കൊത്ത്ബറോട്ട – 17-മെയ്-2013

കൊത്ത്ബറോട്ട – 17-മെയ്-2013

കാര്യമായി ഒന്നും പ്ലാൻ ചെയ്തിട്ടല്ല ഇതെഴുതുന്നത്. പക്ഷേ നാട്ടിൽ നടക്കുന്ന ചില വിഷയങ്ങളെ കുറിച്ച് ഞാൻ ഒന്നും മിണ്ടിയില്ലെങ്കിൽ ഇനി പ്രബുദ്ധനല്ലാതായാലോ!? 🙂

 1. സട്ടം ഒരു ഇരുട്ടറൈ
 2. കൊമ്പ് മുറിക്കൽ
 3. മൂന്നേ മൂന്ന്
 4. മൊഴിമുത്തുകൾ

സട്ടം ഒരു ഇരുട്ടറൈ

കഴിഞ്ഞ കുറച്ച് കാലത്തിനുള്ളിൽ എത്ര പേർ ജെയിലിൽ ആകുന്നത് നമ്മൾ കണ്ടു നിന്നു. ഇപ്പൊഴിതാ നമ്മുടെ ഖൽനായക്കും ജയിലിൽ പോയിക്കഴിഞ്ഞു. പക്ഷേ പണവും പ്രശസ്തിയും ഉള്ളവനു ജെയിൽ എന്നത് സ്വന്തം തറവാട് പോലെയാണെന്ന് വീണ്ടും തെളിയിക്കുകയാണ് നമ്മുടെ നീതി ന്യായ വ്യവസ്ഥയും, സർക്കാരും എല്ലാം. അസീം തൃവേദി, അംബികേഷ് മഹാപത്ര, പാൽഘറിലെ രണ്ട് പെൺകുട്ടികളും ഒക്കെ ജയിലിൽ പോകുന്നത് കണ്ടു. അവരൊക്കെ സ്വന്തം മൗലികാവകാശങ്ങൾ വിനിയോഗിച്ചതിനാണ് ജയിലിൽ പോയത്. ഖൽനായക്കാകട്ടെ രാജ്യദ്രോഹത്തിനു സമമായ ഒരു കുറ്റത്തിനും. പക്ഷേ ഒരു വ്യത്യാസമുണ്ട്. ഖൽനായക്കിന്റെ കയ്യിൽ പണമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനു മാത്രം വീട്ടിൽ നിന്നും ഭക്ഷണം കൊണ്ട് വന്നു കഴിക്കാം. മറ്റുള്ളവർക്ക് അത് പാടില്ല.

മഹത്തായ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഇതിനാൽ നമുക്ക് തരുന്ന പാഠം – പണക്കാരൻ എന്നും പണക്കാരൻ തന്നെ. ഒരു ചോദ്യം മാത്രം ബാക്കി. കുറ്റവാളികളാണെങ്കിലും അനേകം വയോവൃദ്ധർ ജയിലുകളിൽ ഉണ്ട്, അവർക്കൊക്കെ അവരുടെ ആരോഗ്യ സ്ഥിതിക്ക് അനുസൃതമായി തന്നെയാണോ ഭക്ഷണം കൊടുക്കുന്നത്? ഞാൻ തന്നെ ജയിലിൽ ആയാലേ അറിയാൻ കഴിയൂ എന്ന് തോന്നുന്നു!

“മാംഗോ പീപ്പിൾ ഇൻ ബനാനാ റിപബ്ലിക്ക്” എന്ന് കമന്റിട്ട ഒരു മഹാനെ ഒന്നും പറഞ്ഞില്ല (ഒന്നു കണ്ണുരുട്ടി കാണിച്ചത് പോലുമില്ല). അഴിമതി വീരന്മാരായ രാഷ്ട്രീയക്കാർക്കെതിരെ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസിട്ട അഴിമതി വിരുദ്ധ പ്രവർത്തകയായ ജയാ വിന്ദ്യാലയെ സെക്കൻഡ് വച്ച് അറസ്റ്റ് ചെയ്ത് ചിറാലാ പൊലീസും അവരുടെ ചോറിനുള്ള കൂറു കാണിച്ചു. നല്ലത്.

കൊമ്പ് മുറിക്കൽ

“പാൻ-ഇന്ത്യൻ മലയാളി” ആയ ഒരേ ഒരു മലയാളി – ശാന്തപ്പൻ ഇങ്ങനെ ഒരു കടുംകൈ ചെയ്യേണ്ടിയിരുന്നില്ല. ശാന്തപ്പൻ ഓരോ പ്രാവശ്യവും കുണ്ടണി കാണിക്കുമ്പോഴും എന്നെ പോലെ തമിഴ്നാട്ടിലും മറ്റും താമസിച്ച് പണിയെടുക്കുന്ന പ്രവാസികൾക്കുണ്ടാവുന്ന ഒരു പതിവ് പ്രശ്നമാണ് – “ലവൻ നിന്റെ നാട്ടുകാരനല്ലേ” എന്ന് തുടങ്ങുന്ന “ആക്കലുകൾ”. ശാന്തപ്പാ, നിനക്ക് വേണ്ടി ഞാൻ എത്ര വായിട്ടലച്ചതാണെന്ന് നിനക്കറിയാമോ? തെറ്റായിപ്പോയി. വലിയ തെറ്റ്.

ശാന്തപ്പന്റെ കുടുമ്പക്കാരുടെ റിയാലിറ്റി ഷോയും ഗംഭീരമായി. ഉപ്പ് തിന്നവൻ വെള്ളം കുടിച്ചേ മതിയാവൂ. പക്ഷേ, ഉപ്പ് തിന്നോ ഇല്ലേ എന്നുള്ളത് മേൽ പറഞ്ഞ നീതിപീഠങ്ങൾ തന്നെ വേണമല്ലോ തീരുമാനിക്കാൻ.

ഇന്നലെ രാത്രി അറിഞ്ഞത്, “എല്ലാം എന്റെ പിഴ” എന്ന് ശാന്തപ്പൻ പറഞ്ഞു എന്നാണ്. എന്നാൽ ഇന്നു രാവിലെ അദ്ദേഹത്തിന്റെ വക്കീൽ പറയുന്നത് ശാന്തപ്പനെതിരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല എന്നാണ്.

ചോദ്യം ഇതാണ്. ഈ നാല്പത് ലക്ഷം രൂപ കൊണ്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ എന്ത് മാങ്ങാത്തൊലി ഉണ്ടാവാനാണ്. നാട്ടിൽ കൊല, കൊള്ളിവയ്പ്പ, ബലാല്സംഗം, അഴിമതി എന്നിവ അനുസ്യൂതം നടത്തിക്കൊണ്ടിരിക്കുന്ന ഒരു വർഗ്ഗം തന്നെയുണ്ട്. അവർക്കെതിരെ ഒന്നും പ്രവർത്തിക്കാത്ത ഒരു നിയമം ഒരു ചായ്ഞ്ഞ കൊമ്പ് കിട്ടിയപ്പോൾ ഒരു ഏണി കൊണ്ട് ചാരുന്നതിൽ വലിയ വീരസ്യം വിളമ്പാതിരിക്കുന്നതാണ് നല്ലത്. ഇതിനു ഈ മാർച്ച് മുതൽ അവർ പണിയെടുക്കുന്നുണ്ട’ത്രേ’. ജയിലിൽ കിടക്കുന്ന ഒരു പീഢനക്കേസ് പ്രതിയെ സംരക്ഷിക്കുകയ്ല്ല. ഒരു പാകിസ്ഥാനി വൃദ്ധനെ സംരക്ഷിക്കുകയില്ല. പക്ഷേ മൊത്തം ചൂതായ ഒരു കളി നിരീക്ഷിക്കാൻ ഒരു പട പോലീസുണ്ട്.

ലജ്ജിക്കുക.

മൂന്നേ മൂന്ന്

കേരളത്തിൽ ഇന്ന് ആകെ മൂന്ന് പ്രശ്നങ്ങളേ ഉള്ളൂ… ബാക്കി എല്ലാം സോൾവ് ആക്കി കഴിഞ്ഞു.

 1. രമേശ് ചെന്നിത്തലയുടെ താക്കോൽ സ്ഥാനം
 2. മുസ്ലിം സ്ത്രീകൾ പർദ്ദ ധരിക്കണോ വേണ്ടയോ?
 3. മലയാളി ഹൗസ്

ഈ മൂന്ന് വിഷയങ്ങളിലും ചർച്ച ചെയ്യുന്നതിനു പകരം പത്ത് തെങ്ങ് നടാം. രമേശ് ചെന്നിത്തല താക്കോലായാലും പൂട്ടായാലും കേരളത്തിനു ഒരേ **രാണ് (കടപ്പാട്: സാഗർ ഏലിയാസ് ജാക്കി). ഒരാൾ ധരിക്കുന്ന വസ്ത്രം അയാളുടെ സ്വന്തം സൗകര്യത്തിനായിരിക്കണം. അവനവനിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിൽ ആർക്കാണ് അപ്പ്രൂവൽ അതോറിറ്റി ആകേണ്ടത്?! മലയാളി ഹൗസ് –  മറ്റൊരു റിയാലിറ്റി ഷോ എന്നതിലുപരി മറ്റൊരു പ്രത്യേകതയും ഇല്ലാത്ത പരിപാടി. ആകെ ഒരു മെച്ചം ശ്രുതി ശരിയായില്ല സംഗതി വളഞ്ഞു പോയി മൈക്കിൽ തുപ്പലുപറ്റി എന്നിങ്ങനെ ഓഞ്ഞ കമന്റ് കേൾക്കണ്ട എന്നൊരു ഗുണം ഉണ്ട് താനും.

മൊഴി മൊത്തുകൾ

“ലോകത്ത് ചെയ്യാൻ ബുദ്ധിമുട്ടുള്ള രണ്ട് ജോലികളേ ഉള്ളൂ. ഒന്ന് മൻസൂർ അലി ഖാൻ അഭിനയിക്കുന്ന പടത്തിൽ, ആളുടെ ക്ലോസപ്പ് ഷോട്ടിനു ക്ലാപ്പ് ഇടുന്നത്. രണ്ട് കടയിൽ നിന്നും കെട്ടി തരുന്ന സാമ്പാറിന്റെ കവറിലെ കെട്ടഴിക്കുന്നത്” – അകിറാ നിതിലൻ (ഷോർട്ട് ഫിലിം ഡയറക്റ്റർ , ചെന്നൈ)

“അഴിമതിക്കാരായ മന്ത്രിമാരെ രാജിവയ്ക്കാൻ പറയില്ല. അത് സർക്കാരിന്റെ പ്രതിച്ഛയയെ ബാധിക്കും” – മണ്ണ് മോഹൻ സിംഗം


2 responses to “കൊത്ത്ബറോട്ട – 17-മെയ്-2013”

 1. കേരളത്തിൽ ഇന്ന് ആകെ മൂന്ന് പ്രശ്നങ്ങളേ ഉള്ളൂ… ബാക്കി എല്ലാം സോൾവ് ആക്കി കഴിഞ്ഞു.

  രമേശ് ചെന്നിത്തലയുടെ താക്കോൽ സ്ഥാനം
  മുസ്ലിം സ്ത്രീകൾ പർദ്ദ ധരിക്കണോ വേണ്ടയോ?
  മലയാളി ഹൗസ്

  നാലാമത്തെ പ്രശ്നക്കാരന്‍ അകത്തായി 🙂

  • നാലാമത്തവൻ ഇന്ന് പ്രതിയാണ്. കുറ്റം തെളിയിക്കപ്പെടട്ടെ. എന്നിട്ടവനെ കുറ്റവാളി എന്ന് വിളിക്കാം.

Leave a Reply

Your email address will not be published.