My momma always said, “Life was like a box of chocolates. You never know what you’re gonna get.”
1994-ഇല് പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു വാചകമാണ് ഇത്. ഹോളിവുഡ് ചിത്രങ്ങളില്‍ വച്ച് തന്നെ വളരെ വത്യസ്തമായ ഒരു ചിത്രമാണ് ഫോറസ്റ്റ് ഗംപ്. ടോം ഹാങ്ക്സ്, ഗാരി സിനിസ്, റോബിന് റൈറ്റ് എന്നിവരൊക്കെ അഭിനയിച്ച ഈ പടം ടോം ഹാങ്ക്സ്-ന്റെ കരിയറിലെ തന്നെ മികച്ച പടമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്ന ഈ പടത്തില്‍, ചരിത്രം തന്നെ ഒരു കഥാപാത്രമായി മാറുന്നു! എന്നാല്‍ ഇതൊരു ചരിത്ര സിനിമ അല്ല താനും!
കഥ ആരംഭിക്കുന്നത് 1981-ഇല് ജോര്‍ജിയയിലെ ഒരു ബസ് സ്റ്റോപ്പില്‍ ആണ്. ബസ് കാത്തിരിക്കുന്ന ഒരു സ്ത്രീയ്ക്ക് ചോകലെറ്റ് കൊടുത്തുകൊണ്ടു ഫോറസ്റ്റ് ഗംപ് സ്വയം പരിചയപ്പെടുത്തുന്നു. തന്റെ ജീവിതത്തിലെ ഓരോ ചെറിയ കാര്യവും വളരെ വ്യക്തതയോടും അതെ വികാരങ്ങളോടും കൂടി മടുല്ലവരോടു പങ്കുവയ്ക്കുകയാണ്. അതിനാല്‍ തന്നെ, തന്റെ ജീവിതത്തെ സ്വന്തം കാഴ്ചപാടില്‍ നിന്നുകൊണ്ട് നറേറ്റ് ചെയ്യുകയാണ് ഫോറസ്റ്റ്.
വളരെ കുറഞ്ഞ ഐ ക്യു ഉള്ള കുഞ്ഞു ഫോറസ്റ്റ്-നെ സ്നേഹനിധിയായ അമ്മ പബ്ലിക് സ്കൂളില്‍ തന്നെ ചേര്‍ക്കുന്നു. സ്കൂളിലേക്കുള്ള ആദ്യ ദിവസത്തില്‍, ഫോറസ്റ്റ്-ന്റെ ഭാഷയില്‍, ലോകത്തിലെ ഏറ്റവും സുന്ദരമായ വസ്തു- ജെന്നി-യെ കാണുന്നു. മുതുകിന്റെ വളവു മാറാനായി കാലിനു ബ്രേസ് ഇട്ടിരുന്ന ഫോറസ്റ്റ്-നെ ജെന്നി തന്റെ അടുത്തു ഇരിക്കാന്‍ അനുവദിക്കുന്നു. കൂടെ പഠിക്കുന്ന കുട്ടികള്‍ ഇപ്പോഴും ഫോറസ്റ്റ്-നെ പഴങ്ങള്‍ കൊണ്ട് എറിയുകയും, തല്ലാന്‍ ഓടിക്കുകയും ഒക്കെ ചെയ്യും… അങ്ങിനത്തെ ഒരു ദിവസം, ഗംപ് തന്റെ കാലിലെ ബ്രേസ് ഒടിയുന്നത്ര വേഗതയില്‍ ഓടുന്നു. “ഓട്ടം” എന്നത് തനിക്കും കഴിയുന്ന ഒരു കാര്യമാണെന്ന് മനസ്സിലാക്കിയ ഫോറസ്റ്റ്, അതിനു ശേഷം എവിറെക്കെന്കിലും പോവുകയാണെങ്കില്‍ ഓടിയെ പോകൂ! കാലം പോകവേ, ജെന്നിയും ഫോരസ്ടും സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നു. ഇന്നും, സഹപാഠികള്‍ ഫോരസ്റിനെ ഓടിക്കുന്നു!! അങ്ങനെ ഒരു നാള് ഓടി തുടങ്ങിയ ഫോറസ്റ്റ്, അലബാമ യുനിവേര്സിടി റഗ്ബി കളിച്ചുകൊണ്ടിരുന്ന മൈതാനത്തിനു നെടുകെ, അവിടത്തെ ഏറ്റവും മികച്ച ഓട്ടക്കാരനെയും തോല്‍പ്പിച്ച് ഓടുന്നത് കണ്ട കോച്ച്, ഫോറസ്റ്റ്-നെ കുറിച്ച് അന്വേഷിക്കുകയും, അവനു കോളജില്‍ സീറ്റ് കൊടുക്കുകയും ചെയ്തു. കോളജ് പഠന കാലത്ത് ഏറെ നേരവും റഗ്ബി കളിച്ചു നടന്നതിനാല്‍, അഞ്ചു വര്‍ഷം കൊണ്ട് ഗ്രാജ്വേഷന് തീര്‍ത്തു! ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിയെ കാണാനുള്ള അവസരവും ലഭിച്ചു.
കോളേജ് പഠനത്തിന് ശേഷം ഫോറസ്റ്റ് പട്ടാളത്തില്‍ ചേര്‍ന്ന് വിയട്നാം യുദ്ധത്തില്‍ പങ്കെടുത്തു. പട്ടാള ജീവിതം ഫോരസ്ടിനു ജീവിതത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശി. പുതിയ ഒരു കൂട്ടം ആളുകളുടെ ഇടയില്‍ വളരെ വ്യത്യസ്തനായ ഒരുവനായിരുന്നു ഫോറസ്റ്റ് . പ്രധാനമായും ബുബ്ബ എന്ന കറുത്ത വര്‍ഗ്ഗക്കാരനും പ്ലാറ്റൂണ്‍ തലവനായ ആയ ലെഫ്ടനന്റ്റ് ഡാന്‍ എന്നയാളും ആയിരുന്നു ഫോറസ്റ്റ്നോട് വളരെ അടുത്തത് . ബുബ്ബക്ക് ഏതു നേരവും ഒരു വിചാരമേ ഉള്ളൂ. യുദ്ധം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയാല്‍ ഒരു ബോട്ട് വാങ്ങണം. എന്നിട്ട് വീട്ടുജോലിക്കാരിയായ അമ്മയെ നന്നായി പരിച്ചരിക്കണം. ചെമ്മീന്‍ വളരെ അധികം കിട്ടുന്ന ഒരു സ്ഥലത്താണ് ബുബ്ബയുടെ വീട്. അവന്റെ അമ്മ ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിപുണയാണ്. അതിനെ കുറിച്ചൊക്കെ എപ്പോളും ഫോറസ്ടിനോടു പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ ഒരു ദിവസം ഫോറസ്റ്റ് ബുബ്ബയ്ക്ക് ഒരു വാക്ക് കൊടുത്തു. ബുബ്ബയുടെ ബോട്ടില്‍ താനും കൂട്ടാളിയായി ഉണ്ടാവും എന്ന്. നിര്‍ഭാഗ്യവശാല്‍ ഒരു എന്കൌണ്ടറില് ബുബ്ബ മരിക്കുകയും ലെഫ്. ഡാനിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഡാന്‍ തന്നെ ഉപേക്ഷിച്ചു പോകാന്‍ ഫോരസ്ടിനോട് പറഞ്ഞു. പക്ഷെ തന്റെ തലവനെ വിട്ടു പോകാന്‍ ഫോറസ്റ്റ് തയാറായില്ല. ഡാനിനെ രക്ഷിച്ചു കൊണ്ട് പോകുന്നതിനിടയില്‍ ഫോരസ്ടിന്റെ ചന്തിക്ക് നാലഞ്ചു വെടി കൊണ്ടതിനാല്‍, ഫോരസ്ടിനെയും ആശുപത്രിയില്‍ ആക്കുന്നു.
പിന്നീട് സഹപ്രവര്‍ത്തകനെ സാഹസികമായി രക്ഷിച്ചതിന് ഫോരസ്ടിനു മെഡല്‍ ഓഫ് ഹോണര്‍ കിട്ടുന്നു! ഫോരസ്റിനെ ആശുപത്രി വാസതിനിടയില് മറ്റുള്ള പട്ടാളക്കാര്‍ പിംഗ് പോംഗ് കളിക്കുന്നത് ശ്രദ്ധിച്ചു. അത് വരെ ടേബിള്‍ ടെന്നീസ് കളിക്കാത്ത ഫോരസ്ടിനു സംഗതി വളരെ ഇഷ്ടപ്പെടുകയും മറ്റൊരു പട്ടാലക്കാരനില് നിന്നും കളി പഠിക്കുകയും ചെയ്യുന്നു. ഒരേ ഒരു പാഠം. എന്തുവന്നാലും പന്തില്‍ നിന്ന് കണ്ണെടുക്കരുത്! ആ ഉപദേശം അവന് വേദവാക്കാക്കി. ആശുപത്രിയില്‍ തന്നെ പലരുമായും കളിച്ചു… ജയിച്ചു. പിന്നെ കൂടെ കളിക്കാന്‍ ആരും ഇല്ലാത്തപ്പോള്‍ ടേബിള്‍ ടെന്നീസ് ബോളിനെ ചുമരില്‍ തട്ടി സ്വയം കളിച്ചു തുടങ്ങി. പിന്നെ പിന്നെ, ടേബിള്‍ ടെന്നീസ് ബാറ്റ് എന്നത് ഗംപിന്റെ ഒരു ശരീര അവയവം പോലെ വഴങ്ങാന്‍ തുടങ്ങി! ആശുപത്രി വിട്ട ശേഷം, ആര്‍മിയുടെ ടേബിള്‍ ടെന്നീസ് ടീമില്‍ കളി തുടങ്ങി. അക്കാലത്ത് “Ping pong diplomacy” നടന്നു വന്നതിനാല്‍, ഗംപിനെ ചൈനയിലേക്ക് കളിക്കാന്‍ അയച്ചു. അവിടെയും എല്ലാ കളികളിലും വിജയിച്ചു തിരികെ വന്ന ഗംപിനെ കാത്തു ഒരുപാട് കമ്പനിക്കാര് അവരുടെ പരസ്യത്തിനായി ഗംപിനെ ബുക്ക് ചെയ്യാന്‍ നിന്ന്. അതില്‍ ഒന്ന്, ഗംപ് ചൈനയില്‍ ഉപയോഗിച്ച നിരത്തിലെ ഒരു ടി ടി ബാറ്റ് കമ്പനിയായിരുന്നു. അവര്‍ ഗംപിന്റെ അമ്മയുടെ കയ്യില്‍ $25000 പ്രതിഫലമായി കൊടുത്തിട്ട് പോയി. ഗംപ് ആ പണം കൊണ്ട് ഒരു ബോട്ട് വാങ്ങി.
അങ്ങനെ ബുബ്ബായ്ക്ക് കൊടുത്ത വാക്ക് പാലിച്ചു. അങ്ങനെയിരിക്കെ രണ്ടു കാലുകളും യുദ്ധത്തില്‍ നഷ്ടപ്പെട്ട ലെഫ് . ഡാന്‍ ഗംപിനെ തേടിയെത്തി. തുടര്‍ന്ന് അവര്‍ ഇരുവരും മീന്‍പിടിത്തം തൊഴിലാക്കി. പക്ഷെ രണ്ടു പേര്‍ക്കും ഈ തൊഴിലില്‍ പരിചയമില്ലാത്തതിനാല്‍ ദിവസവും കടലില്‍ പോയി വരുന്നതല്ലാതെ ഒരു മീനിനെ പോലും കിട്ടുന്നില്ല. അങ്ങനെയിരിക്കെ ഒരു നാള് റേഡിയോയില്‍ ചുഴലിക്കാറ്റ് ഭീഷണിയെ കുറിച്ച് അറിയിപ്പുണ്ടായി. ഗംപിന്റെ ബോട്ട് ഒഴികെ ബാക്കി ആരും അന്ന് കടലില്‍ പോയില്ല. കൊളിളക്കത്തിലും അവര്‍ക്ക് അന്ന് വല നിറയെ മീന്‍ കിട്ടി. ഇങ്ങു കരയിലാകട്ടെ കാര്‍മെന്‍ ചുഴലിക്കാറ്റില്‍ ഹാര്‍ബറില്‍ കിടന്ന എല്ലാ ബോട്ടുകളും കേടുപാടുകള്‍ പറ്റി. അന്ന് മുതല്‍ ഗംപിന്റെ നല്ലകാലം തുടങ്ങി. കാരണം മറ്റു ബോട്ടുകള്‍ ഒന്നും കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ്. വളരെ പെട്ടെന്ന് തന്നെ ഗംപിന്റെ മീന്‍ കമ്പനി പിക്ക് – അപ്പ് ആയി! കമ്പനിയുടെ പേര്: ബുബ്ബാ-ഗംപ് ശ്രിമ്പിംഗ് കോര്പറേഷന് . കമ്പനി ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. ആ ഹാര്‍ബറിലെ എല്ലാ ബോട്ടും ഗംപ് വാങ്ങി! ഈ വക നിര്‍ണായക ബിസിനസ് തീരുമാനങ്ങളൊക്കെ ഡാന്‍ ആണ് ചെയ്തിരുന്നത്.
ഒരിക്കല്‍ ഗംപിനു ഒരു ലെറ്റര്‍ വന്നു. അതിനെ കുറിച്ച് ഗംപ് അമ്മയോട് പറഞ്ഞത്- “കിട്ടുന്ന കാശൊക്കെ ചിലവാക്കാതെ എവിടെയെങ്കിലും നിക്ഷേപിക്കണം . എന്നാലേ ഭാവി സുരക്ഷിതമാവൂ എന്ന് ഡാന്‍ പറഞ്ഞു. അതോ ഒരു പഴക്കടയില്‍ നിക്ഷേപം നടത്തിയതിന്റെ രേഖകളാണ് ഈ ലെറ്റര്‍ എന്ന്”. വാസ്തവത്തില്‍ അത് “ആപ്പിള്‍ ” കമ്പനിയില്‍ ഷെയര്‍ വാങ്ങിയതിനെ രേഖകള്‍ ആയിരുന്നു.!!
ഈ വക നിക്ഷേപങ്ങളില്‍ നിന്നൊക്കെ ഗംപിനു ധാരാളം വരുമാനം ഉണ്ടാവാന്‍ തുടങ്ങിയപ്പോള്‍ അവന് ചില കാര്യങ്ങള്‍ ചെയ്തു. പ്രധാനമായും, ബുബ്ബായുടെ അമ്മക്ക് കമ്പനി ലാഭത്തിന്റെ സിംഹ ഭാഗവും കൊടുത്തു (അവര്‍ ഇനി ആരുടേയും വീട്ടു ജോലി ചെയ്യണ്ട). ഗ്രീന്ബോ പള്ളി പുതുക്കി പണിഞ്ഞു. പുതിയ ഒരു ആശുപത്രി കെട്ടി കൊടുത്തു… ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്. ആ ദിവസങ്ങളില്‍ ഒന്നില്‍ ഗംപിന്റെ അമ്മ മരിച്ചു പോയി. ആ അമ്മയും മകനുമായി നടക്കുന്ന അവസാന സംഭാഷണങ്ങള്‍ തികച്ചും വികാരഭരിതം ആണ്.
പെട്ടെന്നൊരു നാള് ജെനി ഗംപിനെ തേടി വന്നു. അവള് അവനെ സ്നേഹിക്കുന്ന കാര്യം തുറന്നു സമ്മതിച്ചു. അന്ന് ഒരു രാത്രി അവര്‍ ഒരുമിച്ചു ചിലവഴിച്ചു. അടുത്ത നാള് രാവിലെ ഗംപ് ഉണരുന്നതിനു മുന്നേ, ജെനി അവിടം വിട്ടു പോയി. ഉണര്‍ന്നെണീറ്റ ഗംപ് എന്ത് ചെയ്യണമെന്നറിയാതെ പഴയത് പോലെ ഓടി. ആദ്യം തെരുവിന്റെ അങ്ങേ തലക്കല്‍ വരെ ഓടാം എന്ന് തുടങ്ങി. പിന്നെ, കൗണ്ടിയുടെ അറ്റം, സംസ്ഥാനത്തിന്റെ അറ്റം, അമേരിക്കയുടെ അറ്റം എന്നിങ്ങനെ തന്റെ ലക്ഷ്യം മാറ്റി മാറ്റി ഓടി. ഒരുനാള്‍ കിഴക്കന്‍ തീരത്ത് എത്തിചേര്‍ന്നു. ഇനി എന്ത് എന്ന് കുറച്ചു നേരം ആലോചിച്ച ശേഷം തിരികെ ഓടാന്‍ തുടങ്ങി. കിഴക്കന്‍ തീരത്ത് നിന്നും പടിഞ്ഞാറന്‍ തീരം വരെ.
അങ്ങനെ മൂന്നാം തവണ ഓടാന്‍ തുടങ്ങുമ്പോഴേക്കും ഗംപ് വീണ്ടും ഒരു സെലിബ്രിറ്റി ആയി കഴിഞ്ഞിരുന്നു. എന്തിനു വേണ്ടി ആണ് ഗംപ് ഓടുന്നത് എന്ന് ആര്‍ക്കും അറിയില്ല! ന്യൂസ് ചാനലുകള്‍ അവര്‍ക്കിഷ്ടമുള്ളത് പറഞ്ഞു, ചിലര്‍ പറഞ്ഞു ലോക സമാധാനത്തിന് വേണ്ടിയാണ് ഗംപ് ഓടുന്നത് എന്ന്. പക്ഷെ ഗംപ് ഒന്നും മിണ്ടാതെ ഓടിക്കൊണ്ടേ ഇരുന്നു. പൊതു ജനങ്ങളില്‍ പലരും ഗംപിന്റെ പിന്നാലെ ഓടി തുടങ്ങി. (ഈ സീനോന്നും എഴുതി ഫലിപ്പിക്കാന്‍ കഴിയില്ല… സിനിമ കണ്ടാലെ രക്ഷയുള്ളൂ!). പെട്ടെന്ന് ഒരുനാള്‍, ഒരു മരുഭൂമിയുടെ നടുവില്‍ ഗംപ് ഓട്ടം നിര്‍ത്തി. എന്ത് പറ്റി എന്ന് കൂടെയുള്ള ഒരുവന് ചോദിച്ചപ്പോള്‍, “I wanna go home”. എന്ന് മാത്രം പറഞ്ഞു!
തിരികെ വീട്ടില്‍ എത്തിയ ഗംപിന് ഒരു കത്ത് കിട്ടി. ജെനിയുടെതായിരുന്നു ആ കത്ത്. ദൂരെയുള്ള ഒരു നഗരത്തില്‍ താനുണ്ട് എന്നും തന്നെ വന്നു കാണാനും ഉള്ള അപേക്ഷയായിരുന്നു കത്തില്‍ . അങ്ങനെ ആ യാത്രക്കായി ബസ് കാത്തു ഇരിക്കുമ്പോളാണ് ഗംപ് തന്റെ കഥ അടുതിരുന്നവരോട് പറഞ്ഞത് ! അവിടെ ഉണ്ടായിരുന്ന ഒരു അമ്മൂമ്മയാണ്, ആ സ്ഥലത്തേക്ക് ബസിന്റെ ആവശ്യമില്ല നടന്നു പോകാവുന്ന ദൂരമേ ഉള്ളൂ എന്ന് പറഞ്ഞത് . കേട്ടപാതി കേള്കാത്ത പാതി ഗംപ് ഓട്ടം തുടങ്ങി. അവിടെ ജെനി തന്റെ മകനെ വളര്‍ത്തുന്നതാണ് ഗംപ് കാണുന്നത്! പക്ഷെ അവന് സ്മാര്‍ട്ട് ആണോ എന്നാ സംശയം ആണ് ആദ്യം ഗംപിനുണ്ടായത്. അതിനു ശേഷം അച്ഛനും മകനും തമ്മില്‍ പരിചയപ്പെടുന്ന രംഗം.. ജെം!
ജെനി എന്തോ മാരാരോഗത്തിന് അടിമയായിരുന്നു. അതിനാലാണ് ഗംപിനെ വിളിച്ചു വരുത്തിയത് . പിന്നീട് ഡാന്‍ വിവാഹിതനാവുന്നു. അതിനു കുറച്ചു നാള്‍ക്കു ശേഷം ജെനി മരിച്ചു പോയി. ഗംപ് തന്റെ മകനെ സ്കൂളില്‍ അയക്കാനായി ബസ് കാത്തു നില്ക്കുന്നു. പണ്ട് ഗംപ് സ്കൂളില്‍ പോയ്കൊണ്ടിരുന്ന അതെ വണ്ടി, അതെ ഡ്രൈവര്‍ … ചരിത്രം ആവര്‍ത്തിക്കുന്നു….
കഥ അവിടെ തീരുന്നു… ശുഭം.
ടോം ഹാങ്ക്സ് എന്നാ അനുഗ്രഹീത നടന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് എന്ന് ഈ സിനിമയെ പറഞ്ഞാല്‍ അതില്‍ തീരെയും അതിശയോക്തി കാണേണ്ടതില്ല. ഇനി ഒരു കാര്യം… ഈ പറഞ്ഞതൊന്നും അല്ല… സിനിമ കണ്ടാല്‍ അറിയാം. ഇന്ത്യന്‍ സിനിമയില്‍ പോലും ഇത്രയും നാടകീയമായ സിറ്റുവേഷനുകള്‍ ഉണ്ടായിട്ടില്ല. സിനിമകളിലെ ഒരു രത്നമാണ് ഫോറസ്റ്റ് ഗംപ് !
//
//