കൊത്ത് പൊറോട്ട – തിരഞ്ഞെടുപ്പ് പെശൽ!

കൊത്ത് പൊറോട്ട – തിരഞ്ഞെടുപ്പ് പെശൽ!

പ്രിന്റ് മീഡിയയാകട്ടെ, വിഷ്വൽ മീഡിയയാകട്ടെ, സോഷ്യൽ മീഡിയയാകട്ടെ… എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം തിരഞ്ഞെടുപ്പ് തന്നെ വിഷയം.

എന്നാൽ പിന്നെ എന്റെ (അ)രാഷ്ട്രീയത്തിന്റെ രണ്ട് പൈസയും കൂടി ഇട്ടേക്കാം എന്ന് കരുതി.

പ്രചാരണ കോലാഹലം

ഒറ്റ വാക്കിൽ പറഞ്ഞാൽ ചെളി വാരി എറിയൽ.

ഒരു പാർട്ടിയും സ്വന്തം നയങ്ങളെ പറ്റിയോ, പ്രായോഗികമായ ഒരു പദ്ധതി ആസൂത്രണത്തെ പറ്റിയോ പറയാതെ, പഴയ ചമ്മന്തി തന്നെ ഇപ്പൊഴും അരയ്ക്കുന്നു. 2002 ഗോദ്രയെന്നും, 82 സിക്ക് കലാപമെന്നും, ടി പി വധമെന്നും പറയാതെ ആർക്കും പ്രചരണം നടത്താൻ കഴിയില്ലെങ്കിൽ തിരഞ്ഞെടുപ്പിനു നിൽക്കാതിരിക്കലാണ് ഭേദം. സ്വന്തം കഴിവു കാണിക്കുകയാണ് വേണ്ടതെന്നും അടുത്തവന്റെ പുണ്ണിലിട്ട് കുത്തിയല്ല പ്രചരണം നടത്തേണ്ടതെന്നും ഇവർക്ക് അറിയാത്തതോ അതോ അറിയില്ലെന്ന് ഭാവിക്കുന്നതോ?

ആരെ നമ്പും?

അടുത്ത അഞ്ച് വർഷം എന്നെ ആര് ഭരിക്കണം എന്ന് ഞാൻ തന്നെ തീരുമാനിക്കുന്ന ഒരു സംഭവമാണല്ലൊ ഈ തിരഞ്ഞെടുപ്പ്… പക്ഷേ ആർക്ക് വോട്ട് ചെയ്യണം എന്ന് ഒരു വോട്ടർ കൺഫ്യൂസാകുന്ന ആദ്യത്തെ തിരഞ്ഞെടുപ്പായിരിക്കും ഇത്.

യൂപ്പീയെ എന്ന് കേട്ടാൽ തന്നെ ഓക്കാനം വരും. ഇത്രക്ക് “ദേശദ്രോഹ”പരമായ ഒരു ഭരണം നടത്തിയ വേറെ ഒരു സർക്കാർ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉണ്ടായിരിക്കില്ല. (ഇനി ഉണ്ടാവുകയുമില്ല എന്ന് പറയാനുള്ള ആത്മ വിശ്വാസം എനിക്കില്ല). ഡമ്മിയായ ഒരു പ്രധാനമന്ത്രിയും പടിഞ്ഞാറിന്റെയും അംബാനിമാരുടെയും ദാസ്യം നടത്തുന്ന കുറച്ച് കഴിവുകെട്ട ഭരണാധികാരികളും ഉള്ള ഈ തരം ഒരു സർക്കാർ വീണ്ടും വന്നാൽ ഒരു പക്ഷേ ഇന്ത്യയുടെ അന്ത്യമായിരിക്കും അത്.

മറിച്ച്, എൻഡീയെ എന്ന് പറഞ്ഞാൽ തെല്ലൊരു ഭയത്തോടെ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഫാസിസം സ്വന്തം പ്രത്യയശാസ്ത്രമാക്കിയ ഒരു പാർട്ടി കേന്ദ്രത്തിൽ ഭരണത്തിൽ എത്തിയാൽ ഒരു പക്ഷേ “നാഷനലിസം” എന്ന ഒരു വികാരം ശക്തിപ്പെടുമായിരിക്കാം. പക്ഷേ അതിനു വലിയ വിലകൊടുക്കേണ്ടിയും വന്നേക്കാം. കാരണം നാഷനലിസത്തിനും ഹിന്ദുത്വ അജണ്ടക്കും തമ്മിൽ ഉള്ള അകലം ബിജെപ്പിയെ സമ്പന്ദിച്ചിടത്തോളം മുടിനാരിഴയുടെ അത്രയേ ഉള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും ചായാം. ഹിന്ദുത്വ അജണ്ട എന്ന മോഡിലേക്ക് മോഡി പോയാൽ ഒരു പക്ഷേ ഇന്ത്യയുടെ അന്ത്യമായിരിക്കും അത്.

മൂന്നാം മുന്നണി എന്ന ഓപ്ഷൻ വരണ്ട. (ഞാൻ കമ്യൂണിസത്തിനു എതിരല്ല. ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് എതിരാണ്). സ്വന്തമായി ഒരു തീരുമാനം എടുക്കാൻ കഴിയാത്തത്ര വീക്ക് ആയ ഒരു സർക്കാർ ആയിരിക്കും മൂന്നാം മുന്നണി എന്ന് ആർക്കാണ് അറിയാത്തത്? ഡി എം കേയ്ക്കും എ ഡി എം കേയ്ക്കും ചേരില്ല. എസ് പിക്കും ബി എസ് പിക്കും ചേരില്ല,  സിപിഐക്കും തൃണമൂലിനും ചേരില്ല… പിന്നെ എന്ത് മൂന്നാം മുന്നണി? അവർക്ക് ഒരു നയപരമായ തീരുമാനവും എടുക്കാൻ കഴിയില്ല. അങ്ങനെ ഒരു സർക്കാർ വന്നാൽ ഒരുപക്ഷേ ഇന്ത്യയുടെ അന്ത്യമായിരിക്കും അത്.

ആം ആദ്മി പാർട്ടി എന്ന ആൾട്ടർനേറ്റ് സൊലൂഷൻ എത്ര ഫലവത്താണെന്നത് നമ്മൾ ഡൽഹിയിൽ കണ്ടതാണ്. ഉന്നതമായ കാഴ്ചപ്പാടുകളും നഴ്സറിക്കുട്ടികളെ വെല്ലുന്ന പക്വതയില്ലായ്മയും കൈമുതലായുള്ള ആം ആദ്മി ഭൂരിപക്ഷം ലഭിച്ച് സർക്കാർ ഉണ്ടാക്കുന്നതൊക്കെ വിദൂര സ്വപ്നമാണെങ്കിലും, നമ്മുടെ നാട്ടിലെ ജനങ്ങളെ തീരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന ഒരു കാരണത്താൽ… ആം ആദ്മി പാർട്ടി സർക്കാർ ഉണ്ടാക്കിയാൽ, പകുതി വെന്ത നയങ്ങൾ കാരണം ഒരു പക്ഷേ ഇന്ത്യയുടെ അന്ത്യമായിരിക്കും അത്.

എനിക്കുള്ള (തിരുവനന്തപുരത്തുള്ള) ഓപ്ഷൻസ്

1. ശശി തരൂർ (യൂപി എ) – ശശിതരൂർ എന്ന വ്യക്തിയോടുള്ള ആരാധന കൊണ്ട് വോട്ടിടാം എന്ന് കരുതിയാലും, അതിയാൻ ജയിച്ചു ഡൽഹിക്ക് പോയാൽ റൗൾ വിഞ്ചിക്ക് വോട്ടിടും എന്നത് കൊണ്ട് ഞാൻ വോട്ടിടില്ല.

2. ബെന്നെറ്റ് അബ്രഹാം (എൽ ഡി എഫ്) – ഇദ്ദേഹത്തിനിടുന്ന വോട്ട് വേസ്റ്റാകും. ഒന്നാമത് ഒരു ഡമ്മി പീസ് ആണ്. പിന്നെ എന്ത് വന്നാലും ഭരണത്തിന്റെ ഏഴയലത്ത് എത്താത്ത ഒരു പാർട്ടിയും. നോ വോട്ട്.

3. ഓ രാജഗോപാൽ (എൻ ഡി ഏ) – ഇത്തവണയെങ്കിലും താമര വിരിയുമോ എന്ന് ബി ജെ പി സംസ്ഥാനഘടകം പരീക്ഷിക്കുന്ന സ്ഥാനാർത്ഥി. കിട്ടുന്ന വോട്ടുകൾ രണ്ട് തരം. a. സഹതാപ വോട്ട്- പാവം കുറേ കാലമായി ഇലക്ഷനു നിൽക്കുകയല്ലെ എന്ന് കരുതി കിട്ടുന്ന വോട്ടുകൾ. b. ആന്റി-ഇൻക്മ്പൻസി വോട്ടുകൾ. എങ്ങനെങ്കിലും യൂ പി എ സർക്കാരിനെ താഴെ ഇറക്കണം എന്ന് കരുതുന്നവരുടെ വോട്ടുകൾ. പിന്നെ ചില്ലറ സ്വിംഗ് വോട്ടേർസും. ജയിച്ച് ഡൽഹിക്ക് പോയാൽ മേല്പറഞ്ഞ പോലെ നാഷനലിസമാണോ ഹിന്ദൂയിസമാണോ പ്രചരിപ്പിക്കുക എന്ന സന്ദേഹത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനു വോട്ടിടാനും സാധിക്കില്ല.

4. അജിത്ജോയ് (എ എ പി) – സംശയമാണ്. അഴിമതി തുടച്ച് മാറ്റും എന്ന് പറഞ്ഞ ചൂലും കൊണ്ടിറങ്ങാൻ പറ്റിയ സ്ഥലമല്ല തിരുവനന്തപുരം. ഇവിടെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കൈക്കൂലിയും അഴിമതിയും കുറവാണ് എന്ന് സമ്മതിച്ചേ പറ്റൂ. (ഇവിടെ ന്യായമായ കാര്യങ്ങൾക്ക് കൈക്കൂലി കൊടുക്കാതെ തന്നെ ചെയ്ത് കിട്ടും എന്നത് എന്റെ സാക്ഷ്യം). പിന്നെ തൊഴിലവസരങ്ങൾ കൂട്ടും എന്ന് പറയുന്നുണ്ട്. എങ്ങനെ ചെയ്യുമെന്നൊന്നും ഒരു പിടിയും ഇല്ല. (ഇവരുടെ ഫേസ്ബുക്ക് പേജിൽ ഇത് ചോദിച്ചിട്ടുണ്ട്. മറുപടി പറഞ്ഞാൽ ഒരു പക്ഷേ ഈ സെക്ഷൻ ഞാൻ മാറ്റി എഴുതും). ഇദ്ദേഹത്തിനു എന്തിന്റെ പേരിൽ വോട്ട് കൊടുക്കണം എന്നെനിക്ക് അറിയില്ല്.

……

5. നോട്ട (N.O.T.A) – കണ്ടതിൽ കൊള്ളാവുന്ന ഒരു സ്ഥാനാർത്ഥി ഇദ്ദേഹമാണ്. കൂടുതലൊന്നും പറയുന്നില്ല 🙂

പിൻ കുറിപ്പ്:

തിരഞ്ഞെടുപ്പിന്റെ അന്ന് ഫുള്ള് വാങ്ങിയടിച്ച് ട്രിപ്പ് ആയി കിടക്കാതെ ‘വോട്ട് രേഖപ്പെടുത്തൽ’ എന്ന കടമ നിർവ്വഹിക്കാൻ മറക്കണ്ട.

ശംഭു

image courtesy: https://www.facebook.com/thiruvananthapuram/photos/a.156143091074251.26272.107077229314171/713469292008292/?type=1&stream_ref=10

Leave a Reply

Your email address will not be published.