കുറുക്കൻ വട തട്ടിയെടുത്ത കഥ- അഥവാ ഇൻഗ്രസ്സിന്റെ പിന്നാമ്പുറം

കുറുക്കൻ വട തട്ടിയെടുത്ത കഥ- അഥവാ ഇൻഗ്രസ്സിന്റെ പിന്നാമ്പുറം

ഗൂഗിൾ തങ്ങളുടെ ഉല്പന്നങ്ങളിൽ കൊണ്ടുവരുന്ന നൂതനതയും ചാതുര്യവും കാലാകാലങ്ങളിൽ തെളിയിച്ചുകൊണ്ടിരിക്കുന്നുവെന്ന് തർക്കമില്ലാതെ അംഗീകരിക്കപ്പെടുന്ന ഒരു വസ്തുതയാണല്ലൊ. ആ വരിയിലെ ഏറ്റവും പുതിയതായ ഇൻഗ്രസ്സ് എന്ന മൊബൈൽ ഗെയ്മിനെ കുറിച്ച് കഴിഞ്ഞ പോസ്റ്റിൽ വിസ്തരിച്ചതിനാൽ ആവർത്തിക്കുന്നില്ല. ഗൂഗ്ഗിളിന്റെ ഓരോ ഉല്പന്നത്തിലും ഒരു പൊതുതാല്പര്യവും ഒരു വ്യാപാരതാല്പര്യവും ഉണ്ടാവും. മിക്കവാറും വ്യാപാരതാല്പര്യം എന്ത് എന്നതിൽ ഉപയോക്താവിനു വ്യക്തമായ അറിവ് ഉണ്ടാകും അല്ലെങ്കിൽ അത് സ്പഷ്ടമായിരിക്കും. ആ സ്പഷ്ടത ഇല്ലാത്ത ഉല്പന്നങ്ങളുടെ വ്യാപാര ഉദ്ദേശം വക്രമായ ഒന്നായിരിക്കും അല്ലെങ്കിൽ ഉപയോക്താവിന്റെ സ്വകാര്യതാക്ഷതം ഉണ്ടാക്കുന്ന ഉദ്ദേശം ആയിരിക്കും.

പുറമേ കാണാൻ ഇൻഗ്രസ്സ് എന്നത്, ഒരു കളിക്കാരൻ രണ്ടിൽ ഒരു ടീം തിരഞ്ഞെടുത്ത് അവർക്കു വേണ്ടി പടപൊരുതുന്നു, അതിൽ ആരാണ് നല്ലവൻ എന്നറിയാതെ തന്നെ (എൻലൈറ്റൻഡ് ആണോ റെസിസ്റ്റൻസ് ആണോ). പോർക്കളമാകട്ടെ യഥാർത്ഥ നഗരങ്ങളിലെ പോർട്ടലുകളും! പോർട്ടലുകൾ പിടിച്ചടക്കാൻ വീട്ടിലിരുന്ന് പറ്റില്ല. അതിനു കളിക്കുന്നയാൾ പോർട്ടലിനടുത്തെത്തണം. അതും പോര, അടുത്ത പോർട്ടൽ പിടിച്ചടക്കാൻ അവിടേക്ക് പോകണം. അതിനായി ജിപിയെസ്സ് സംവിധാനമുള്ള മൊബൈലുകളും കയ്യില്പിടിച്ച് (മിക്കവാറും നടന്ന്) തന്നെ യാത്ര ചെയ്യും. കൂടുതൽ എക്സ് എം കിട്ടാനായി പുതിയ പോർട്ടലുകൾ വേണം. അതിനായി കളിക്കാരൻ കെട്ടിടങ്ങളുടെയും മറ്റ് നിർമ്മിതികളുടെയും (സ്തൂപങ്ങൾ, പ്രതിമകൾ, ചരിത്ര സ്മാരകങ്ങൾ) ചിത്രങ്ങൾ എടുത്ത് നിയാന്റിക്കിനു സമർപ്പിക്കണം. എതിർ ടീമിനു കളി പ്രയാസമുള്ളതാക്കാൻ വളരെ പ്രാദേശികമായ- കുഗ്രാമങ്ങളിലെ നിർമ്മിതികൾ പോലും കളിക്കാർ ഫോട്ടോ എടുത്ത് സമർപ്പിക്കും.

കളിയിലെ കാര്യം മനസ്സിലായി തുടങ്ങിയോ??!!

തൊലിയാഴത്തിൽ ഇൻഗ്രസ്സ് ഒരു കളിയാണെങ്കിൽ അതിന്റെ ആഴങ്ങളിൽ കള്ളക്കുഴികൾ ഇഷ്ടം പോലെയുണ്ട്. ആൻഡ്രോയ്ഡ് ഫോൺ വന്നകാലം മുതൽ തന്നെ ഗൂഗിൾ ഉപയോക്തൃ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും, അതിന്റെ കുറച്ചുകൂടി വിശാലമായ ഒരു മേടാണ് ഇൻഗ്രസ്സ്. വ്യാപാരോപയോഗ വിവരങ്ങളുടെ ഒരു അക്ഷയ ഖനിയാണ് ഇൻഗ്രസ്സ് വഴി ഗൂഗിളിനു ലഭിച്ചിരിക്കുന്നത്. ഈ വിവരം ഉപയോഗിക്കുന്നവർ തിരിച്ചറിഞ്ഞാലും, ഇല്ലെങ്കിലും. ഈ ലഭ്യമായ വിവരങ്ങളെ ഉപയോഗിക്കാനും, ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതകൾ അനേകമാണ്.

അതെന്തായാലും, ഒരു ഗെയ്മിന്റെ പേരിൽ സ്വന്തം സ്ഥല-സ്ഥാന വിവരങ്ങൾ ഗൂഗിളിനു കൈമാറാൻ തയ്യാറായ കോടിക്കണക്കിനു കളിക്കാരെ അവർക്കുകിട്ടി എന്നതാണ് വസ്തുത. ജിപിയെസ്-ജിപിയാറെസ്സ് ശൃംഘലകൾ വഴി ഇത് വരെ കൊടുത്തിരുന്ന വിവരങ്ങളുടെ പതിന്മടങ്ങ് സ്വകാര്യ വിവരങ്ങൾ ഇനി ഇൻഗ്രസ്സ് വഴി ലഭ്യമാകും. നമുക്ക് നമ്മളെക്കുറിച്ച് തന്നെ അറിയാത്ത പലകാര്യങ്ങളും ഗൂഗിളിനു അറിയാം എന്നതാണ് ഇന്നത്തെ അവസ്ഥ. ഉദാഹരണത്തിനു ബ്രൗസറിലെ സർച്ച് ഹിസ്റ്ററി, പരസ്യങ്ങൾ, മാപ്പ് ഉപയോഗം എന്നിവയെല്ലാം നമ്മളോർത്തില്ലെങ്കിലും ഗൂഗിൾ ഓർത്ത് വയ്ക്കുന്നുണ്ട്. ഈ കൂട്ടത്തിലേക്ക് മറ്റൊരു വിവരം കൂടി, നാം എപ്പൊഴൊക്കെ എവിടെയൊക്കെ പോയി!

ഒരു നിരുപദ്രകരമായ വിവര ഉപയോഗം- ഗൂഗിൾ മാപ്പുകൾ മെച്ചപ്പെടും എന്നതാണ്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്ത് നടന്നെത്താൻ ഏതൊക്കെ വഴികൾ ഉണ്ടെന്നും അതിൽ ഏറ്റവും നല്ല വഴി ഏതെന്നും ഒക്കെയുള്ള വിവരശേഖരണം.

കൂടുതലായി പറഞ്ഞാൽ, വളരെ ചിലവേറിയ പല ജോലികളും കളി എന്ന പേരിൽ പൊതുജനത്തിനെ കൊണ്ട് ചെയ്യിപ്പിക്കുന്ന ഒരു ചെപ്പടി വിദ്യയാണ് ഇൻഗ്രസ്സ്.

  • നടപ്പാതകളുടെ വിവരങ്ങൾ
  • പൊതുമുതലും സ്വകാര്യ മുതലും തരം തിരിക്കൽ
  • ഇപ്പോഴുള്ള മാപ്പ് വിവരങ്ങളുടെ സാധുത തിട്ടപ്പെടുത്തുക
  • തെറ്റായ വിവരങ്ങൾ മാപ്പിൽ നിന്നും മാറ്റുക
  • ചരിത്രപരമായ വിവരങ്ങൾ ചേർക്കുക
  • ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ സൗജന്യമായി തരപ്പെടുത്തുക

എന്നിവയാണ് ഇൻഗ്രസ്സ് എന്ന കളി സൗജന്യമായി വിതരണം ചെയ്യുന്നത് കൊണ്ട് ഗൂഗിളിനുള്ള ഗുണം.

ഉപയോക്താക്കളെ വ്യാപാരാവശ്യങ്ങൾക്ക് ഒരു കരുവാക്കാൻ പോലും ഈ ഗെയ്മിനു കഴിഞ്ഞേക്കാം എന്നതാണ് മറ്റൊരു വശം. ഒരു ഉദാഹരണം പറയാം. ഇപ്പോൾ തിരുവനന്തപുരം ബിഗ് ബസാറിൽ വലിയ തിരക്കൊന്നും ഇല്ല. അവിടെ 10000 ആളുകളെ എത്തിക്കണം. ഈ കൊട്ടേഷൻ ഗൂഗിൾ ഏറ്റെടുത്തു എന്നിരിക്കട്ടെ. ബിഗ് ബസാർ ഹാക്ക് ചെയ്താൽ പത്തിരട്ടി എക്സെമ്മും കോപ്പുകളും കിട്ടും എന്നൊരു അനൗൺസ്മെന്റ് മതി. പതിനായിരത്തിൽ രണ്ടായിരമ് പേർ കടയിൽ കയറിയാലും ബിഗ് ബസാറിനു കോളടിച്ചില്ലേ?! അപ്പൊ കളിക്കാൻ പോയ നമ്മൾ കുറുവടിയും മേടിച്ച് തിരികെ വീട്ടിൽ പോകും. ഗൂഗിളിനു ഒരു അനൗൺസ്മെന്റ്. ബിഗ്ബസാറിനു കച്ചവടം. കളിക്കാൻ പോയ നമുക്ക് ചിലവും!

ഒരു കാര്യം മനസ്സിലാക്കി ഇൻഗ്രസ്സ് കളിക്കുക: ഭാവിയിൽ ഈ സ്വകാര്യ വിവരങ്ങൾ വച്ച് എന്തൊക്കെ ചെയ്യണമെന്ന് ഗൂഗിളിനു പോലും ഒരു പിടിയില്ല. ഇത്തരം വിവര ഉപയോഗത്ത്െനിയന്ത്രിക്കുന്ന ഒരു നിയമവും ഒരിടത്തും ഇല്ല. അങ്ങനത്തെ ഒരു സാധനം വച്ചാണ് കളിക്കുന്നത്. സ്വന്തം രഹസ്യങ്ങൾ കോർപ്പറേറ്റുകൾക്ക് കൊടുത്തിട്ടുള്ള കളി വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവനവന്റെ വിവേചനശക്തിയാണ്.

വാൽക്കഷണം: വടയുമായി മരക്കൊമ്പിലിരുന്ന കാക്കയോട്, നീയെത്ര മധുരമായി പാടുന്നു എന്ന് മുഖസ്തുതി പറഞ്ഞ കുറുക്കനാണ് ഗൂഗിൾ!

 


Leave a Reply

Your email address will not be published.