ഗൂഗിൾ തങ്ങളുടെ ഉല്പന്നങ്ങളിൽ കൊണ്ടുവരുന്ന നൂതനതയും ചാതുര്യവും കാലാകാലങ്ങളിൽ തെളിയിച്ചുകൊണ്ടിരിക്കുന്നുവെന്ന് തർക്കമില്ലാതെ അംഗീകരിക്കപ്പെടുന്ന ഒരു വസ്തുതയാണല്ലൊ. ആ വരിയിലെ ഏറ്റവും പുതിയതായ ഇൻഗ്രസ്സ് എന്ന മൊബൈൽ ഗെയ്മിനെ കുറിച്ച് കഴിഞ്ഞ പോസ്റ്റിൽ വിസ്തരിച്ചതിനാൽ ആവർത്തിക്കുന്നില്ല. ഗൂഗ്ഗിളിന്റെ ഓരോ ഉല്പന്നത്തിലും ഒരു പൊതുതാല്പര്യവും ഒരു വ്യാപാരതാല്പര്യവും ഉണ്ടാവും. മിക്കവാറും വ്യാപാരതാല്പര്യം എന്ത് എന്നതിൽ ഉപയോക്താവിനു വ്യക്തമായ അറിവ് ഉണ്ടാകും അല്ലെങ്കിൽ അത് സ്പഷ്ടമായിരിക്കും. ആ സ്പഷ്ടത ഇല്ലാത്ത ഉല്പന്നങ്ങളുടെ വ്യാപാര ഉദ്ദേശം വക്രമായ ഒന്നായിരിക്കും അല്ലെങ്കിൽ ഉപയോക്താവിന്റെ സ്വകാര്യതാക്ഷതം ഉണ്ടാക്കുന്ന ഉദ്ദേശം ആയിരിക്കും.
