായ ഡിഎംകെയുടെ സമീപകാല തിരഞ്ഞെടുപ്പ് പെർഫോമൻസ് മോശമാണ് (ശങ്കരൻകോവിൽ)
 • ഡിഎംകെയിലെ ശക്തമായ കുടുംബ വഴക്കുകൾ
 • കരുണാനിധിയുടെ പ്രായം, സ്റ്റാലിന്റെ ആരോഗ്യസ്ഥിതി, അഴഗിരിയുടെ മുരടൻ രീതികൾ
 • എതിർ പാർട്ടികളിൽ വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ അഭാവം

പ്രതികൂല സാഹചര്യങ്ങൾ

 • സ്റ്റിക്കർ കലാചാരം (സംസ്കാരം). സർക്കാർ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഔദാര്യമാണെന്ന് വരുത്തി തീർക്കുന്ന സംസ്കാരം ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. നാഞ്ചിൽ സമ്പത്തിന്റെ പുറത്താകൽ ഒരു ഉദാഹരണം. (വളർമതി, ഓപിഎസ്, നത്തം വിശ്വനാഥൻ എന്നിവരുടെ അഭിമുഖങ്ങൾ)
 • അനധികൃത സ്വത്ത് സമ്പാദ്യക്കേസിലെ വിധി- ജയിൽ ശിക്ഷ- ജാമ്യം.
 • സോഷ്യൽ മീഡിയയുടെ പ്രസരം.
 • 2015-ലെ വെള്ളപ്പൊക്കത്തോട് അനുബന്ധിച്ച് വന്ന വ്യവഹാരങ്ങൾ.
 • 2011 തിരഞ്ഞെടുപ്പ് സമയത്ത് കൊടുത്ത വാഗ്ദാനങ്ങളായ മിക്സി, ഗ്രൈൻഡർ, റ്റിവി, ഫാൻ എന്നിവ കൊടുത്തതിന്റെ ചിലവ് അക്കൗണ്ടിൽ വരികയും, എന്നാൽ കമ്പനികൾക്ക് പണം കിട്ടിയില്ല എന്ന് കേസ് കൊടുക്കുകയും ചെയ്ത വിവരം വിവാദമായിരിക്കുന്നു.
 • മൊത്തത്തിൽ 7000+ കോടി രൂപയുടെ തിരിമറി
 • വിജയകാന്ത്

പുതിയ സഖ്യങ്ങൾ

മേൽ പറഞ്ഞത് പോലെ, 2016-ലെ തിരഞ്ഞെടുപ്പ് തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം ഒരു വ്യത്യസ്ഥമായ അനുഭവം ആയിരിക്കും. ഡിഎംകെ അല്ലെങ്കിൽ എഡിഎംകെ എന്ന അവസ്ഥയിൽ നിന്നും ഒരു പുതിയ ഓപ്ഷൻ – മക്കൾ നല കൂട്ടണി (People Welfare Front) വന്നിട്ടുണ്ട് എന്നതാണ്. സാധാരണയിൽ നിന്നും വ്യത്യസ്തമായി, രാഷ്ട്രീയ നിരീക്ഷകർ ഈ പുതിയ സഖ്യം മാറ്റം കൊണ്ടു വരുമോ എന്ന് നോക്കുന്നുണ്ട്.

2016 തിരഞ്ഞെടുപ്പിനായി ഇത് വരെ തീരുമാനമായ സഖ്യസ്ഥിതികൾ ഇങ്ങനെയാണ്.

എഡിഎംകെ+ മുന്നണി

 • അണ്ണാ ദ്രാവിഡ മുന്നേറ്റ്ര കഴകം
 • ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് (നടൻ കാർത്തിക്ക്)
 • റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ
 • സമത്വ മക്കൾ കട്ചി
 • തമിഴ്നാട് കൊങ്കു ഇളൈഞ്ജർ പേരവൈ
 • തമിഴക വാഴ്‌വുരിമൈ കട്ചി

ഡിഎംകെ+ മുന്നണി

 • ദ്രാവിഡ മുന്നേറ്റ്ര കഴകം
 • ഇന്ത്യൻ നാഷണൽ കോൺഗ്രസ്
 • മനിതനേയ മക്കൾ കട്ചി
 • ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
 • സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ

മക്കൾ നല കൂട്ടണി (People Welfare Front)

 • ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം
 • കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
 • കമ്യൂണിസ്റ്റ് പാർട്ട് ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
 • മറുമലർച്ചി ദ്രാവിഡ കഴകം
 • വിടുതലൈ സിറുത്തൈകൾ കട്ചി

National Democratic Alliance

 • ഭാരതീയ ജനതാ പാർട്ടി

സഖ്യങ്ങൾ പ്രഖ്യാപിക്കാത്ത പാർട്ടികൾ

 • കൊങ്കുനാട് മക്കൾ ദേശീയ കട്ചി
 • കൊങ്കുനാട് മുന്നേറ്റ്ര കഴകം
 • നാം തമിഴർ കട്ചി
 • പാട്ടാളി മക്കൾ കട്ചി
 • തമിഴ് മാനില കോൺഗ്രസ്സ്

ഈ സഖ്യങ്ങൾക്ക് ഇന്നത്തെ അവസ്ഥയിൽ എത്ര സീറ്റുണ്ട് എന്ന് നോക്കിയാൽ, എഡിഎംകെ സഖ്യത്തിനു തന്നെയാണ് മുൻതൂക്കം. 171 സീറ്റുകൾ. എന്നാൽ കഴിഞ്ഞ കാല ചരിത്രത്തിന്റെ വെളിച്ചത്തിൽ നോക്കിയാൽ അതിൽ പകുതിയിൽ കൂടുതൽ സീറ്റുകൾ എഡിഎംകെയിൽ നിന്നും വിട്ടു പോകാനുള്ളവയാണ്. വിജയകാന്തിന്റെ ഏറി വരുന്ന സ്വീകാര്യതയും കൂടി കണക്കിലെടുത്താൽ രണ്ട് മേജർ സഖ്യങ്ങൾക്കും ഭൂരിപക്ഷം കിട്ടുകയില്ല. മക്കൾ നലക്കൂട്ടണി വോട്ടുകൾ വിഭജിക്കും എന്ന് തന്നെയാണ് ഊഹിക്കാൻ കഴിയുന്നത്. അത് ശരിയാണെങ്കിൽ ഇത്തവണ മക്കൾ നലക്കൂട്ടണി തീരുമാനിക്കുന്ന ആളാകും ഭരിക്കുന്നത്.

ഇതിൽ ഒരു ക്യാച്ച് ഉള്ളത്, കഴിഞ്ഞ ആഴ്ച വരെ ഒരു സഖ്യത്തിലും ചേരുന്നില്ല എന്ന നിലപാടിൽ നിന്ന വിജയകാന്ത് PWF-ൽ ചേർന്നത് തന്നെ, മുഖ്യമന്ത്രി സ്ഥാനത്തിൽ കുറയാത്ത മര്യാദ തരാം എന്ന ഉറപ്പിന്മേലാണ്. അതിനാൽ തന്നെ, തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യങ്ങളിൽ ഡിഎംകെയുമായോ എഡിഎംകെയുമായോ കൂട്ടുകൂടാൻ PWF തീരുമാനിച്ചാൽ തമിഴകം കണ്ടതിൽ വച്ച് ഏറ്റവും awkward ആയ ഒരു രംഗമായിരിക്കും കരുണാനിധിയും, സ്റ്റാലിനും, ജയലളിതയും ഇരിക്കുമ്പോൾ മറ്റൊരാൾ മുഖ്യമന്ത്രി ആകുന്നത്!

ഇതിൽ തന്നെ പാട്ടാളി മക്കൾ കട്ചി പോലത്തെ ഈർക്കിൽ പാർട്ടികളെ പറ്റി ഞാൻ ഒന്നും പരാമർശിക്കാത്തത് മറ്റൊന്നും കൊണ്ടല്ല. ജാതി സ്പർദ്ദ ഒന്നുകൊണ്ട് മാത്രം ജീവിച്ചു പോകുന്ന ഒരു പാർട്ടിയാണ് പി.എം.കെ. അവർക്ക് മീറ്റിങ്ങുകളിൽ ശക്തി കാണിക്കലും ദുരഭിമാനക്കൊലകളും (മാർച്ച് 2016-ൽ കോയമ്പത്തൂരിൽ നടന്നതും, മുൻപ് ധർമ്മപുരിയിൽ ഇളവരസൻ എന്ന യുവാവിനെ കൊന്നതും ഉൾപ്പടെ) മാത്രമാണ് ഇത് വരെ സാധിച്ചിട്ടുള്ളത്. ഡി.എം.കെയുമായി സഖ്യം ഉണ്ടായിരുന്ന കാലത്ത് സീറ്റുകൾ ലഭിച്ചിരുന്നു – അൻപുമണി രാമദാസ് കേന്ദ്രമന്ത്രി വരെ ആയി. എങ്കിലും സംസ്ഥാനരാഷ്ട്രീയത്തിൽ വലിയ ഒരു ശക്തിയാകാനൊന്നും പി.എം.കെ ആയിട്ടില്ല. ബിജെപിയും തമിഴ്നാട്ടിൽ ഒരു ശക്തിയല്ല- നാഗർകോവിൽ ഒഴികെ.

ഡി.എം.കെയുടെ ശക്തി കേന്ദ്രങ്ങളായ ചെന്നൈ, മദുരൈ-രാമനാഥപുരം ബെൽറ്റ് എന്നിവയിൽ പോലും പാർട്ടി നാമമാത്രമായി പ്രവർത്തിക്കുന്നു എന്നാണ് അവിടുന്നുള്ള സുഹൃത്തുക്കളുടെ അഭിപ്രായം. എന്തായാലും ഈ തിരഞ്ഞെടുപ്പ്, ചിലർക്കെങ്കിലും ഒരു എന്റർടെയ്നർ ആയിരിക്കും എന്ന് ഉറപ്പ്.

പൊതുവേ വിജയകാന്തിനെ കോമാളിയായിട്ടാണ് സോഷ്യൽ മീഡിയയും മെയിൻസ്റ്റ്രീം മീഡിയയും ചിത്രീകരിക്കുന്നതെങ്കിലും, ഒരു കാര്യം ചിന്തിച്ചാൽ ശരിക്ക് കോമാളി ആരാണെന്ന് മനസ്സിലാകും.

 

ഇതി സമാപ്തം

 


One response to “തമിഴ്നാട് തിരഞ്ഞെടുപ്പ് ഒറ്റ നോട്ടത്തിൽ”

Leave a Reply

Your email address will not be published. Required fields are marked *