Categories
Malayalam Posts

ഡഗ്ലസോഗ്രഫി – 2

ബാംഗളൂരില്‍ തവരക്കരയിലെ ഫ്ലാറ്റില്‍, ആന്റി-ക്ലോക്ക്‌വൈസ് ദിശയില്‍ തിരിയുന്ന ഫാനില്‍ നോക്കി മലര്‍ന്ന് കിടന്നപ്പോള്‍, അവന്‍ അറിയാതെ തന്നെ ഭൂതകാലത്തിന്റെ കിഴുക്കാംതൂക്കായ താഴ്വരകളിലേക്ക് കൂപ്പുകുത്തി.

അന്നൊരു വെള്ളിയാഴ്ച്ച. കമ്പനിയില്‍ പുതിയതായ് കുറേ പേര്‍ ജോയിന്‍ ചെയ്യുന്നു. പതിവ് പോലെ മുട്ടനാടുകളായിരിക്കും വരിക എന്ന് ബാച്ചി സമൂഹം തെറ്റിധരിച്ചു. എല്ലാരുടെയും പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് അനുപമ സൌന്ദര്യ ധാമങ്ങളായ തരുണീ മണികള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. രാവിലെ തന്നെ ശിവരാജന് മേലുദ്യോഗസ്തയുടെ ഓര്‍ഡര്‍ ലഭിച്ചു, പുതിയതായി കുറച്ച് പ്രൊബേഷനേര്‍സ് വരുന്നു. അവരുടെ ട്രെയ്നിങ് കാര്യങ്ങള്‍ നോക്കിക്കോണം. അങ്ങനെ ശിവരാജന്റെ ശിഷ്യഗണങ്ങളില്‍ അവരെയും ചേര്‍ക്കപ്പെട്ടു. ശിവരാജന്‍ ടീമിലെ ഒരു ജെന്റില്‍ മാന്‍ ആയതിനാല്‍, ആണ്‍കുട്ടികളായാലും, പെണ്‍കുട്ടികളായാലും, കലണ്ടര്‍ മനോരമ തന്നെ, ട്രെയ്നര്‍ ശിവരാജന്‍ തന്നെ. മൂന്ന് ആണ്‍കുട്ടികള്‍, നാലു പെണ്‍കുട്ടികള്‍. പാത്തുമ്മ, ഐശുമ്മ, കര്‍ത്യായനി പിന്നെ നമ്മുടെ നായിക അമ്മിണി പിള്ളൈ. അമ്മിണിയെ വര്‍ണ്ണിക്കാന്‍ ഡഗ്ലസ്സിനു മാത്രമായിരുന്നു അവകാശം. എന്തായാലും, ഡഗ്ലസില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഒരു പക്ഷെ മറ്റാരെക്കാളും ശിവരാജന് അത് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. കാരണം, സാധാരണ, വെള്ളമടിച്ച് കഴിഞ്ഞ് നടക്കാന്‍ പറ്റാതാവുമ്പോള്‍ ശിവരാജനാണ് ഡഗ്ലസിനെ ഉള്ളൂരുള്ള അവന്റെ വീട്ടില്‍ കൊണ്ടാക്കുന്നത്. ആ അവസരങ്ങളില്‍ മാത്രമേ അവര്‍ തമ്മില്‍ സംസാരിച്ചിരുന്നുള്ളൂ. അങ്ങനത്തെ ഡഗ്ലസ്, പുതിയ കുട്ടികള്‍ വന്നതോട് കൂടി ശിവരാജനോട് വളരെ അടുത്ത സൌഹൃദം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഡഗ്ലസ് വെള്ളമടിച്ചില്ലെങ്കിലും, കണ്ണ്…

മറ്റൊരു മാറ്റം, അന്ന് വരെ നികിതാസില്‍ നിന്നും കലവറയില്‍ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഡഗ്ലസ്, വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ഓഫീസില്‍ കൊണ്ട് വന്ന് കഴിക്കാന്‍ തുടങ്ങി. ഊണ് കഴിഞ്ഞ് കവടിയാര്‍ കവലയിലെ ജ്യൂസ് കടയില്‍ പോയി ജ്യൂസ് കുടിക്കുന്ന ഒരു പുതിയ സ്കീമും നടപ്പില്‍ വരുത്തി. കാരണം അമ്മിണി പിള്ള ഇതൊക്കെ ചെയ്യുന്നു. ഇതൊക്കെ കൂട്ടുകാര്‍ ശ്രദ്ധിക്കാന്‍ അല്പം താമസിച്ചുപോയി എന്ന് തന്നെ പറയാം. പക്ഷേ, എന്നും ഡഗ്ലസിന്റെ മനസ്സില്‍ ലാലേട്ടനും മീനയും അഭിനയിച്ച പാട്ടുകള്‍ ഓടി നടക്കുകയായിരുന്നു.

“കണ്ണില്‍ മിന്നാട്ടം
മിന്നുന്ന തിളക്കം
കയ്യില്‍ തോണിപ്പാട്ടിന്‍
വള കിലുക്കം
മെയ്യില്‍ അന്തിക്ക് ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട
പൂക്കുല തോല്‍ക്കും ഗന്ധം…”

പാട്ടുകള്‍ തിരുവനന്തപുരം-കോട്ടയം-പാലായ്-മൂവാറ്റുപുഴ-തൃശ്ശൂര്‍ വഴി അതിധ്രുത വേഗത്തില്‍ പാഞ്ഞു.

ടിങ് ടോങ് ടിങ് ടോങ്….ടിങ് ടോങ് ടിങ് ടോങ്… ആരോ ഞെക്കിയ ഡോര്‍ ബെല്‍ ഡഗ്ലസിനെ സ്വപ്നലോകത്തു നിന്നും ഉണര്‍ത്തി. വാതില്‍ തുറന്നപ്പോള്‍ അനിലാണ്. അനില്‍- ‘എന്തടാ? നീ ഇന്ന് ഓഫീസില്‍ പോയില്ലെ?’. (ഹ്മ്മ്… ഓഫീസില്‍ അടുത്തടുത്ത് സീറ്റില്‍ ഇരിക്കുന്നവന്മാരാ… മനസ്സിലായല്ലൊ?) ഡഗ്ലസ്- ‘പോയിരുന്നു, നേരത്തേ ഇങ്ങു പോന്നു…; മനസ്സിനു നല്ല സുഖം ഇല്ല’. അത് പണ്ടേ ഇല്ലല്ലൊ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ദിനചര്യയുടെ അടുത്ത പടിയായ തീര്‍ത്ഥപാനത്തിനായി, അനില്‍ വേഷമൊക്കെ മാറി പുറത്തേക്ക് പോയി. സമയം പരപരാ ഇരുട്ടിത്തുടങ്ങി. മണി 7:00. ഏകാന്തത ഡഗ്ലസിനെ വല്ലാതെ വേട്ടയാടി. അവന്‍ ഒന്നുറപ്പിച്ചു. ഇതെന്റെ ജീവിതം. ഇപ്പൊ ഒരു തീരുമാനമെടുത്തില്ലെങ്കില്‍…. അവന്റെ മനസ്സില്‍ യുദ്ധത്തിന്റ്റെ പെരുമ്പറ മുഴങ്ങി. അതെ ഹൃദയമിടിപ്പ് തന്നെ. അവന്‍ സ്വന്തം മോട്ടറോള സെറ്റില്‍ വിരലോടിച്ചു. കുട്ടിയെ വിളിച്ചു. അങ്ങേ തലക്കല്‍ ഡയലര്‍ ടോണ്‍…

“പച്ചപ്പനന്തത്തേ… പുന്നാര പൂമുത്തേ…”

Categories
Malayalam Posts

ഡഗ്ലാസോഗ്രഫി – 1

സസ്യശാമള കോമള സുന്ദരമായ കേരളത്തിന്റെ ഭരണയന്ത്രം തലങ്ങും വിലങ്ങും തിരിയുന്ന തിരുവനന്തപുരം എന്ന നഗരത്തിന്റെ പ്രാ(ഭ്രാ)ന്ത പ്രദേശത്തുള്ള കവടിയാര്‍ എന്ന സ്ഥലത്ത് പ്ലുക്കോ, പ്ലുക്കോ എന്നൊരു സോഫ്റ്റ്വേറ് കമ്പനി ഉണ്ടാരുന്നു. അവിടെ ഡഗ്ലസ് ഡഗ്ലസ് എന്നൊരു പയ്യന്‍ ഉണ്ടായിരുന്നു. 2004-ല്‍ അവന്‍ ആ കമ്പനിയില്‍ ജോയിന്‍ ചെയ്തു. ജോയിന്‍ ചെയ്ത് അധികം കാലത്തിനു മുന്നേ തന്നെ അവന്‍ ഒരു എണ്ണം പറഞ്ഞ കുടിയനാണെന്ന് അറിവുള്ളവര്‍ മനസ്സിലാക്കുകയും, അതില്‍ അവന്റെ പ്രാഗദ്ഭ്യം തെളിയിക്കാന്‍ അവസരം ഒരുക്കു കൊടുക്കുകയും കൂടി ചെയ്തപ്പോള്‍, അവന്‍ പറയുന്ന വാക്കുകള്‍ ഹൃദയത്തില്‍ നിന്നും പോയിന്റ് – റ്റു – പോയിന്റ് ബസ്സ് ഓടിക്കുന്നത് പോലെയായിരുന്നു. ഡഗ്ലസ് പറഞ്ഞത് – “എടാ, ഞാന്‍ ഫസ്റ്റ് സെമെസ്റ്റര്‍-ല്‍ പഠിക്കുമ്പോള്‍ വളരെ നല്ല ഒരു പയ്യനായിരുന്നു. തേര്‍ഡ് സെമെസ്റ്റര്‍ ആയപ്പോള്‍ എല്ലാരും കൂടി പറഞ്ഞ് പറഞ്ഞ് എന്നെ കൊണ്ട് ബിയര്‍ അടിപ്പിച്ചു. പണ്ടൊക്കെ ഒരു ബിയര്‍ മതിയായിരുന്നു. ഇപ്പൊ നാല് ഹോട്ട് അകത്ത് ചെല്ലാതെ ഉറങ്ങാന്‍ പറ്റുന്നില്ല…” ഈ വാക്കുകള്‍ ഡഗ്ലസ് എന്ന മനുഷ്യന്റെ ആ നിഷ്കളങ്കമായ ഉപബോധമനസ്സിന്റെ സ്വച്ഛതയുടെ പ്രക്ഷാളനമാണ് (പുതിയ വാക്കാണ്).

കാലപ്രയാണത്തില്‍, ഡഗ്ലസ് തിരുവനന്തപുരത്തുകാരുടെ കണ്ണില്‍ ഒരു ഉണ്ണിയായി മാറുകയും, അന്നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥാ വിശേഷം ഉണ്ടാവുകയും ചെയ്തപ്പോള്‍, ബാംഗളൂരിലേക്ക് ചേക്കേറി. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നാണല്ലോ പണ്ട് ശാന്തീകൃഷ്ണാ പറഞ്ഞത്. അവന്‍ ബാംഗളൂരില്‍ എത്തിയപ്പോളാണ് തിരുവനന്തപുരത്ത് അവനെ സ്നേഹിച്ചിരുന്ന, അവനെ മാത്രം സ്നേഹിച്ചിരുന്ന, അവന്‍ സ്നേഹിച്ചിരുന്ന ഒരു ഹൃദയം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാ‍ം യാന്ത്രികമായിരിക്കും. മൈ നമ്പര്‍ ഈസ് 09841295707. (ഹാവൂ പീറ്റേഴ്സണ്‍ ഔട്ട് ആയി) അവന്‍ സ്വയം പറഞ്ഞു. പിന്നെ ചെയ്തതും യാന്തികം മാത്രം. “ബീയെസ്സെന്നെലും, മോട്ടോറോളായും ഈ പ്രേമത്തിനു സാക്ഷികള്‍” എന്നവന്‍ ഉറക്കെ തുറക്കേ പ്രഖ്യാപിച്ചൂ. ഫോണ്‍ബുക്കില്‍ നിന്നും അമ്മിണിയുടെ ഫോണ്‍ നമ്പര്‍ എടുത്തു. ആ നമ്പറും നോക്കി അവന്‍ ഒരു വീക്കെന്‍ഡ് കഴിഞ്ഞുകൂടി. മനസ്സില്‍ ഒരായിരം ചിത്രശലഭങ്ങള്‍ ഒരുമിച്ച് പറന്നുയര്‍ന്ന പോലെ. അവന്റെ മനസ്സില്‍ അവളിടെ മുഖം തികട്ടി വന്നുകൊണ്ടേ ഇരുന്നു, പഴകിയ മൈസൂര്‍ പാക്ക് തിന്ന പോലെ. അവളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവന്റെ മനസ്സില്‍ കവി ഭാവനകളുടെ ഉദാത്തമായ പല വര്‍ണ്ണങ്ങളും മിന്നി മറഞ്ഞു. നിലാവ്, പൂര്‍ണ്ണ ചന്ദ്രന്‍, നെയ്തലാമ്പല്‍, പാല്‍, പനിനീര്‍, ശിശു, ശൃംഗാരം, കിളിക്കൊഞ്ചല്‍, കാറ്റ്, ചന്ദനം, മുല്ലപ്പൂ… എന്നിങ്ങനെ പ്രണയത്തിന്റെ പല ഭാവങ്ങളും… പ്രേമത്തിന്റെ ഉത്തുംഗ ശൃംഗത്ത് നിന്നും അവന്‍ ലോകത്തെ പുതിയ ഒന്നിനെ പോല്‍ നോക്കിക്കണ്ടു, ആ കാമുക ഹൃദയം വെമ്പല്‍ കൊണ്ടു.-

“അറിഞ്ഞില്ല പൊന്നേ
ആരുമൊട്ടു പറഞ്ഞതുമില്ലാ
ദിനമൊട്ടു കഴിഞ്ഞുമില്ലാ
എങ്കിലും മനമൊട്ടൊഴിഞ്ഞുമില്ല…”

ബാംഗളൂരില്‍ തവരക്കരയിലെ ഫ്ലാറ്റില്‍, ആന്റി-ക്ലോക്ക്‌വൈസ് ദിശയില്‍ തിരിയുന്ന ഫാനില്‍ നോക്കി മലര്‍ന്ന് കിടന്നപ്പോള്‍, അവന്‍ അറിയാതെ തന്നെ ഭൂതകാലത്തിന്റെ കിഴുക്കാംതൂക്കായ താഴ്വരകളിലേക്ക് കൂപ്പുകുത്തി.

[ഞാന്‍ ചത്തില്ലെങ്കില്‍ ഇത് തുടരും… (എന്തൊരു അഹങ്കാരം.. ഹ്മ്മ്മ്)]