ആദിമ കാലങ്ങളില്‍ മനുഷ്യ സമൂഹത്തിന് കൃഷിയും കച്ചവടവും മാത്രമായിരുന്നു മാത്രമായിരുന്നു തൊഴില്‍. കാലപ്പോക്കില്‍, ഓരോ തൊഴിലിനും പ്രത്യേക കഴിവുള്ളവര്‍ ഉണ്ടായി. അങ്ങനെ കൃഷിക്കാരനും കച്ചവടക്കാരനും വേട്ടക്കാരനും ഒക്കെ ഉണ്ടായി. സംസ്കാരികമായ പുരോഗതിയോടൊപ്പം വൈവിധ്യമാര്‍ന്ന തൊഴിലുകളും വന്നെത്തി. അങ്ങനെ കൊല്ലനും ആശാരിയും ഉണ്ടായി. ഇങ്ങനെ, തൊഴില്‍ വിദഗ്ധര്‍ ഉണ്ടായപ്പോള്‍ സാമൂഹ്യ പുരോഗതിയും ഉണ്ടായി.
ശതവാഹന രാജവംശത്തിന്റെ കാലത്ത് തന്നെ തൊഴില്‍ അടിസ്ഥാനമാക്കി സമൂഹത്തില്‍ തരം തിരിവുകള്‍ ഉണ്ടായിരുന്നു. ആ രാജവംശം കാലക്രമേണ മണ്മറഞ്ഞു പോയി. പ്രധാനമായും, ബ്രാഹ്മണര്‍ ആത്മീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും സമൂഹത്തിന്റെ മേല്‍തട്ടിലാവുകയും ചെയ്തു. അതിനര്‍ത്ഥം കീഴ്ജാതിയില്‍ പെട്ടവരെ ഹിന്ദു മതം തള്ളിപ്പറയുന്നു എന്നല്ല. ഏറ്റവും നല്ല ഉദാഹരണം, വ്യാസന്. വ്യാസന് ഒരു മുക്കുവ സ്ത്രീയുടെ മകനായിരുന്നു. അതേ വ്യാസന് തന്നെയാണ് വേദോപനിഷത്തുക്കളും, മഹാഭാരതവും എഴുതിയതും.
ഒരു നവജാത ശിശുവിന്റെ വര്‍ണ്ണം ജ്യോതിശാസ്ത്രപരമായാണ് നിശ്ചയിക്കപ്പെടുന്നത്. അല്ലാതെ പാരമ്പര്യം അല്ല. ഒരു ശൂദ്രന് ജനിക്കുന്ന കുട്ടി ബ്രാഹ്മണനാകാം. മറിച്ചും. പൊതുവേ വര്‍ണ്ണം എന്നത് പാരമ്പര്യമായി തെറ്റിധരിക്കപ്പെട്ട് വരുന്നു.
വര്‍ണ്ണം എന്നത് തൊഴില്‍പരമായ തരം തിരിക്കലാണ്. ആ തരം തിരിക്കല്‍ സമൂഹത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒരു ഊക്കം ആണ്. ഭാഗ്യദോഷത്തിന് ഇന്ന് ഈ വ്യവസ്ഥയെ അതിന്റെ അര്‍ത്ഥത്തിലല്ല ആരും കാണുന്നത്. വര്‍ണ്ണങ്ങളെ കുറിച്ചുള്ള ഏറ്റവും പഴയ തെളിവുകള്‍ കിട്ടുന്നത് ഋഗ്വേദത്തിലെ പുരുഷ സൂക്തത്തില്‍ (10.90) നിന്നാണ്.
मुखं किमस्य कौ बाहू का ऊरू पादा उच्येते ॥
ब्राह्मणो अस्य मुखमासीद बाहू राजन्यः कर्तः ।
ऊरूतदस्य यद वैश्यः पद्भ्यां शूद्रो अजायत ॥
‘ബ്രാഹ്മണന് മഹാപുരുഷന്റെ വായില്‍ നിന്നും, ക്ഷത്രിയന് കൈകളില്‍ നിന്നും, വൈശ്യന് തുടകളില്‍ നിന്നും, ശൂദ്രന് പാദത്തില്‍ നിന്നും വന്നു എന്നാണ്. പുരുഷനെ ഒരു സമൂഹമായി കണ്ടാല്‍ അത് മനസ്സിലാവുകയും ചെയ്യും. എന്നും ഈശ്വര കാര്യങ്ങള്‍ക്കാണ് നാം ഭാരതീയര്‍ പ്രാധാന്യം നല്‍കിയത്. അതു കൊണ്ട് തന്നെ അത് വദനസ്ഥിതമായി. ക്ഷത്രിയം എന്നത് ബലമാണ്. വണികമാണ് ഒരു നാടിന്റെ സാമ്പത്തിക ശക്തി. അതുകൊണ്ടാണ് സമൂഹം പുരോഗതിയിലേക്ക് നടക്കുന്നത്. സേവനമാണ് എല്ലാത്തിനും അടിസ്ഥാനം. അല്ലാതെ ബ്രാഹ്മണന് മുഖത്തു നിന്നും ഉണ്ടായതിനാല്‍ പാദത്തില്‍ ഉണ്ടായ ശൂദ്രന് ഒരിക്കലും താഴ്ന്നവനാകുന്നില്ല. കാരണം ഈശ്വരന്റെ പാദത്തിനേക്കാള്‍ മഹത്തരമല്ല മുഖം, മുഖത്തേക്കാള്‍ ഒട്ടും തന്നെ കുറഞ്ഞതല്ല പാദം. കാരണം ഈശ്വരന് അനാദിയാണ്, ഈശ്വരനില്‍ നിന്നാണ് എല്ലാരും ഉണ്ടായത്.‘- ഇത് പുരുഷ സൂക്തം പറയുന്നത്.
ഈ നാല് ഭാഗവും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമൂഹത്തിന്റെ സുസ്ഥിരത നിലനില്‍ക്കൂ. ഇവിടെയാണ് കര്‍മ്മത്തിന്റെ പ്രാധാന്യം വരുന്നത്. ഓരോരുത്തരും അവരവരുടെ കര്‍മ്മത്തോട് ഉത്തരവാദപ്പെട്ടിരിക്കുന്നു.
വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ എന്നാല്‍ സമൂഹത്തിനെ എങ്ങിനെ തരം തിരിച്ചിരിക്കുന്നു, ഓരോരുത്തരുടെയും ജീവിതത്തെ എങ്ങനെ പകുത്തിരിക്കുന്നു എന്നതാണ്. തരംതിരിവുകള്‍ ഇങ്ങനെ:
* ബ്രാഹ്മണന്- “അറിവുള്ളവന്” (അദ്ധ്യാപകന്, വൈദ്യന്, ഭാഷാപണ്ഡിതന്‍…)
* ക്ഷത്രിയന്- “ധൈര്യമുള്ളവന്” (രാജാവ്, പടയാളി…)
* വൈശ്യന്- “(കച്ചവട) ബുദ്ധിയുള്ളവന്”
* ശൂദ്രന്- “സേവന സന്നദ്ധത്യുള്ളവന്”
മേല്‍പ്പറഞ്ഞതിന്റെ അര്‍ത്ഥം, ബ്രാഹ്മണനു മാത്രമേ അറിവുള്ളൂ ക്ഷത്രിയനു മാത്രമേ ധൈര്യമുള്ളൂ എന്നല്ല. മറിച്ച് അറിവുള്ളവന് ആരായാലും അവന് ബ്രാഹ്മണനാണ്. ധൈര്യമുള്ളവന് ആരായാലും അവന് ക്ഷത്രിയനാണ്.
ആശ്രമങ്ങള്‍ എന്നത് ഒരു മനുഷ്യന്റെ ജീവിതത്തെ നാലായി തിരിച്ചതാണ്. ഒരു മനുഷ്യായുസ്സ് 100 വയസ്സ് എന്ന മുന്‍വിധിയിലാണ് ആശ്രമ വ്യവസ്ഥ. ഓരോ ആശ്രമത്തിലും കര്‍മ്മങ്ങള്‍ ഓരോന്നാണ്. അതിങ്ങനെ:
* ബ്രഹ്മചര്യം: വിദ്യാഭാസം
* ഗൃഹസ്താശ്രമം: ലൌകികം, കുടുമ്പം, തൊഴില്‍
* വാനപ്രസ്ഥം: വിശ്രമ ജീവിതം
* സന്യാസം: ഈശ്വര സാക്ഷാത്കാരം (സം=സര്‍വ്വം, ന്യാസം=ഉപേക്ഷിക്കുക)
ആശ്രമങ്ങളിലെ ഉത്തരവാദിത്തങ്ങളാണ്, ഹിന്ദു മതം എന്നും ഉയര്‍ത്തി പിടിച്ചിട്ടുള്ള “ധര്‍മ്മം”. ഈ ആശ്രമങ്ങള്‍ വര്ണ്ണത്തിന് അതീതമാണ്. എല്ലാ വര്‍ണ്ണജരും ആശ്രമം അനുഷ്ടിക്കേണ്ടവരാണ് എന്ന് യജുര്‍വ്വേദം ഉപദേശിക്കുന്നു. കാലപ്പോക്കില്‍, പുരുഷസൂക്തത്തെ പലരും തെറ്റായി വ്യാഖ്യാനിക്കുകയും ഉണ്ടായി.
ഹിന്ദു പുരാണങ്ങളില്‍ വളരെ പ്രധാനിയായ വിശ്വാമിത്ര മഹര്‍ഷി, ആദ്യകാലങ്ങളില്‍ രാജാവായിരിക്കുകയും (ക്ഷത്രിയന്), പില്കാലത്ത് ബ്രാഹ്മണനാവുകയും ചെയ്തു. അതുപോലെ തന്നെ വ്യാസന് മുക്കുവസ്ത്രീയുടെ (ശൂദ്രന്) പുത്രനായിരുന്നു. മതംഗ മഹര്‍ഷി ആദിവാസിയായിരുന്നു. അതിനാല്‍ തന്നെ വര്‍ണ്ണം എന്നത് പാരമ്പര്യത്തിലല്ല, മറിച്ച് കര്‍മ്മത്തില്‍ അധിഷ്ടിതമാണ്. ഇതിനെ കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ‘മനുസ്മൃതി”യില്‍ ഉണ്ട്.
(ചിലപ്പൊ ഒരു എപ്പിസോഡും കൂടി കാണും…)
(സാന്‍ഡോസ്, വേണേല്‍ വിക്കിയില്‍ ഇടാം…)