Categories
Malayalam Posts

ആപ്പ്‌ റൈസല്‍ ചിന്തകള്‍ (Appraisal)

മൈക്രോസോഫ്ട്‌ വേര്‍ഡ്‌-ന്റെ ഒരു ലൈസെന്‍സിന് കരമന മീന്ച്ചന്തയില്‍ നെത്തോലിക്ക് വില പറയുന്ന പോലെ ക്ലയന്ടുമായി ലേലം വിളിക്കുന്ന സോഫ്ട്വെയര്‍ കമ്പനികളെ…

നാല് പേര് ജോലി ചെയ്യുന്ന പ്രോജെക്‌റ്റില്‍ ടീം ലീഡ്‌, ടീം മാനേജര്‍, മോഡ്യൂള്‍ ലീഡ്‌, പ്രൊജക്റ്റ്‌ ലീഡ്‌, പ്രൊജക്റ്റ്‌ മാനേജര്‍, ഡെലിവറി മാനേജര്‍, എച്ചാര്‍ ഇങ്ങനെ കുറെ ലീടുമാരെ ഇട്ടിട്ടു, കോസ്റ്റ്‌ കട്ടിംഗ് എന്നും പറഞ്ഞു ടിഷ്യൂ പേപ്പര്‍-ന്റെ സൈസ് കുറയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനികളെ…

പത്തു മാസം കൊണ്ട് പ്രൊജക്റ്റ്‌ ഡെലിവറി ചെയ്യാം എന്ന് പറഞ്ഞിട്ട്, മൂന്നാല് വര്‍ഷമായാലും, ഒരു സിസേറിയന്‍ നടത്തിപ്പോലും ഡെലിവറി ചെയ്യാന്‍ പറ്റാത്ത പോലെ പ്രൊജെക്ടിനെ ബലാല്‍സംഗം ചെയ്യും സോഫ്റ്റ്‌വെയര്‍ കമ്പനികളെ…

ചോരയും നീരും ഉള്ള, കഴുത്തില്‍ ഐഡി കാര്‍ഡിട്ട, നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു റിസോഴ്സ് എഴുതുന്നത്…

Categories
Malayalam Posts

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍

Work pressure

[Disclaimer: This article is not intended to hurt any persons feelings. I am not writing anything fictional in this article. All are actuals as it felt for me. Zero percent drama, to my knowledge. This article is not intended to defame XXXXX Pvt. Ltd. in any sense, though it may look like. This is what I experienced in XXXXX Pvt. Ltd. XXXXX, if you people are reading this article, I am happy that you people could at least understand, how an employee was living there]

പുറത്തു നിന്നു നോക്കുന്നവര്‍ക്ക് ഐ.റ്റി മേഖല, ഒരു ഗ്ലാമര്‍ ഇന്‍ഡസ്ട്രി ആണ്. വാസ്തവത്തില്‍ അങ്ങിനെയാണോ? അല്ല എന്നാണ് എന്റെ 9+ വര്‍ഷത്തെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. അതിനാല്‍ തന്നെ, എനിക്ക് അറിയാവുന്ന പിള്ളാരോടൊക്കെ അപേക്ഷിക്കാറുണ്ട്, ഐ.റ്റി വേണ്ട, വേറെ വല്ല നല്ല പണിക്കും പോകാന്‍ . ചിലരൊക്കെ അതു കേട്ടു… ചിലര്‍ കേട്ടില്ല, ഇപ്പൊ അനുഭവിക്കുന്നു.

ഈ ലേഖനം ഇപ്പൊ എഴുതാനുണ്ടായ ചേതോവികാരം എന്താണെന്ന് എനിക്കറിയില്ല. ഒരുപക്ഷേ കഴിഞ്ഞ മൂന്നു വര്‍ഷമായി ആരോടെങ്കിലും പറയണം എന്ന് കരുതിയ ചില കാര്യങ്ങളാണ് ഇത്. ഞാന്‍ ആദ്യം ജോലി ചെയ്തിരുന്ന, തിരുവനന്തപുരത്തുള്ള XXXXX എന്ന കമ്പനിയില്‍ ഉണ്ടായ അനുഭവങ്ങള്‍ , അത് നല്ലതിനോ ചീത്തക്കോ, കുറേപ്പേര്‍ക്ക് ഒരു നല്ല പാഠമായിരുന്നു. ഒരു കാര്യം ആദ്യമേ പറഞ്ഞു വയ്ക്കട്ടെ, എല്ലാ കമ്പനിയും ചീത്ത കമ്പനി എന്നോ, എല്ലാ കമ്പനിയും നല്ല കമ്പനി എന്നൊ ഞാന്‍ പറയുന്നില്ല. ഇത് എനിക്കുണ്ടായ അനുഭവം മാത്രമാണ്. ഒരുപക്ഷേ, XXXXXലെ മാനജ്മന്റ് ഈ ബ്ലോഗ് കണ്ടേക്കാം. നിങ്ങളും മനസ്സിലാക്കുക. അവിടെ നിന്ന് ഞാന്‍ ഇറങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ എന്തായിരുന്നു എന്ന്. (എനിക്ക് വ്യക്തികളോട് വെറുപ്പില്ല)

ഒരു കമ്പനിയില്‍ ജോലിക്കു കേറുമ്പോള്‍ നമുക്ക് ചില പ്രതീക്ഷകളൊക്കെ ഉണ്ടാകും. Working environment, Friendly reporting authority, Transparency in dealing, Good salary, Freedom of thinking, Freedom of speech etc. എന്നാല്‍ മേല്‍പ്പറഞ്ഞവയില്‍ ഒന്നു പോലും എനിക്ക് കിട്ടിയില്ല എന്നതിലാണ് വിഷമം (ചെറുതാണെങ്കിലും കൃത്യസമയത്ത് തന്നെ ശമ്പളം അക്കൌണ്ടില്‍ എത്തും. അതും 2-3 വട്ടം തെറ്റി). ആ കമ്പനിയില്‍ ഞാന്‍ അഞ്ച് വര്‍ഷം ജോലി ചെയ്തു. ആദ്യത്തെ ശമ്പളം 3000 രൂപയായിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം അത് 7800 രൂപ വരെ പോയി. നല്ലത്… എനിക്ക് ശമ്പളത്തിന്റെ കാര്യത്തില്‍ അന്നും ഇന്നും പരാതികള്‍ ഇല്ല. ജീവിക്കാനുള്ളത് കിട്ടിയാല്‍ മതി. പക്ഷേ, മറ്റു ചില കാര്യങ്ങള്‍…

ശനിയാഴ്ച്ചയുള്‍പ്പടെ ഞങ്ങള്‍ ജോലി ചെയ്തിരുന്നു. കടലാസുകളില്‍ മാത്രം രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ജോലി ചെയ്തു. പക്ഷേ ഒരിക്കല്‍ പോലും സന്ധ്യാ സൂര്യനെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. എന്നും രാത്രി 9 മണി എങ്കിലും ആകാതെ വീട്ടിലേക്ക് പോകാന്‍ പറ്റില്ല. അത് മിനിമം ആണ്. സാധാരണ സമയം 11ഓ 12 ഒക്കെ ആണ്. പക്ഷെ രാവിലെ 9 മണിക്ക് ഓഫീസില്‍ ചെക്ക്-ഇന്‍ ചെയ്തില്ലെങ്കില്‍ ഹാഫ് ഡേ ലീവ് പോകും. പക്ഷേ ചെക്കൌട്ട്, ഓപ്പണ്‍ ആണ്. Always after 10pm! ആ കാലത്തൊക്കെ എന്റെ മറ്റു കൂട്ടുകാര്‍ സിനിമക്കു വരുന്നോ എന്ന് ചോദിക്കും… പക്ഷെ എന്റെ ടീം ലീഡ് ആശ എന്ന മഹിളാമണി ഒരിക്കല്‍ പോലും അനുവദിച്ചിട്ടില്ല… ഇനി ഇതിന്റെ പേരിലെങ്ങാനും പണി പോയാലോ എന്ന പേടി മാത്രമായിരുന്നു അന്ന് ഞാന്‍ അടിമയായി മാറിയത്. സുരേഷ് എന്ന പേരില്‍ ഒരു മാനേജര്‍ ഉണ്ട് ആ കമ്പനിയില്‍. ആള് ഒരു നല്ല മനുഷ്യനാണ് എങ്കിലും പീപ്പിള്‍ മാനജ്മന്റ്റ് 0 മാര്‍ക്ക്. തന്റെ റൂമിലേക്ക് വരുന്ന ഒരു കീഴുദ്യോഗസ്ഥനെ ഇരിക്കാന്‍ പറയുക എന്ന മാന്യത പോലും കാണിക്കാറില്ല.

എന്റെ സ്വന്തം വ്യക്തിത്വത്തെ ഇങ്ങനെ ചോദ്യം ചെയ്ത മനുഷ്യര്‍ ഇതു വരെ ഉണ്ടായിട്ടില്ല. ഒരിക്കല്‍ കമ്പനി സി.ഈ.ഓ വന്നപ്പോള്‍ കാണിക്കാനുള്ള പ്രസന്റേഷന്റെ ചുമതല എനിക്കായിരുന്നു. പക്ഷേ, അത് പ്രസന്റ് ചെയ്തപ്പോള്‍ പ്രിപ്പയര്‍ഡ് ബൈ പി.ജി.മുരളീധരന്‍ എന്ന പേരിലായിരുന്നു. ആ മനുഷ്യനോട് ഉണ്ടായിരുന്ന സകല ബഹുമാനവും അതോടെ പോയി. സത്യത്തില്‍, മുരളി ആശയോട് പ്രസന്റേഷന്‍ ഉണ്ടാക്കാന്‍ പറയുകയും, ആശ അത് എനിക്കിട്ടെ ഡെലിഗേറ്റ് ചെയ്യുകയും ആണ് ഉണ്ടായത്. ഒരിക്കലും ഞാന്‍ ചെയ്ത നല്ല ജോലിക്കുള്ള ക്രഡിറ്റ് എനിക്ക് കിട്ടിയിട്ടില്ല.

ആശയോട് എനിക്ക് പണ്ടേ മതിപ്പില്ല. മറ്റൊന്നും കൊണ്ടല്ല. ഒരു കാര്യം അറിയില്ല എങ്കില്‍ അത് സമ്മതിക്കുക. അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കുക; എന്നിട്ട് വാദിക്കുക. “ഞാന്‍ സര്‍വ്വജ്ഞ പീഠം കയറിയവള്‍” എന്ന് സ്വയം അഹങ്കാരിക്കുന്ന ഒരു സ്വഭാവം… ചിലപ്പോള്‍ സഹതാപം തോന്നും. ഇവരെന്താ ഇങ്ങനെ ആയിപ്പോയത് എന്ന്! ഞാന്‍ InstallShield എന്ന ടൂളിലാണ് പണിയാറ്. ആശക്ക് അതിനെക്കുറിച്ച് കാര്യമായ അറിവൊന്നും തന്നെ ഇല്ല. അത് എനിക്കുമറിയാം, ആശക്കുമറിയാം ആ കമ്പനിയിലെ എല്ലാര്‍ക്കും അറിയാം. ഒരിക്കല്‍ ഇന്‍സ്റ്റാളറിന്റെ ഐഡി കാരണം ഒരു ചില പ്രശ്നങ്ങള്‍ ഉണ്ടായി. അന്നേരം അത് ശരിയാക്കുക എന്ന ഗൌരവമേറിയ ഒരു പണിയാണ് ഞാന്‍ ചെയ്തിരുന്നത്. അതിനിടയ്ക്ക് വന്ന് സ്വന്തം മണ്ടന്‍ കോണ്‍സപ്റ്റുകള്‍ കുത്തി തിരുകാന്‍ ആശ ശ്രമിച്ചു. അവര്‍ പറയുന്നത് പോലെ ചെയ്യണമെങ്കില്‍ ഞാന്‍ അടുത്ത 2 മാസം അതേല്‍ പണിയേണ്ടി വരും. പക്ഷേ എന്റെ രീതിക്ക് ശരിയാക്കാന്‍ എനിക്ക് 2 മണിക്കൂര്‍ വേണ്ട. എന്ത് വന്നാലും ആശ പറയുന്ന കോണ്‍സപ്റ്റില്‍ പോകില്ല എന്നു ഞാനും അത് തന്നെ ചെയ്യണം എന്ന് ആശയും. സംഗതി എസ്കലേറ്റ് ആയി. ഒടുവില്‍ മാനേജര്‍ ആശയ്ക്കൊപ്പം നിന്നു. ആശ പറഞ്ഞ പോലെ ഞാന്‍ ചെയ്തു, 2 മാസം കൊണ്ട്. ഒടുവിലോ, ഡെലിവറി റിജക്റ്റഡ്! പിന്നെ, പഴയ കോഡ്  എടുത്ത് ശകലം ടിങ്കറിങ് ഒക്കെ ചെയ്ത് ഞാന്‍ ആരോടും ഡിസ്കസ് ചെയ്യാതെ അയച്ചു. അത് അക്സപ്റ്റ് ആവുകയും ചെയ്തു. അടുത്ത ചോദ്യം: ഇതെന്തു കൊണ്ട് സന്തോഷ് ആദ്യമേ ചെയ്തില്ല?

ഈ സംഭവം നടന്നു കഴിഞ്ഞ സമയത്താണ് പര്‍ഫോമന്‍സ് അപ്രൈസല്‍ എന്ന് നാടകം നടന്നത്…ഉടനെ കമ്പനി ചാടാന്‍ ശ്രമിക്കില്ലാ എന്നുള്ളവര്‍ക്കൊക്കെ സിറ്റുവേഷന്‍ അപ്രൈസല്‍ ആണ് നടന്നത്. മറ്റുള്ളവര്‍ക്കൊക്കെ ഒരു ഇടിത്തീ വാര്‍ത്തയും. കമ്പനി, ബോണ്ട് നടപ്പാക്കാന്‍ പോകുന്നു. ജോലിയില്‍ തുടരണം എന്നുള്ളവര്‍ പാസ്സ്‌പോര്‍ട്ടും, ഡിഗ്രീ സര്‍ട്ടിഫിക്കറ്റും കമ്പനിയില്‍ ഏല്‍പ്പിക്കണം. ഇല്ലെങ്കില്‍ ഒരു മാസത്തിനകം ടെര്‍മിനേറ്റ് ചെയ്യും. ലോകത്ത് ഒരു കമ്പനിയും ഇത്ര തറ പരിപാടി കാണിക്കില്ല! കാരണം അവിടെ ജോലിചെയ്യുന്ന പകുതി മുക്കാലാള്‍ക്കാരും പ്രാരാബ്ദക്കാരാണെന്ന് മാനജ്മന്റിനു നന്നായി അറിയാം. ഈ ബലഹീനതയെ അവര്‍ നന്നായിതന്നെ ചൂഷണം ചെയ്തു. ആ കമ്പനിയിലാകട്ടെ,50 ജോലിക്കാര്‍ക്ക് ഒരു ബ്രൌസിങ് മഷിന്‍ പോലും ഇല്ല. കമ്പനിയുടെ ഈ-മെയില്‍ ഐഡി ഇല്ല. ലോണ്‍ അപ്ലൈ ചെയ്യാനോ, ക്രെഡിറ്റ് കാര്‍ഡ് എടുക്കാനോ ലെറ്റര്‍ കൊടുക്കില്ല, കൊടുക്കാന്‍ ഹ്യൂമന്‍ റിസോഴ്സ് എന്ന ഒരു ടീം ഇല്ല. ഒരു ചായ കിട്ടില്ല. ഭക്ഷണ സമയത്ത് ആരും മിണ്ടാന്‍ പാടില്ല (കമ്പനി വിരുദ്ധമായി ആരും പ്രവര്‍ത്തിക്കാതിരിക്കാന്‍). ആരും മിണ്ടുന്നില്ല എന്ന് ഉറപ്പുവരുത്താനായിരിക്കണം, സുരേഷ് (പ്രൊജക്റ്റ് മാനജര്‍) ചില സമയം കഫറ്റേറിയക്കടുത്ത് വന്നിരിക്കാറുണ്ടായിരുന്നു, അതെന്തിനായിരിന്നു എന്ന് അദ്ദേഹത്തിനു മാത്രം അറിയാം. അത് പുറത്ത് പറയാത്തത് വരെ എല്ലാരും ഞാന്‍ വിചാരിച്ചത് പോലെ തന്നെ വിശ്വസിക്കും. ആരെങ്കിലും മൊബൈലില്‍ സംസാരിക്കുന്നത് കണ്ടാല്‍ ആശാ മാഡത്തിന്റെ വക ഫയര്‍ മെയില്‍ കിട്ടും. മൂത്രമൊഴിക്കാന്‍ പോകണമെങ്കില്‍ പോലും ടീം ലീഡിന്റെ അനുവാദം വാങ്ങണം. ഒന്നാലോചിച്ചു നോക്കൂ, 23 വയസ്സുള്ള ഞാന്‍ 32 വയസ്സുള്ള ആശയുടെ അടുത്ത് ചെന്ന് “എനിക്ക് മൂത്രമൊഴിക്കണം” എന്നു പറയുന്നതിലെ മാനസിക വിഷമവും ചമ്മലും! പിന്നെ ഉള്ളത് ലീവ് എന്ന തരികിട. എനിക്ക് ക്രഡിറ്റില്‍ ഉള്ള ലീവ് എടുക്കണമെങ്കില്‍ പെടുന്ന പാട് ദൈവം സഹിക്കില്ല (എനിക്കു മാത്രമല്ല, എല്ലാരുടേം കാര്യം തഥൈവ). ഒരിക്കല്‍, ഞാന്‍ ഞായറാഴ്ച് ജോലിക്ക് ചെന്നില്ല എന്ന കാരണത്തിന്, എന്റെ ഒരു ലീവ് കമ്പനി എടുത്തു. മൊത്തത്തില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ.

അന്നൊക്കെ ഞാന്‍ വീട്ടില്‍ ചെന്നിട്ട് കരയാറുണ്ടായിരുന്നു. സത്യത്തില്‍ അതൊക്കെ ഇന്ന് ആലോചിക്കുമ്പോള്‍ ഒരു തമാശയാണ്. എന്റെ പെര്‍ഫോമന്‍സ് അപ്രൈസല്‍ നടക്കുന്നതിന്റെ തലേന്ന് രാത്രി. ഞാന്‍ വീട്ടില്‍ വച്ച് ഭയങ്കരമായി കരഞ്ഞു. കാരണം- എന്നോട് ബോണ്ട് ചെയ്യാന്‍ പറയുമോ? പറഞ്ഞാല്‍ എനിക്ക് അതില്‍ താല്പര്യമില്ല. അപ്പൊ ഒരു മാസം കഴിഞ്ഞ് എന്നെ പിരിച്ചു വിടും. പിന്നെ എനിക്ക് ജോലി കിട്ടുമോ? ഇല്ലെങ്കില്‍ രാമുച്ചേട്ടനോട് (30 വയസ്സായിട്ടും ജോലിക്കൊന്നും പോകാത്ത എന്റെ ഒരു ബന്ധു) പെരുമാറുന്നത് പോലെ അല്ലേ എല്ലാരും എന്നോടും പെരുമാറൂ? മര്യാദ കെട്ടു ജീവിക്കുന്നതിലും ഭേദം മരിക്കുന്നതല്ലേ? എന്നിങ്ങനെ ഉള്ള ചോദ്യങ്ങളും ഓപ്ഷനുകളും കൂടി എനിക്കു ചുറ്റും നിന്നു കൊഞ്ഞനം കുത്തി. അന്ന് ഞാന്‍ കരഞ്ഞ് കരഞ്ഞ് ശ്വാസം മുട്ടി. പാതിരാത്രിക്ക് എന്നെ പി.ആര്‍.എസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിന്നെ നേരെ ചൊവ്വെ ശ്വാസം വിട്ടു തുടങ്ങിയപ്പോള്‍ എന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തു- അടുത്ത് ദിവസം രാവിലെ 6:30നു. അച്ഛനും അമ്മയും കരയുകയാണ്.. അവര്‍ എന്നെ ആശ്വസിപ്പിച്ചു, രാമുവല്ല സന്തോഷ് എന്ന് പറഞ്ഞു. ആ പ്രായത്തിനുള്ളില്‍, എന്നാലാകും വിധം കുടുമ്പത്തിന്റെ കടം മുക്കാലും ഞാന്‍ വീട്ടി എന്നതിനാലാവണം അവര്‍ അന്നങ്ങിനെ പറഞ്ഞത്. ഡിസ്ചാര്‍ജായ ദിവസം തന്നെ ഞാന്‍ ഓഫീസില്‍ എത്തി. അവിടെ എന്നെ കാത്തുനിന്നത് ഒരു കൂതറ രീതിയിലുള്ള അപ്രൈസല്‍ ആയിരുന്നു. കോണ്‍ഫറന്‍സ് റൂമില്‍ കയറിയ എന്നോട് ഒന്നും ചോദിച്ചില്ല. മുരളീധരനാണ് സംസാരിച്ചത്- “സന്തോഷിനു ഇപ്പൊ പഴയ ആത്മാര്‍ത്ഥത ഒന്നും ഇല്ല. അതുകൊണ്ട് 700 രൂപാ ഇന്‍‌ക്രിമന്റ്”. ഞാന്‍ തകര്‍ന്നു പോയി. 700 രൂപ എനിക്ക് അന്നും ഇന്നും രോമസമമാണ്. പക്ഷേ, ആത്മാര്‍ത്ഥത ഇല്ലാ എന്ന് പറഞ്ഞത് ഞാന്‍ സഹിക്കില്ല. ദൈവം ചിലപ്പൊ നമ്മുടെ അടുത്ത് വന്നു നിന്നിട്ട് പറയും അടിയെടാ അവനെ എന്ന്! സ്പോട്ടില്‍ ഞാന്‍ ഒരു കാര്യം വ്യക്തമാക്കി. “ദയവു ചെയ്ത് എനിക്ക് ഇപ്പൊ ഇന്‍‌ക്രിമന്റ് തരരുത്… എനിക്ക് എന്ന് ആത്മാര്‍ത്ഥത ഉണ്ടാകുന്നോ, അന്ന് തന്നാല്‍ മതി. ഒപ്പം മറ്റൊരു കാര്യം. ഞാന്‍ ഇനി അധികകാലം ഇവിടെ ജോലി ചെയ്യും എന്ന് തോന്നുന്നില്ല. അതുകൊണ്ട് വേറെ ആരെയെങ്കിലും കൂടി ഇന്‍സ്റ്റാള്‍ ഷീല്‍ഡ് പഠിപ്പിക്കുന്നത് നന്നായിരിക്കും”. എന്നെ ഞെട്ടിക്കാന്‍ നിന്നവരെ ഞാന്‍ ഞെട്ടിച്ചു.

എന്ത് ധൈര്യത്തിലാണ് ഞാന്‍ അന്ന് ആ വാക്കുകള്‍ പറഞ്ഞത് എന്നെനിക്കറിയില്ല. പക്ഷേ, ദൈവത്തില്‍ വിശ്വസിച്ചു പോകുന്നത് ഇമ്മാതിരി സന്ദര്‍ഭത്തിലാണ്.അന്നേ ദിവസം കഴിഞ്ഞ് 2 ആഴ്ചക്കുള്ളില്‍, എനിക്ക് ഭുബനേശ്വറിലുള്ള ഒരു കമ്പനിയില്‍ ജോലി കിട്ടി, 20000 രൂപ ശമ്പളം! എനിക്കപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ല. അന്നാണ് ഞാന്‍ സുരേഷിന്റെ റൂമില്‍, അദ്ദേഹത്തിനു എതിരെ കസേരയില്‍ ഇരിക്കുന്നത്. എന്റെ രാജി വിവരം വാക്കാല്‍ അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ക്ക് മുരളിയെ കാണാന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തെയും ചെന്ന് കണ്ടു. പതിവു പോലെ രാജി വയ്ക്കുന്നവരെ ബുദ്ധിമുട്ടിക്കല്‍ എന്ന് ചടങ്ങിലേക്ക് കടന്നു. എനിക്ക് 15 ദിവസത്തിനുള്ളില്‍ ഭുബനേശ്വറില്‍ ജോയിന്‍ ചെയ്യണം. മുരളി പറയുന്നു, ഞാന്‍ 2 മാസം നോട്ടീസ് നല്‍കണം എന്ന്. എന്റെ എഗ്രിമെന്റില്‍ അത് പറയുന്നുണ്ട്. പക്ഷെ, എഗ്രിമെന്റ് 2 വര്‍ഷം കഴിഞ്ഞാല്‍ വാലിഡ് അല്ല എന്നും അതില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്ന് അദ്ദേഹം പറഞ്ഞ ഒരു മണ്ടത്തരം ഞാന്‍ എന്റെ ജീ‍വിതത്തില്‍ മറക്കില്ല… “അതേ, അത് വല്ല അക്ഷര പിശകും ആയിരിക്കും!”. പിന്നെ, 5 വര്‍ഷം ജോലിചെയ്ത (ആദ്യത്തെ) കമ്പനിയില്‍ നിന്നും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും മറ്റ് പേപ്പറുകളും വാങ്ങാതെ പോകാന്‍ കഴിയില്ല എന്ന് ഒരേഒരു കാരണത്തിന്മേല്‍, രൂപാ 13800 രൊക്കം കൊടുക്കേണ്ടി വന്നു. പക്ഷേ, പിന്നീട് ജീവിതത്തില്‍ ഇതേവരെ ഞാന്‍ അടിമയായി ജീവിച്ചിട്ടില്ല. എന്റെ ആത്മാഭിമാനത്തിനു കോട്ടം തട്ടാതെ ജീവിക്കാനും ഞാന്‍ പഠിച്ചു.

സത്യത്തില്‍, മനുഷ്യര്‍ എത്ര ക്രൂരന്മാരും സംസ്കാരശൂന്യരും ആകാം എന്നതിന്റെ ഒരു പാഠപുസ്തകമാണ് ഇന്നും ആ കമ്പനി. അവിടത്തെ എന്റെ 5 വര്‍ഷ ജീവിതം എങ്ങനെയൊക്കെ പെരുമാറരുത് എന്ന് എന്നെ പഠിപ്പിച്ചു. എന്നോട് ചെയ്തത് പോട്ടെ. പൂര്‍ണ്ണഗര്‍ഭിണികളായ സ്ത്രീകളോടും ഇതേ പെരുമാറ്റമാണ്. അവരുടെ അവസ്ഥ ഓര്‍ത്ത് ടീം മുഴുവനും വിഷമിച്ചിട്ടുണ്ട്, ആശയൊഴികെ. അവരുടെയൊക്കെ ശാപത്തിന്റെ ഫലം എങ്ങിനെ നിങ്ങളില്‍ എത്താതിരിക്കും എന്ന് ഞാന്‍ ഇപ്പൊ ആശങ്കാകുലനാണ്.  ഞാന്‍ പിരിയുന്ന ദിവസം ലേബര്‍ കമ്മിഷനില്‍ കൊടുക്കാനുള്ള പരാതിക്കടലാസ് എന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഒരു കാരണ വശാലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. സെക്യൂരിറ്റി ബോണ്ട് ആയി പാസ്സ്‌പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, വോട്ടേര്‍സ് ഐ ഡി, റേഷന്‍ കാര്‍ഡ് എന്നീ രേഖകള്‍ വാങ്ങി സൂക്ഷിക്കാന്‍ പാടുള്ളതല്ല. അതൊരു നോണ്‍-ബെയ്ലബിള്‍ ഒഫന്‍സ് ആണ് (തെറ്റാണെങ്കില്‍ അറിവുള്ളവര്‍ തിരുത്തുക). ഈ കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു പരാതിയാണ് ഞാന്‍ തയാറാക്കി വച്ചിരുന്നത്. അത്, ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിയാല്‍, 15 ദിവസമെങ്കിലും അഴി എണ്ണിക്കഴിയാനുള്ള യോഗം മുരളിക്കും, സുരേഷിനും, ഡയറക്റ്റര്‍ മാത്യൂ വര്‍ഗ്ഗീസിനും സിദ്ധിച്ചേനെ. കമ്പനി പൂട്ടിപ്പോയാല്‍, അവിടെ ജോലി ചെയ്തിരുന്ന എന്റെ 36 സുഹൃത്തുക്കള്‍ക്ക്  ജീവിതം ബുദ്ധിമുട്ടാകും എന്ന ഒരേ ഒരു കാരണത്താല്‍ മാത്രമാണ് അന്ന് ആ പരാതി പുറത്തു പോകാത്തത്.

[എന്റെ ഒരു സുഹൃത്ത് പാസ്സ്പോര്‍ട്ടിനു അപേക്ഷിക്കാനായി തന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നു തരണം എന്ന് രേഖാമൂലം മുരളിയെ അറിയിച്ചപ്പോള്‍, “പാസ്സ്പോര്‍ട്ടെടുത്ത് ഇവിടുന്നു പോകാനല്ലെ, ഇപ്പൊ സര്‍ട്ടിഫിക്കറ്റ് തരില്ല” എന്നാണ് പറഞ്ഞത്!]

പ്രിയപ്പെട്ട XXXXX സോഫ്റ്റ്‌വെയര്‍ മാനേജ്മെന്റേ, നിങ്ങള്‍ മനസ്സിലാക്കുക, ഇന്നും നിങ്ങള്‍ 30 ചെറുപ്പക്കാരെ വച്ച് കമ്പനി തുറന്നു നടത്തുന്നത് അന്നത്തെ 36 പേരുടെ കാരുണ്യം കൊണ്ട് മാത്രമാണ്.

ഇത്രയും ഞാന്‍ എഴുതിയത്, എന്തിനെന്ന് എനിക്കറിയില്ല… പതിവുപോലെ, തലക്കെട്ട് മാത്രം തമാശരൂപത്തില്‍ കിടക്കട്ടെ… എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ …!

Image courtesy: http://www.rejuvenighted.com/Mayr.jpg