ഭാരതത്തിന്റെ സിനിമയുടെയും രാഷ്ട്രീയത്തിന്റെയും ട്രാക്കില്‍ എന്നും ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ഒരു മനുഷ്യന്… സിനിമയും രാഷ്ട്രീയവും എന്ന് ഒരുമിച്ചു കാണുമ്പോള്‍ തന്നെ സംഗതി നടന്നത് തമിഴ്നാട്ടില്‍ തന്നെ എന്ന് പലരും ഊഹിച്ചുകാണും. അതെ, തമിഴ്നാട്ടില്‍ തന്നെ. ഭാഷാസ്നേഹത്തിന്റെ കാര്യത്തില്‍ പഞ്ചാബിയോടും ബംഗാളിയോടും പിടിച്ചു നില്ക്കാന് തമിഴരെ കഴിഞ്ഞേ വേറെ സമൂഹം ഉള്ളൂ… അങ്ങനത്തെ തമിഴ്നാട്ടില്‍, ഒരു മലയാളിക്ക് എത്ര ഉയരം വരെ എത്താന്‍ കഴിയും?? പറഞ്ഞു വന്നത് തമിഴകത്തിന്റെ സ്വന്തം മരുതൂര്‍ ഗോപാലന് രാമചന്ദ്രന് മേനോന് എന്ന എം.ജി.ആര്-നെ കുറിച്ചാണ്.
അന്തക്കാലം… 1917, ജനുവരി 17ആം തിയ്യതി, സിലോണിലെ മദ്ധ്യ പ്രവിശ്യയായ കാന്‍ഡിയിലെ നാവലപിടിയ എന്ന സ്ഥലത്താണ് ഗോപാല മേനോന്റെയും മരുതൂര്‍ സത്യഭാമയുടെയും മകനായി രാമചന്ദ്രന് പിറന്നത്. പൈതൃകം പാലക്കാട്ടുള്ള വടവന്നൂര്‍ എന്ന ഗ്രാമമാണെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം ശ്രീലങ്കയുലും തമിഴകത്തിലുമായാണ്. രാമചന്ദ്രന് കുട്ടിയായിരുന്നപ്പോള്‍ തന്നെ അച്ഛന് മരിച്ചുപോയി. കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അവന്റെ ജീവിതം. മുറയായ വിദ്യാഭ്യാസം ചെയ്യാനുള്ള സ്ഥിതി കുടുമ്പത്തില്‍ ഇല്ലാത്തതിനാല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ ‘ഒറിജിനല്‍ ബോയ്സ്’ എന്ന നാടക കമ്പനിയില്‍ ചേര്‍ന്നു. ആള് ഒരു മുരുക ഭക്തനായിരുന്നു.
രാമചന്ദ്രന് മൂന്നു തവണ വിവാഹിതനായി. ആദ്യം ഭാര്‍ഗ്ഗവി എന്ന യുവതിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ഏറെ നാള് കഴിയുന്നതിനു മുന്നേ തന്നെ അവര്‍ ശാരീരിക അസ്വാസ്ഥ്യങ്ങളാല്‍ മരിച്ചു പോയി. അതിനു ശേഷം സദാനന്ദവതിയെ വിവാഹം കഴിച്ചു. അവര്‍ ക്ഷയരോഗപീഡയാല് മരിച്ചു. അപ്പോഴേക്കും രാമചന്ദ്രന്, എം.ജി.രാമചന്ദ്രന് എന്ന പേരില്‍ എത്തിച്ചേര്‍ന്നു- സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. ഈ സമയത്താണ് ഒരു മുന്‍ നടിയായ ‘ജാനകി’യെ വിവാഹം ചെയ്യുന്നത്. അവരാകട്ടെ, അവരുടെ ഭര്‍ത്താവായ ഗണപതി ഭട്ടിനെ ഡിവോര്‍സ് ചെയ്തിട്ടാണ് എം.ജി.ആറിനെ വിവാഹം ചെയ്തത്.
1935-ല്‍ എല്ലിസ് ഡങ്കന്‍ (ഡിങ്കനല്ല) എന്ന സംവിധായകന് ഒരു തമിഴ് ചിത്രം ചെയ്തു- സതി ലീലാവതി. ഒരു നാടിന്റെ മുഴുവന്‍ തലയിലെഴുത്ത് മാറ്റി എഴുതുകയായിരുന്നു ഡങ്കന്‍ അന്നു ചെയ്തത്. കലാകാരന്റെ കഴിവ് ഇന്നല്ലെങ്കില്‍ നാളെ ലോകം അറിയും, എങ്കിലും ഡങ്കനാണ് അന്ന് അതു ചെയ്യാന്‍ നിയോഗിതനായത്! 1950-കളിലും 60-കളിലും എതിരികള്‍ ഇല്ലാത്ത ഒരു നായകനായിരുന്നു എം.ജി.ആര്. തമിഴ് സിനിമ എന്നു പറഞ്ഞാല്‍ എം.ജി.ആര്, എംജിആര്‍ എന്നു പറഞ്ഞാല്‍ തമിഴ് സിനിമ. അങ്ങനത്തെ കാലം.
ആദ്യകാലങ്ങളില്‍ രാജാക്കന്മാരുടെ കഥകളും ആക്ഷന്‍ സിനിമകളും മാത്രമായിരുന്നു എംജിയാറിന്റെ സിനിമകള്‍. പില്കാലത്ത് ജെമിനി ഗണേശനും ശിവാജി ഗണേശനും ഒക്കെ രംഗത്ത് വന്നപ്പോള്‍, ഒരു മത്സരമെന്ന പോലെ റൊമാന്സും, കുടുമ്പകഥകളുമൊക്കെ ചെയ്യാന്‍ തുടങ്ങി. അക്കാലത്ത് ശിവാജി ഗണേശന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു എംജിയാര്‍. പൊതുവേ പറഞ്ഞുകേള്‍ക്കുന്നത്, ശിവാജി ഗണേശന്റെ മാതാപിതാക്കള്‍ കടുത്ത എംജിആര്‍ ഫാനുകളായിരുന്നു അത്രെ. ഇതിനാല്‍ തന്നെ ശിവാജിയും എംജിയും തമ്മില്‍ ചില “ഹെല്‍തി ഫ്രിക്ഷനും“ ഉണ്ടായിരുന്നു.
1947-ല്‍ ഇപ്പൊഴത്തെ മുഖ്യമന്ത്രി മു. കരുണാനിധി എഴുതിയ ‘രാജകുമാരി’ എന്ന ചിത്രം മുതല്‍ അവര്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കള്‍ ആയിത്തീര്‍ന്നു. കരുണാനിധിയുടെ ചൊല്വീശും, എംജിയാറിന്റെ വാള്‍വീശും തമിഴ് സിനിമയില്‍ സൂപ്പര്‍ ഹിറ്റുകളുടെ ഒരു പെരുമഴ തന്നെ ഉണ്ടാക്കി. മലൈക്കള്ളന്‍, നാടോടി മന്നന് എന്നീ ചിത്രങ്ങള്‍ പുറത്തു വന്നതോടെ എംജിയാര്‍ ഒരു സൂപ്പര്‍ താരമായിക്കഴിഞ്ഞിരുന്നു.
സമാന്തരമായി പെരിയാര്‍ ശ്രീ ഈ.വി രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തില്‍ ദ്രാവിഡ മൂവ്മെന്റ് ശക്തിപ്പെട്ടു വരികയായിരുന്നു. അതിന്‍പടി, തമിഴരെ ഭരിക്കേണ്ടത് തമിഴര്‍ മാത്രമാണെന്നും, ബ്രാഹ്മണര്‍, ക്ഷത്രിയര്‍ തുടങ്ങിയ ജാതികളൊന്നും ദ്രാവിഡ ഇനത്തിലുള്ളതല്ലെന്നും ഉള്ള തിയറികളാണ് ശക്തിപ്പെട്ടു വന്നത്. കാര്യ കാരണങ്ങളോടെയാണ് പെരിയാര്‍ ഈ വിഷയത്തെ കൈകാര്യം ചെയ്തത്. അലക്കുകാരന് എന്നും അലക്കുന്നു, ചെരുപ്പുകുത്തി എന്നും ചെരുപ്പു നന്നാക്കുന്നു, ബ്രാഹ്മണര്‍ എന്നും സുഖലോലുപരായി ഗുമസ്തപ്പണികള്‍ ചെയ്ത് ജീവിക്കുന്നു. ഈ രീതി മാറ്റി, ജാതി ഭേദമന്യേ എല്ലാര്ക്കും എല്ലാ ജോലിയും ചെയ്യാനുള്ള അവസരം ഒരുക്കുക എന്നതായിരുന്നു ‘ദ്രാവിഡ കഴകം‘ എന്ന സംഘടനയുടെ ലക്ഷ്യം. കരുണാനിധി മുന്നേ തന്നെ പെരിയാറിന്റെ ഒരു ഫോളോവര്‍ ആയിരുന്നു. അങ്ങനത്തെ അവസരത്തില്‍, എംജിയാറും, കരുണാനിധിയും പെരിയാറിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയി. പെരിയാറിന്റെ വാക്കുകളില്‍ ആകൃഷ്ടരായി ഇരുവരും രാഷ്ട്രീയ/സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങി. സ്വാതന്ത്ര്യ ശേഷം, ദ്രാവിഡ കഴകത്തിന് ഒരു രാഷ്ട്രീയ മാനമുണ്ടായി. പലരും സ്ഥാനമോഹികളായി മാറി. പക്ഷേ, സ്ഥാനമാനങ്ങള്‍ പ്രത്യയശാസ്ത്രത്തെ അട്ടിമറിക്കും എന്ന് വിശ്വസിച്ച പെരിയാര്‍, ദ്രാവിഡര്‍ കഴകം ഒരു സാമൂഹ്യ പ്രസ്താനം മാത്രമാക്കി തുടര്‍ന്നു. രാഷ്ട്രീയത്തില്‍ താല്പര്യമുണ്ടായിരുന്ന, അണ്ണാദുരൈ മുതലായവര്‍ ദ്രാവിഡര്‍ കഴകത്തിന്റെ ഒരു ശാഖയായി മാറി- “ദ്രാവിഡ മുന്നേറ്റ്ര കഴകം“-ഡി.എം.കെ രൂപീകരിച്ചു. അതുവരെ ഖദറുടുത്ത് കോണ്‍ഗ്രസ്സിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന എംജിയാര്‍, അന്നു മുതല്‍ ദ്രാവിഡ മുന്നേറ്റ്ര കഴകത്തിന്റെ പ്രവര്‍ത്തകനായി. എങ്കിലും പെരിയാറിന്റെ “പകുത്തറിവാളര്” (നാസ്തികന്-നിരീശ്വരവാദി) തിയറിയില്‍ എംജിയാറിനു വിയോജിപ്പുണ്ടായിരുന്നു.
ഡീ.എം.കെയുടെ രാഷ്ട്രീയ പ്രചാരണ വേളകളില്‍, എംജിയാര്‍ എന്നും ഒരു ഗ്ലാമര്‍ താരമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, രാജാപ്പാര്‍ട്ട് വേഷമിട്ട് സിനിമകളില്‍ വന്ന് നന്മകള് ചെയ്യുന്ന എംജിയാറിനെ വച്ച് ഡീ.എം.കെ നല്ല ഒരു ഗെയ്ം കളിക്കുകയായിരുന്നു. 1962-ലെ തിരഞ്ഞെടുപ്പില്‍ ഡീ.എം.കെ, തമിഴകം തൂത്തുവാരി!
പാര്‍ട്ടിയിലെ എംജിയാറിന്റെ സ്വാധീനവും ശക്തിയും വര്‍ദ്ധിച്ചു വരുന്നത് കരുണാനിധിക്ക് അനുകൂലമല്ലാത്തതിനാല്‍, ഒരു ഗൂഢാലോചനയുടെ ഭാഗമായി 1967-ല്‍ ഒരു ഷൂട്ടിങ്ങിനിടെ എംജിയാര്ക്ക് വെട്റ്റിയേറ്റു. ഉണ്ട സ്ഥിരമായി തൊണ്ടയില്‍ കുടുങ്ങിയത് കാരണം അദ്ദേഹത്തിന്റെ ശബ്ദം പോയി (അതിനു ശേഷം അഭിനയിച്ചൊരു പടത്തിലെ നായികയെ “കെഴവി കെഴവി” എന്നാണ് വിള്ലിച്ചിരുന്നത്! ശരിക്കും കഥാപാത്രത്തിന്റെ പേര് “കയല്‍വിഴി” എന്നായിരുന്നു!). ആശുപത്രിക്കിടക്കയില്‍ നിന്നു തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എംജിയാര്‍, വിജയിച്ച് മുഖ്യമന്ത്രിയായിട്ടേ നിര്‍ത്തിയുള്ളൂ! തനിക്കെതിരെ നിന്ന സ്ഥാനാര്‍ത്ഥിയ്ക്കു കിട്ടിയതിന്റെ ഇരട്ടി വോട്ടുകളുടെ വ്യത്യാസത്തില്‍ എംജിയാര്‍ ജയിച്ചു. ചെന്നൈയിലെ സെന്റ് തോമസ് മൌണ്ട് നിയോജകമണ്ഡലത്തില്‍ നിന്നും ആദ്യ തിരഞ്ഞെടുപ്പ് വിജയം- എം.എല്‍.ഏ സ്ഥാനം. പിന്നീട് തന്റെ രാഷ്ട്രീയ ബാങ്ക് ബാലന്‍സ് ചെക്ക് ചെയ്യേണ്ടി വന്നിട്ടില്ല എംജിയാറിന്. 1969-ല്‍ രാഷ്ട്രീയാചാര്യന് സി.എന്‍.അണ്ണാദുരൈ മരിച്ചപ്പോള്‍ കരുണാനിധി മുഖ്യമന്ത്രി ആവുകയും, എംജിയാര്‍ ഡി.എം.കെയുടെ ഖജാഞ്ജി ആവുകയും ചെയ്തു. ഖജാഞ്ജി സ്ഥാനത്തെത്തിയ എംജിയാര്‍ പല കുഴപ്പങ്ങളും കണ്ടു. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും പണം പാര്‍ട്ടി ഖജനാവിലേക്ക് ഒഴുകുന്നതായിരുന്നു ഏറ്റവും വലിയ കുഴപ്പം! പാര്‍ട്ടിയുടെ കണക്കുകള്‍ പബ്ലിക്കിന് പ്രസിദ്ധീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച എംജിയാറിനു കുറച്ചൊന്നുമല്ല വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നത്. അത് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് വരെ കൊണ്ടെത്തിച്ചു. സംഭവം നടക്കുന്നത് 1972.
വിധി! പാര്‍ട്ടി പിളര്‍ന്നു. അണ്ണാ ദ്രാവിഡ മുന്നേറ്റ്ര കഴകം (ആതിമൂകാ) പിറന്നു. 1977-ലെ

തിരഞ്ഞെടുപ്പില്‍ മത്സരിച്ച എംജിആര്‍, മുഖ്യമന്ത്രിയായി. 77 മുതല്‍ മരിക്കുന്നത് വരെ, അതായത് 87 വരെ അദ്ദേഹം തന്നെയായിരുന്നു തമിഴക മുതലമൈച്ചര്‍! എംജിയാര്‍ ജീവിച്ചിരുന്ന കാലത്തോളം ഏഡിയെംകേ ഒരു തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. അണ്ണാദുരയും, കരുണാനിധിയുമൊക്കെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചു മാത്രമേ ഉള്ളൂ… ആ കണക്കില്‍, മുഖ്യമന്ത്രിയായ ആദ്യ സിനിമാ നടന് എംജിയാര്‍ തന്നെ.
മുഖ്യമന്ത്രിയായ നടന്, അക്ഷരാര്‍ത്ഥത്തില്‍ ഒരു രാജാവായി ജീവിക്കുകയായിരുന്നു. തന്റെ സിനിമകളിലെ നല്ലവരായ രാജാക്കന്മാരിലൂടെ ജനങ്ങള്‍ക്ക് കൊടുത്ത എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ ഒരു മുഖ്യമന്ത്രിയായിരുന്നു എംജിയാര്‍. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്- കല്വിപ്പേരൊളി-കര്മ്മവീരര് കാമരാജന്‍ തുടക്കമിട്ട -“സത്തുണവുത്തിട്ടം” പുനഃരാരംഭിച്ചു എന്നതാണ്. സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ പോഷകാഹാരങ്ങള്‍ കൊടുക്കുക എന്നതാണത്. ഉദ്യോഗസ്ഥര്‍ ഇതിന്റെ ചിലവ് വളരെ കൂടുതലാണെന്ന് പറഞ്ഞപ്പോള്‍, “കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത് കാരണം ഈ നാട് മുടിഞ്ഞു പോയാല്‍ അങ്ങു പോട്ടെ” എന്ന് പറഞ്ഞത്രേ!! എത്ര മുഖ്യമന്ത്രിമാര്‍ ഇങ്ങനത്തെ ഉറച്ച തീരുമാനങ്ങള്‍ എടുക്കും? (അച്ചുമാമാ… ഇവിടെ ഉണ്ടോ?) സ്ത്രീകള്‍ക്കായി പ്രത്യേക ബസ്സുകള്‍ തുടങ്ങിയതും എംജിയാര്‍ തന്നെ. സിനിമാ തൊഴിലാളികളുടെ കുട്ടിക്കള്‍ക്കായി കോടമ്പാക്കത്ത് ഒരു സൌജന്യ പള്ളിക്കൂടം തുറക്കുകയും ചെയ്തു.
സ്വകാര്യ ജീവിതത്തില്‍ മറ്റൊരു വ്യക്തിയായിരുന്നു എംജിയാര്‍! ഇദ്ദേഹം ആള് നല്ലവനാണോ അതോ വില്ലനാണൊ എന്നു തോന്നിക്കുന്ന രീതിയിലായിരുന്നു ഏര്‍പ്പാട്. ടി.നഗറിലും രാമാവരത്തും ഓരോ വീടുകള്‍ ഉണ്ട്. രാമാവരത്തെ ബംഗ്ലാവില്‍ സ്വന്തമായി അടിയാളുകളും മറ്റുമൊക്കെയായി ഒരു സമാന്തര കോടതി തന്നെ ആശാന് നടത്തി വന്നിരുന്നു. തന്റെ നയങ്ങള്‍ക്ക് കുറുകേ നില്‍ക്കുന്നവരെ തട്ടി ഓടയില്‍ (കൂവം നദി) കളയുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു അത്രേ! എംജിയാര്‍-ജാനകി

കുടുമ്പത്തിനു കുട്ടികള്‍ ഇല്ലായിരുന്നു. പക്ഷേ എംജിയാറിനു ആവശ്യത്തിലേറേ കുറ്റികള്‍ 😉 ഉണ്ടായിരുന്നു! എംജിയാറിന്റെ സ്ഥിരം കുറ്റികളില്‍ ഒന്നായ ലത എന്ന സൈഡ് നടിയെ ഒരിക്കല്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ട്രൈ ചെയ്യുകയും, ഇതറിഞ്ഞ എംജിയാര്‍ രജിനിയെ രാമാവരം ബംഗ്ലാവില്‍ 3 ദിവസം ഭക്ഷണവും വെള്ളവും കൊടുക്കാതെ നല്ല മേട് കൊടുത്തുവെന്നും ജനസംസാരം. ഇതിനു ശേഷമാണത്രേ രജിനി ഇടക്കിടെ ഹിമാലയത്തില്‍ പോയി തപസ്സിരിക്കുന്നത്! 🙂 അതേ പോലെതന്നെ മറ്റൊരു കുറ്റിയായിരുന്ന മഞ്ജുളയെ (അതെ നമ്മടെ ഭുവനേശ്വരിയുടെ ലിസ്റ്റില്‍ ഉള്ള മഞ്ജുള) വിജയകുമാര്‍ അടിച്ചോണ്ടു പോയി കെട്ടി, നേരെ എംജിയാറിന്റെ കാലില്‍ വീണു എന്നും, മഞ്ജുളക്കു വേണ്ടി വിജയകുമാറിനെ വെറുതേ വിട്ടു എന്നും ജനസംസാരം! സത്യാവസ്ത എംജിയാറിനു മാത്രം അറിയാമായിരിക്കും.
എംജിയാര്‍ തന്റെ സ്വത്തിന്റെ ഏറിയ പങ്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്തു. തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന അരക്കിലോ സ്വര്‍ണ്ണത്തിലുണ്ടാക്കിയ ഒരു വാള് കൊല്ലൂര്‍ മൂകാമ്പികാ ക്ഷേത്രത്തില്‍ ദാനമായി കൊടുത്തു!
1984-ല്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്ന്, അമേരിക്കയിലുള്ള ബ്രൂക്ലിന്‍ മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റായ എംജിയാര്‍, അവിടിരുന്നു തന്നെ തിരഞ്ഞെടുപ്പിനെ നേരിട്ടു! ഒരിക്കല്‍ പോലും പ്രചരണത്തിനായി ഇന്ത്യയില്‍ വന്നില്ല. ഇവിടുത്തെകാര്യങ്ങളൊക്കെ ജയലളിതയും, ജാനകിയും പ്രോക്സി ചെയ്തു. തിരഞ്ഞെടുപ്പില്‍ ഡി.എം.കെ-ക്ക് ജയിക്കാന്‍ വേറേ മാര്‍ഗ്ഗമില്ലാതെ, അമേരിക്കയില്‍ വച്ച് എംജിയാര്‍ മരിച്ചുപോയി എന്നു വരെ വദന്തികള്‍ പരത്തി! എന്നിട്ടും എംജിയാര്‍ തന്നെ തിരഞ്ഞെടുപ്പ് ജയിച്ചു! 1987 ഡിസമ്പര്‍ 24, ക്രിസ്തുമസ് ഈവില്‍, എംജിയാര്‍ മരിച്ചു. ആ മരണം, തമിഴ്നാട്ടില്‍ വന്‍ നാശം വിതച്ചു. അക്രമികള്‍ (എന്തിനെന്നറിയാതെ) കടകളും തിയേറ്ററുകളും തല്ലിപ്പൊളിക്കുകയും, കത്തിച്ചു കളയുകയും ചെയ്തു. സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു, ഷൂട്ട്-അറ്റ്-സൈറ്റ് ഓര്‍ഡറുകള്‍ ഇറക്കി… വേറെ വഴിയില്ലാതെ. അതെ, അഭിനയത്തിന്റെയും, രാഷ്ട്രീയത്തിന്റെയും ഐക്കണ്‍ ആയ എംജിയാറിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ഒന്നോ രണ്ടോ അല്ല, പത്തുലക്ഷത്തില്പരം ആളുകളാണ്. സംസ്കാര ചടങ്ങുകള്‍ക്കിടയില്‍ അക്രമത്തില്‍ മരിച്ചവര്‍ 29 പേര്. 47 പൊലീസുകര്‍ക്ക് ഗുരുതരമായ പരിക്കുകളും… ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിന്റെയും അന്ത്യകര്‍മ്മത്തിന് ഇത്ര വലിയ ജനക്കൂട്ടം ഉണ്ടായിക്കാണില്ല (ഗാന്ധിജി ഒരു രാഷ്ട്രീയക്കാരനല്ല)!

പക്ഷേ, തമിഴകത്തിന്റെയോ, എംജിയാറിന്റെയോ കഥ ഇവിടെ തീരുന്നില്ല… വീണ്ടും എന്നെങ്കിലും ഇതിന്റെ ബാക്കി എഴുതും.
(ചില കാര്യങ്ങളൊക്കെ ടാക്സി ഡ്രൈവര്‍മാരോടും, മറ്റ് സുഹൃത്തുക്കളോടുമൊക്കെ സംസാരിച്ചപ്പോള്‍ അറിഞ്ഞ കാര്യങ്ങളാണ്. പ്രോപ്പര്‍ ഓതന്റിസിറ്റി അവകാശപ്പെടുന്നില്ല.)