ഈരം – സിനിമ


തമിഴ് സിനിമകള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. തിരഞ്ഞെടുക്കുന്ന പ്രമേയമാകട്ടെ, അത് അവതരിപ്പിക്കുന്ന രീതിയാകട്ടെ, എന്തിലും ഒരു വ്യത്യസ്തത അവര്‍ തരും. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന രീതിയില്‍ ഇവിടെ ചിത്രങ്ങള്‍ എടുക്കുന്നത് വളരെ വിരളം. എന്നാല്‍ , പൊതുവേ നമ്മള്‍ മലയാളികള്‍ക്ക് ഉള്ള ഒരു ധാരണ- തമിഴില്‍ പണം വാരി എറിഞ്ഞാണ് ഹിറ്റുകള്‍ ഉണ്ടാക്കുന്നത്, എന്നത് പൊട്ട തെറ്റാണ് എന്ന് തെളിയിച്ച പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് തമിഴ് സിനിമാ ചരിത്രത്തില്‍ തന്നെ ഒരു വമ്പന്‍ ഹിറ്റ് ആയ ‘ചെന്നൈ 600028’ എന്ന ചിത്രം. ഡയറക്റ്റര്‍ ശങ്കര്‍ നിര്‍മ്മിച്ച “കാതല്‍‌ “ ആരും മറക്കാന്‍ ഇടയില്ല. ഇവയൊന്നും തന്നെ പണക്കൊഴുപ്പിന്റെയൊ, താരാരാധനയുടെ പേരിലോ ഹിറ്റ് ആയവ അല്ല. മറിച്ച് നിസ്സാരമായ ഒരു കഥ, മികച്ച സാങ്കേതിക വിദ്യ, അതിലും മികച്ച അവതരണ രീതി. ഇവയുടെ ഔട്ട്പുട്ട് ആണ്.

പൊതുവേ ഡയറക്റ്റര്‍ ശങ്കറിനേ കുറിച്ച് പറയുന്ന ഒരു കാര്യം, ആള് സിനിമ ഡയറക്റ്റ് ചെയ്യുമ്പോള്‍ വളരെ അധികം പണം ചിലവാക്കുകയും, നിര്‍മ്മിക്കുമ്പോള്‍ പിശുക്കനാവുകയും ചെയ്യും എന്നാണ്. എന്നാല്‍, ഈ വാദത്തിനു ഒരു അപവാദമാണ് ഡയറക്ടര്‍ ശങ്കര്‍ നിര്‍മ്മിച്ച്, അറിവഴകന്‍ സം‌വിധാനം ചെയ്ത – ‘ഈരം’.

ഈരം തിയേറ്റര്‍ റിലീസ് പോസ്റ്റര്‍
ഈരം തിയേറ്റര്‍ റിലീസ് പോസ്റ്റര്‍

ഈരം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍, ശങ്കറിന്റെ മുന്‍‌ ചിത്രങ്ങളിലെ പോലെ തന്നെ സൂപ്പര്‍ താരങ്ങള്‍ അല്ല. മറിച്ച്, ഏതാനും ചില ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച നന്ദ, മൃഗം എന്ന വിവാദ ചിത്രത്തിലെ  നായകന്‍ ആദി, സിന്ധു മേനോന്‍, ശരണ്യാ മോഹന്‍, ശ്രീനാഥ് എന്നിവരാണ്. (തമിഴിലെന്താ സുന്ദരിമാരില്ലേ എന്ന് തോന്നിപ്പോകും!).

കഥാപാത്രങ്ങള്‍:

രമ്യ – സിന്ധു മേനോന്‍

ബാലകൃഷ്ണന്‍ (ബാല) – നന്ദ

വാസുദേവന്‍, ACP (വാസു) – ആദി

ദിവ്യ – ശരണ്യ

വിഘ്നേഷ് (വിക്കി), ബാലയുടെ സുഹൃത്ത് – ശ്രീനാഥ്

പ്രമേയം അല്പം പഴയത് തന്നെ. ഒരു ഭാര്യ ദുരൂഹ സാഹചര്യങ്ങളില്‍ മരിക്കുന്നു. അവരുടെ അപ്പാര്‍ട്ട്മെന്റിലെ തന്നെ ചില വ്യക്തികളും തുടരെ മരിക്കുന്നു. ഈ കേസ് അന്വേഷിക്കാന്‍ നായികയുടെ കലാലയ കാല പ്രണയിതാവ് വരുന്നു. ആത്മഹത്യ എന്ന് തീര്‍പ്പാക്കിയ കേസ് വീണ്ടും കുത്തിപ്പൊക്കി അന്വേഷണം തുടങ്ങുന്നു. ഒരു തുമ്പും ഇല്ലാത്ത കേസ് അന്വേഷിച്ച് തുടങ്ങുന്ന നായകന്, ഏതോ ഒരു ശക്തി മുന്നോട്ട് നീങ്ങാനുള്ള ലീഡുകള്‍ കൊടുത്തുകൊണ്ടിരിക്കുന്നു. അവിടെയാണ് സംവിധായകന്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. സാധാരണാ സോ കാള്‍ഡ് പാണ്ടിപ്പടങ്ങളിലെ പോലെ വെള്ള സാരി ഉടുത്ത പ്രേതം വന്ന് പറയുകയല്ല. മറിച്ച്  താന്‍ മരിക്കാനുണ്ടായ സാഹചര്യങ്ങള്‍ വീണ്ടും വീണ്ടും കാണിച്ചു കൊടുത്താണ് കഥ മുന്നോട്ട് പോകുന്നത്.

മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുമായി ആശയ വിനിമയം നടത്തുന്നുണ്ടോ? അഥവാ നടത്താനാവുമോ എന്നത് ശാസ്ത്രീയമായ അടിത്തറ ഇല്ലാത്ത ഒരു കാര്യമായിരിക്കാം. പക്ഷേ, മരണാനന്തര ജീവിതം എന്നത് വിശ്വസിക്കുന്നവര്‍ക്ക് ഈ സിനിമ ദഹിക്കും. അല്ലാത്തവര്‍ക്ക് ഒരു ഡൈജീന്‍ കൂടി വേണ്ടി വരും! ഓരോ മരണം നടക്കുന്നതിനും തൊട്ട് മുന്‍പ്, അടുത്തമരണത്തിന്റെ സൂചന തരുന്ന രീതി നന്നായി. ചുവന്ന നിറം, ഈര്‍പ്പം എന്നിവ സംവിധായകന്‍ ശരിക്കും ഉപയോഗിച്ചിരിക്കുന്നു. പടത്തിന്റെ ആദ്യം മുതല്‍ അവസാനം വരെയും ഉള്ള ഒരു കഥാപാത്രവും ഇതേ ഈര്‍പ്പം ആണ്.

ഈ സിനിമയിലെ എടുത്ത് പറയേണ്ട മറ്റൊരു സംഗതി സംഗീതമാണ്. ബോയ്സ് എന്ന പടത്തില്‍ കൃഷ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തമന്‍ ആണ് സംഗീത സംവിധായകന്‍‌ . മൂന്ന് പാട്ടും സ്കോറും മികച്ചതാണ്. അതിലും, “തറയിറങ്കിയ പറവൈ പോലവേ“ എന്ന പാട്ടാകട്ടെ പുതുമയും അതോടൊപ്പം തന്നെ സിനിമയുടെ പേരിലുള്ള ഈര്‍പ്പവും ഉള്ളതാണ്. നൂറില്‍ നൂറ്! കേട്ട് നോക്കൂ:

ഇതിനു താഴെ, സിനിമയുടെ സസ്പന്‍സ് ഞാന്‍ എഴുതുന്നുണ്ട്. ഈ സിനിമ കാണണം എന്നുള്ളവര്‍ താഴോട്ട് വായിക്കാതിരിക്കുന്നതാണ് നല്ലത്. ഇവിടം മുതല്‍ താഴെ കാണുന്ന # സിമ്പല്‍ വരെ സെലെക്റ്റ് ചെയ്യുക.

എന്തിനും ഏതിനും സെക്കന്‍ഡ് ഹാന്ഡ് എന്നതിനു തന്റെ ജീവിതത്തില്‍ സ്ഥാനമില്ല എന്ന് തീരുമാനമുള്ള ആളാണ് രമ്യയുടെ ഭര്‍ത്താവ് ബാല. ഒരിക്കല്‍ റസ്റ്ററന്റില്‍ വച്ച് പഴയ ഒരു കോളജ് കൂട്ടുകാരിയെ കാണുന്നു. പക്ഷെ, അവളുടെ ഭര്‍ത്താവല്ല അവളോടൊപ്പം എന്ന് മനസ്സിലാക്കുന്ന ബാലയും വിക്കിയും ഇന്നത്തെ കാലത്തെ പെണ്‍കുട്ടികളുടെ രീതികളെ കുറിച്ച് സംസാരിക്കുന്നു. ഈ അവസരത്തില്‍ വിക്കി പറയുന്നു, ഭര്‍ത്താക്കന്മാര്‍ ജോലിക്ക് പോയ്ക്കഴിഞ്ഞാല്‍ പല ഭാര്യമാരും അന്യ പുരുഷന്മാരെ വീട്ടിലേക്ക് വിളിക്കാറുണ്ട് എന്ന്. ഇത് മുതല്‍ ബാലയ്ക്ക് രമ്യയെ സംശയമായി തുടങ്ങുന്നു. ഒരു സമയം രമ്യ തന്റെ പ്രണയത്തെക്കുറിച്ച് ബാലയോട് പറയുന്നു. അതിനു ശേഷം പലപ്പോഴും ബാല രമ്യയെ പഴയ പ്രേമത്തിന്റെ കാര്യം പറഞ്ഞ് കുത്തി നോവിക്കുന്നു.

ഈ സംഭവങ്ങള്‍ക്ക് സമാന്തരമായി, ബാലയുടെ ഫ്ലാറ്റിന്റെ എതിര്‍ ഫ്ലാറ്റിലെ ഒരു പെണ്‍കുട്ടിക്ക് ഒരു പയ്യനുമായി അവിഹിതം ഉള്ളത് കാണിക്കുന്നു. രണ്ടുംകൂടി ഇടക്കിടെ വീട്ടില്‍ വച്ച് തന്നെ ഡിങ്കോള്‍ഫിക്കേഷന്‍ ആക്കുന്നു. ഇത് അറിയുന്ന രമ്യ ആ പെണ്‍കുട്ടിയെ ഉപദേശിക്കാന്‍ ശ്രമിക്കുന്നു. രമ്യ കാര്യമറിഞ്ഞു എന്നറിഞ്ഞ ആ പയ്യന്‍ , താന്‍ രമ്യയെ കാണാനാണ് അവിടെ വന്നത് എന്ന രീതിയില്‍ പലരും ശ്രദ്ധിക്കുന്ന രീതിയില്‍ തന്നെ വരുത്തി തീര്‍ത്തു. ഇടക്ക് ഒരു ഞരമ്പ് അമ്മാവന്റെ കാര്യവും പറയുന്നു. അതും രമ്യയുടെ അറിവില്‍ വരുന്നു. ഇങ്ങനെ രമ്യയ്ക്ക് അറിയാവുന്ന അവിഹിത-ഞരമ്പ് ടീമുകളൊക്കെ ചേര്‍ന്ന്, രമ്യക്ക് അവിഹിതമുണ്ട് എന്ന് വരുത്തിതീര്‍ക്കുന്നു. “സെക്കന്‍ഡ് ഹാന്‍ഡ്“ ആയ ഭാര്യയെ തനിക്ക് വേണ്ട എന്ന് തീരുമാനിക്കുന്ന ബാല, കാപ്പിയില്‍ ഉറക്ക ഗുളിക ഇട്ട് രമ്യക്ക് കൊടുക്കുന്നു. ബോധ രഹിതയാകുമ്പോള്‍ ബാത്ത് റ്റബ്ബില്‍ ഇട്ട് വെള്ളം തുറന്ന് വിടുന്നു. രമ്യ തന്നെ തന്റെ കൈപ്പടയില്‍ തന്നെ മുന്‍പ് എഴുതിയ ഒരു ആത്മഹത്യ കുറിപ്പ് ഇതിനു വേണ്ടി ഉപയോഗിക്കുന്നു.

മരിച്ചവര്‍ അവര്‍ മരിച്ച സാഹചര്യങ്ങളെ മീഡിയമാക്കി ജീവിച്ചിരിക്കുന്നവരോട് ആശയ വിനിമയം നടത്തും  എന്ന ഒരു കോണ്‍സപ്റ്റിലാണ് പടം നടക്കുന്നത്. വെള്ളം, ചുവപ്പ് നിറം, ലെഫ്റ്റ് ഹാന്‍ഡഡ് ആയ രമ്യ എന്നീ കാര്യങ്ങള്‍ വളരെ അധികം സ്വാധീനം ചെലുത്തുന്നു. രമ്യ, ദിവ്യയിലൂടെ സംസാരിക്കുമ്പോള്‍ ദിവ്യ ഇടം കൈ ഉപയോഗിക്കുന്നതും, ഒടുവില്‍ ബാലയിലൂടെ തന്നെ സത്യം പുറത്ത് കൊണ്ടുവരുന്നതും അല്പം സിനിമാറ്റിക്ക് ആയി എങ്കില്‍ പോലും, തീര്‍ച്ചയായും പുതുമ അവകാശപ്പെടാം.

#

മൊത്തത്തില്‍ പടം ഓക്കേ ആണ്‍!


3 responses to “ഈരം – സിനിമ”

 1. “തമിഴ് സിനിമകള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. തിരഞ്ഞെടുക്കുന്ന പ്രമേയമാകട്ടെ, അത് അവതരിപ്പിക്കുന്ന രീതിയാകട്ടെ, എന്തിലും ഒരു വ്യത്യസ്തത അവര്‍ തരും. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന രീതിയില്‍ ഇവിടെ ചിത്രങ്ങള്‍ എടുക്കുന്നത് വളരെ വിരളം.“

  തമിഴില്‍ പ്രതിദിനം വരുന്ന സിനിമകള്‍ എല്ലാം കാണുന്ന ശീലം സന്തോഷിന് ഇല്ലെന്ന് തോന്നുന്നു! ഒരു മാധ്യമപ്രവര്‍ത്തകനായതിനാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി തമിഴ് സിനിമകളുടെ പ്രിവ്യൂ കാണുക എന്ന ദുര്‍ഗതി ബാധിച്ച ഒരാളാണ് ഞാന്‍. എന്റെ അനുഭവം വച്ച് നോക്കുകയാണെങ്കില്‍, നല്ലതെന്ന് പറയാല്‍ വിരലിലെണ്ണാവുന്ന തമിഴ് സിനിമകളേ 2009ല്‍ ഇതുവരെ ഉണ്ടായിട്ടുള്ളൂ…

 2. സേതുലക്ഷ്മി :
  “തമിഴ് സിനിമകള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. തിരഞ്ഞെടുക്കുന്ന പ്രമേയമാകട്ടെ, അത് അവതരിപ്പിക്കുന്ന രീതിയാകട്ടെ, എന്തിലും ഒരു വ്യത്യസ്തത അവര്‍ തരും. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന രീതിയില്‍ ഇവിടെ ചിത്രങ്ങള്‍ എടുക്കുന്നത് വളരെ വിരളം.“
  തമിഴില്‍ പ്രതിദിനം വരുന്ന സിനിമകള്‍ എല്ലാം കാണുന്ന ശീലം സന്തോഷിന് ഇല്ലെന്ന് തോന്നുന്നു! ഒരു മാധ്യമപ്രവര്‍ത്തകനായതിനാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി തമിഴ് സിനിമകളുടെ പ്രിവ്യൂ കാണുക എന്ന ദുര്‍ഗതി ബാധിച്ച ഒരാളാണ് ഞാന്‍. എന്റെ അനുഭവം വച്ച് നോക്കുകയാണെങ്കില്‍, നല്ലതെന്ന് പറയാല്‍ വിരലിലെണ്ണാവുന്ന തമിഴ് സിനിമകളേ 2009ല്‍ ഇതുവരെ ഉണ്ടായിട്ടുള്ളൂ…

  തമിഴ്‌ സിനിമ എന്ന് ഞാന്‍ പൊതുവാക്കി പറഞ്ഞത് ഒന്ന് തിരുത്തട്ടെ… “മുഖ്യധാര തമിഴ്‌ ചിത്രങ്ങള്‍”. അതായതു ഇടക്ക് ചില ചേട്ടന്മാര്‍ ഇറക്കുന്ന തുക്കടാ പരീക്ഷണ പടങ്ങള്‍ അതില്‍ ഉള്പെടുതണ്ട. ഉദാ: മുത്തിരൈ, കാതല്‍കിറുക്കന്‍ തുടങ്ങിയവ… അതൊക്കെ എന്തിനു എടുക്കുന്നു എന്ന്‍ തന്നെ അറിയാതെ എടുക്കുന്ന പടങ്ങളാ!

 3. Hello Chengadi,
  E nirupana attemp valare nannayi, pakshe enthu tamil cinemaye vanolom pukazthi olla thodakam vizhungan ichiri padanu. Nalla cinema ondarunnu oru kalam undayirnunu oru goldern period. Innum nalla padam edukunavarum undu..pakshe…adhikyama athalla..
  Ente appante kayil panam unda nee ente montha kand patte ennu parayunna nayakanmaru anu kooduthatlum…pinnee ippo tamil industry 90% second hand industry anu…remake allathe mattonnum illa…
  Athinidayil igane chilla nalapdangal varunnu ennu matram….oru pakshe oru nalla kalam varumayirikam….

  enkilum sthithi angane alla…please virodham thonarathu padathinte niroopanamthodu yojikunu..industriepatti abhipraya vetyasam ondu…
  Sree

Leave a Reply

Your email address will not be published.