Categories
Malayalam Posts

ഗതികെട്ടവന്‍ മൊട്ടയടിച്ചാല്‍…

രാവിലെ എണീറ്റ് കണികാണാന്‍ ഒരു കൃഷ്ണന്റെ പടം ഞാനെന്റെ റൂമില്‍ വച്ചിരുന്നു. അതായത്, ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ എന്റെ നേരെ എതിരെയുള്ള ചുമരില്‍ കൃഷ്ണനും രാധയും. ബാച്ചിലേഴ്സിന്റെ റൂം അല്ലെ, കൃഷ്ണന്റെ പടത്തിന്റെ നേരെ എതിരെ മനീഷാകൊയ്‌രാളയുടെ ഒരു ഡിങ്കോള്‍ഫി പടവും ഉണ്ട്.

പതിവ് പോലെ രാത്രി ഞാന്‍ കിടന്നുറങ്ങി. റൂമിലെ മറ്റ് പരിവാരങ്ങള്‍ ഉറങ്ങീട്ടില്ല. അവിടെ രണ്ടാമത്തെ റൌണ്ട് തുടങ്ങുന്നതേ ഉള്ളൂ. അതു തീരണമെങ്കില്‍ മിനിമം രണ്ട് മണിയെങ്കിലും ആകും എന്നത് ഉറപ്പുള്ളത് കൊണ്ടും, എനിക്ക് അടുത്ത ദിവസം രാവിലെ ഒരു കാള്‍ ഉണ്ടായിരുന്നതിനാലും പയ്യെ സ്കൂട്ട് ആയി വന്ന് കിടന്നതാണ്.

രാവിലെ ഉണര്‍ന്ന് ആദ്യം കണ്ടത് മനീഷയുടെ സ്താവര ജംഗമങ്ങളാണ്. ഈസ്സ്രാ… ഞാന്‍ ഞെട്ടി. ഇതെന്താ ഇങ്ങനെ? രാത്രി വല്ല ഭൂകംബവും ഉണ്ടായോ ആവൊ… ഞാന്‍ കിടന്നതിന്റെ നേരെ ഓപ്പസിറ്റ് ദിശയിലാണ് ഇപ്പോള്‍ കിടക്കുന്നത്. ഇന്നലെ രാത്രി വെള്ളമടിച്ചവന്മാര്‍ എന്റെ ഒരു ദിവസം കോഞ്ഞാട്ടയാക്കാന്‍ ചെയ്ത പണിയാണ്. എന്നെ പൊക്കി എതിര്‍ ദിശയില്‍ കിടത്തി.(പടം മാറ്റി വച്ചാല്‍ പോരായിരുന്നോ എന്ന് നിങ്ങള്‍ ചോദിക്കും. എല്ലാം ഭയങ്കര ഈശ്വര വിശ്വാസികളാ. വെള്ളമടിച്ച് കൃഷ്ണനെയല്ലാ, കൃഷ്ണന്റെ പടം പോലും തൊടില്ല!) എന്തായാലും മനീഷയുടെ ലത് കണ്ടുകൊണ്ട് ഞാന്‍ കൃഷ്ണ ഭഗവാനെ വിളിച്ചു. പുള്ളി എന്ത് കരുതിക്കാണുമോ ആവോ!

എന്തായാലും പല്ല് തേയ്ക്കാം… നേരെ വാഷ്ബേസിനടുത്ത് പോയി. അവിടെ കണ്ടത് ഞാന്‍ ഞെട്ടി. എന്റെ ബ്രഷ് വച്ച് ഏതോ പുന്നാരമോന്‍ തല ചീകുന്ന ചീപ്പ് ക്ലീന്‍ ചെയ്തിരിക്കുന്നു… ശരി, ബ്രഷ് വേണ്ട കൈ കൊണ്ട് തേയ്ക്കാം. പേസ്റ്റ് തപ്പിയപ്പോള്‍ ഒരുത്തന്‍ പറഞ്ഞു, അത് അച്ചാറ് കുപ്പിയില്‍ ഉണ്ടെന്ന്. ങേ അച്ചാറ് കുപ്പീലൊ? പറ്റിയത്, ഇന്നലെ ഏതോ ഒരു അലവലാതി, വെള്ളമടിച്ച് ഡന്‍സ് ചെയ്തപ്പോള്‍, പേസ്റ്റിന്റെ റ്റ്യൂബില്‍ ചവിട്ടി. പേസ്റ്റ് മൊത്തം റ്റ്യൂബിനു പുറത്ത്. പിന്നെ എല്ലാം കൂടി വഴിച്ച് അച്ചാറ്കുപ്പിയില്‍ ആക്കി വച്ചിരിക്കുന്നു. അതു കഴുകാത്തകുപ്പി. ഈശ്വരാ…

കുളിക്കാം. ബാത്ത്‌റൂമില്‍ കാലെടുത്ത് വച്ചതും, ഏതോ ഒരു അജ്ഞാത ശക്തി എന്റെ കാലും വലിച്ചോണ്ടങ്ങു പോയി. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശിവ ശിവ… പണ്ടാരാണ്ടോ ഒരു ബാത്ത്‌റൂം വീഴ്ച്ച പോസ്റ്റ് ഇട്ടിരുന്നു. അതിന്റെ മറ്റൊരു വേര്‍ഷന്‍ ആയിരുന്നു. നടുവെട്ടി അവിടെത്തന്നെ കിടന്നു കുറേ നേരം. ഒരു വിധത്തില്‍ തലപൊക്കി നോക്കിയപ്പോള്‍ ആ ശക്തി എന്തായിരുന്നു എന്ന് മനസ്സിലായി. 150 ഗ്രാമിന്റെ ലക്സ് സോപ്പ്… കോപ്പ് എന്തായാലും കിട്ടി. വല്ലചാലും കുളിച്ച് വന്ന് എന്റെ വി ഐ പി എവിടെപ്പോയി തപ്പിയപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി. ഇന്നലെ വാള് വച്ചത് തുടക്കാനെടുത്തു! ബാക്കി ഉള്ളതെല്ലാം വെള്ളത്തില്‍ മുക്കുകയും ചെയ്തു. പിന്നെ ഉറങ്ങികിടന്ന ഒരുത്തനെ പൊക്കി, കടയില്‍ പറഞ്ഞ് വിട്ടു. സാധനം വാങ്ങാന്‍. അവന്‍ കുറേ കറങ്ങി എവിടുന്നോ ഒരെണ്ണം ഒപ്പിച്ചു. രാവിലെ വല്ല കടയും തുറന്നാലല്ലേ?! അവനെ കാത്ത് നിന്ന ഗാപ്പില്‍ എന്റെ ലവള് വിളിച്ചു. എന്തോ കണ കുണാ‍ പറയാനാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പൊ തിരക്കിലാ, പിന്നെ വിളിക്കാമെന്ന്.

എന്തായാലും ശകലം സമയമുണ്ടല്ലോ ഒന്ന് മെയില്‍ ചക്കാം. മഷീന്‍ ഓണാക്കി. പെട്ടെന്ന് സുല്‍ അണ്ണന്‍ അവിടെ വന്നോ എന്ന് തോന്നിക്കത്തക്കവണ്ണം ഒരു “ഠേ” ശബ്ദം കേട്ടു. യൂ പീ എസ്സ് അന്ത്യ ശ്വാസം വലിച്ച ശബ്ദമായിരുന്നു അത്. റൂം മൊത്തം വൊയര്‍ കരിഞ്ഞ നാറ്റം. ഉറങ്ങിക്കിടന്നവരൊക്കെ ഉറക്കത്തില്‍ തന്നെ തെറി പറഞ്ഞു. പാവം എന്റെ അച്ഛനും അമ്മയും. പിന്നെ ഞാന്‍ ആ റൂമില്‍ നിന്നില്ല. അടുക്കളയില്‍ ചെന്ന് ഒരു പായ്ക്കറ്റ് മാഗി വെന്ത് തിന്നാം എന്ന ഐഡിയായും ഇട്ട് പോയി. ചീനച്ചട്ടിയുടെ ചെവിയില്‍ പിടിച്ച് പയ്യെ പൊക്കി. അതിന്റെ മാക്സിമം ഹൈറ്റില്‍ എത്തിയപ്പോള്‍, ചീനച്ചട്ടിയുടെ ബോഡിയും ചെവിയും വേര്‍പെട്ടു. ഏതോ ചൈനാക്കാരന്റെ പേരു പറയുന്ന പോലെ ചീനച്ചട്ടി താഴെ വീണു. അതിനും ആരാണ്ടോ എന്താണ്ടോ പറഞ്ഞു. ഇരുന്ന കാരറ്റൊക്കെ അരിഞ്ഞു. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്കിട്ടു, ഉപ്പിട്ടു, വഴറ്റി. ഒന്നര ഗ്ലാസ്സ് വെള്ളം ഒഴിച്ചു. മാഗിയുടെ ഡെപ്പി തുറന്നു. ഞാന്‍ വീണ്ടും ഞെട്ടി. മാഗ്ഗി മാത്രമേ ഉള്ളൂ. അതിന്റെ മസാല ഇല്ല. അതും രാത്രി ടച്ചിങ്സിനെടുത്തു. ഇതിന്റെ ഷോക്കില്‍ നിന്നും എന്നെ ഉണര്‍ത്തിയത് കാരറ്റ് കരിഞ്ഞ നാറ്റമായിരുന്നു.

പാത്രം കഴുകി കമിഴ്ത്തിയപ്പോളേക്കും പോയവന്‍ തിരിച്ചെത്തി. അവന്‍ തന്ന ആ കൌപീനവും ഉടുത്ത് ബാക്കി ഡ്രസ്സിങ്ങും ഒക്കെ കഴിഞ്ഞു മുടി ചീകാന്‍ അലമാരയിലെ കണ്ണാടിയുടെ മുന്നിലെത്തി. കൊള്ളാം സ്മാര്‍‌ട്ട്. കറുത്ത് പാന്റ്, നീല ഷര്‍ട്ട്. അപ്പോളതാ ഒരുത്തന്‍ ഉറക്കച്ചടവോടെ വന്ന്, ഒരു പ്രകോപനവും ഇല്ലാതെ അലമാരക്കിട്ടൊന്ന് തൊഴിച്ചു. അലമാരയുടെ മുകളിലിരുന്ന ഒരു പൊടിപിടിച്ച കാര്‍ഡ്ബോര്‍ഡ് പെട്ടിയും, അതിനടുത്തിരുന്ന വലിയ തുളകളിട്ട നൈസിലിന്റെ കുപ്പിയും എന്റെ മേല്‍ വന്നു പതിച്ചു. തലയിലും ഉടുപ്പിലും ഒക്കെ മാറാലയും വലയും. പാന്റില്‍ നൈസില്‍. ഇന്നത്ത് ദിവസം ഊഗ്രന്‍. എന്ന് ഞാന്‍ മനസ്സില്‍പ്പറഞ്ഞ് വീണ്ടും ഡ്രസ്സ് മാറി, അലമാരയില്‍ നിന്നും കുറേ മാറി നിന്ന് തല ചീകി. ഓടി ചെന്ന് സോക്സും ഷൂസും ഇട്ടു. ബായ് ടാ എന്ന് റൂമിനുള്ളിലേക്ക് വിളിച്ച് പറഞ്ഞ് ഞാന്‍ സ്റ്റെപ്പില്‍ കാലെടുത്ത് വച്ചതും, എസ്കലേറ്ററില്‍ ഇറങ്ങും പോലെ ശടപടശടപടശടപടാന്നങ്ങു താഴോട്ട് പോയി. കൂടെ എന്റമ്മോ എന്നൊരു നെലോളിയും. ഇത്രയും നടന്നിട്ടും എന്റെ കൂട്ടുകാര്‍ ഒറ്റയൊരുത്തന്‍ പോലും പുറത്തേക്ക് വന്നില്ല. പിന്നെ ഞങ്ങടെ എതിര്‍ ഫ്ലാറ്റിലുള്ള 3 സ്ത്രീ രത്നങ്ങള്‍ വന്ന് എന്നെ പൊക്കി സ്റ്റെപ്പില്‍ ഇരുത്തി. നല്ല ചമ്മിയ മുഖത്തോടെ – തേങ്ങ്‌സ് എന്ന് പറഞ്ഞ് എണീക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. എങ്ങനെയോ എന്റെ ഷര്‍ട്ടിന്റെ കുറച്ച് ഭാഗം കീറിപ്പോയി. പിന്നെ വീണ്ടും അത് മാറ്റി, വളരെ സൂക്ഷിച്ച് ഞാന്‍ താഴെ ഇറങ്ങി.

അല്ലെങ്കില്‍ കോവില്‍പ്പട്ടി ബസ്റ്റാന്‍ഡിലെ ഈച്ചപോലെ പറക്കുന്ന ഓട്ടോ ഒരെണ്ണം പോലും കാണാനില്ല. ശരി നടക്കാം. ഒരു 20 അടി നടന്നുകാണും. എവിടെനിന്നെന്നറിയില്ല. മഴ ശ്ശറേന്നങ്ങു പെയ്തു. റോഡ് ക്രോസ്സ് ചെയ്തു കോട്ടാക്ക് സെക്യൂരിറ്റീസിന്റെ ലോഞ്ചില്‍ നില്‍ക്കാമെന്ന് കരുതി വലത്തോട്ട് തിരിയുന്നതിന് ഒരു 50 മില്ലി സെക്കന്‍ഡ് മുന്‍പ്, കുറേ റ്റൂ വീലറുകളും, കാറുകളും വന്നങ്ങ് നിറഞ്ഞു. പിന്നെ മഴയും നനഞ്ഞ് ഓഫീസിലെത്തി. എന്റെ ഐ.പി.എല്‍.സി കോഡ് എഴുതിയ പേപ്പര്‍ നോക്കിയപ്പോള്‍, മഴ നനഞ്ഞ്, എഴുതിയതൊക്കെ മാഞ്ഞ് പോയിരുന്നു.

പിന്നെ മാനേജരെ വിളിച്ച് പുള്ളീടെ കോഡ് വാങ്ങി, അമേരിക്കാക്കയിലുള്ള ക്ലയന്റിനെ വിളിച്ചപ്പോള്‍, ആ പുല്ലന്‍ പറയുന്നു:“I am feeling very sleepy, we can talk day after tomorrow”.

:‘(

മനീഷയുടെ സുന പറ്റിച്ച പണിയേ…
കൃഷ്ണാ ഗുരുവായൂരപ്പാ… ശത്രുവിന് പോലും ഈ ഒരവസ്ഥ കൊടുക്കല്ലേ…

Categories
Malayalam Posts

ഒരു പൂവ്, അവള്‍ക്കായ്

ആര്‍ക്കുവേണ്ടി എന്ന് പോലും ചോദിക്കാതെ സ്വന്തം ജീവന്റെ ഒരു പങ്ക് ദാനം ചെയ്യുന്നത് പുണ്യം എന്നല്ല, മഹാ നിയോഗം എന്നേ പറയേണ്ടൂ. എങ്കിലും അതില്‍ ചിലത് നമ്മെ വളരെ വേദനിപ്പിക്കും. ഒരു യൂണിറ്റ് രക്തം ദാനം ചെയ്താല്‍ ഉണ്ടാവുന്നതിനേക്കാള്‍ ക്ഷീണം അന്നെനിക്ക് അനുഭവപ്പെട്ടു. ചില രാത്രികള്‍ ഇങ്ങനെയാണ്, നല്ല ക്ഷീണത്തിലും ഉറങ്ങാന്‍ കഴിയില്ല.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. വെളുത്ത നിറമുള്ള, നീണ്ട മുടി ഈരിഴയായ് പിന്നി, വെളുത്ത ഉടുപ്പും, പച്ച സ്കര്‍ട്ടും ഇട്ട ഒരു കൊച്ച് സുന്ദരി. ദിവസവും ഞാന്‍ തുമ്പപ്പൂവും, തെറ്റിപ്പൂവും കൊടുക്കുന്ന എന്റെ കൊച്ചുകൂട്ടുകാരി. പെട്ടെന്നൊരു ദിവസം ഞാന്‍ പള്ളിക്കൂടം മാറിപ്പോയി. പിന്നെ കണ്ടത് നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. കാലം രണ്ട് പേരെയും ഒരുപാട് മാറ്റി. ഞാന്‍ ഒരു ഉദ്യോഗസ്ഥനായി. അവളാകട്ടെ, മകള്‍ എന്ന കുപ്പായത്തില്‍ നിന്നും, ഭാര്യ, അമ്മ എന്നിങ്ങനെ വേഷം മാറി. കാലത്തിന്റെ കുത്തൊഴുക്കില്‍ ആരാണ് വേഷം കെട്ടാത്തത്? പക്ഷെ എന്റെ കളിക്കൂട്ടുകാരിയെ മരണക്കിടക്കയില്‍ കാണേണ്ടിവരും എന്ന് ഞാന്‍ കരുതിയിരുന്നില്ല. അവളെക്കണ്ടപ്പോള്‍ ആ‍ ഭൂമി പിളര്‍ന്ന് ഞാന്‍ അതിലേക്ക് വീഴുകയാണെന്ന് തോന്നിപ്പോയി. പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവം തന്നെ അത്. രക്തത്തില്‍ പ്ലാസ്മയുടെ അളവ് കുറഞ്ഞിട്ട് ഉണ്ടാകുന്ന ഏതോ ഒരു മാരകമായ രോഗത്തിന്റെ അടിമയായിരുന്നു അവള്‍.

രക്തത്തില്‍ നിന്നും പ്ലാസ്മ മാത്രം വേര്‍തിരിച്ച് രോഗിക്ക് കൊടുക്കുന്ന സംവിധാനം വരെ നമ്മുടെ നാട്ടില്‍ ലഭ്യമാണ് എന്ന് എനിക്ക് അന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനത്തെ ഒരു യന്ത്രത്തില്‍ ഞാന്‍ എന്നെ തന്നെ കുടുക്കിയിട്ട് കിടക്കുമ്പോള്‍ അടുത്തു നിന്ന നഴ്സാണ് പറഞ്ഞത്, സ്വന്തം നാട്ടുകാരിക്കാണല്ലോ ജീവന്‍ കൊടുക്കുന്നത് എന്ന്. വെറുതെ ഒരു ജിജ്ഞാസയുടെ പേരില്‍ ചോദിച്ചപ്പോള്‍ അവര്‍ രോഗിയുടെ പേര് പറഞ്ഞു. സ്ഥിതി വളരെ ഗുരുതരമാണ് എന്നറിഞ്ഞപ്പോള്‍ ആ രോഗിക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒടുവില്‍ അന്വേഷിച്ച് വന്നപ്പോള്‍ ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത ആ വ്യക്തിയില്‍ ചെന്ന് എന്റെ അന്വേഷണങ്ങള്‍ അവസാനിച്ചു.

അതെ 2005, ജൂണ്‍ 2. എന്റെ കൂട്ടുകാരി എന്നെ വിട്ടു പിരിഞ്ഞ നാള്‍. ഇന്നത്തെ എന്റെ ദിവസം അവള്‍ക്കായി ഞാന്‍ മാറ്റിവയ്ക്കുന്നു. അവളുടെ ആത്മശാന്തിക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു…

Categories
Malayalam Posts

കൊച്ച്

കൊച്ച്, ഞങ്ങടെ കമ്പനിയിലെ പൂമ്പാറ്റയായിരുന്നു. കഴുതയ്ക്കാകുന്ന പോലെ വയസാകുന്നുണ്ടെങ്കിലും നേഴ്സറിപ്പിള്ളാരുടെ സ്വഭാവവും, നിഷ്കളങ്കതയുമായിരുന്നു. കൊച്ച് ഭയങ്കര പഠിപ്പിസ്റ്റ് ആയിരുന്നു. എങ്ങനെയൊ അബദ്ധം പറ്റി, അവള്‍ വന്ന് പെട്ടത് ഞങ്ങടെ കൂടെയും!! കൊച്ച് എന്ത് സംശയം വന്നാലും ഉടന്‍ തന്നെ ക്ലിയര്‍ ചെയ്ത് പോകുന്ന റ്റൈപ്പാണ്. നമ്മളെന്തേലും സംശയം ചോദിച്ചാല്‍ മൈക്രോസോഫ്റ്റിന്റെ സപ്പോര്‍ട്ട് സിസ്റ്റം പോലെ സംസാരിക്കും! കൊച്ചിന്റെ ചില സമയത്തെ ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാരേയും ചിരിപ്പിക്കാറുണ്ടായിരുന്നു. അവയില്‍ ചില സംഭവങ്ങള്‍:

അനില്‍ തന്റെ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ചാര്‍ജ്ജര്‍ അന്വേഷിച്ച് നടക്കുമ്പോള്‍ കൊച്ചിന്റെ അടുത്ത മേശപ്പുറത്ത് ഒരു ചാര്‍ജ്ജര്‍ ഇരിക്കുന്നത് കണ്ടു. അനില്‍ കൊച്ചിനോട്: കൊച്ചേ, അതാരുടെ ചാര്‍ജ്ജറാ?

കൊച്ച് ചാര്‍ജ്ജര്‍ എടുത്തിട്ട്: ഇതു നോക്കിയായുടേയാ.!!

***

പുതുതായി ഒരു പയ്യന്‍ ജോയിന്‍ ചെയ്തു. എല്ലാരും അവനെ പാര്‍ത്ഥസാരഥി എന്ന് വിളിക്കുന്നത് കൊച്ച് കേട്ടു.

കൊച്ച്: പാര്‍ത്ഥസാരഥി, പാര്‍ത്ഥസാരഥി, പാര്‍ത്ഥസാരഥിയുടെ പേരെന്താ?

***

Categories
Malayalam Posts

സന്തോഷ ജ്നമദിനം കുട്ടിക്ക്…

പൊന്നമ്പലത്തിന്റെ ഒന്നാം പിറന്നാളായിരുന്നു. ഈ ഒരു വര്‍ഷം കൊണ്ട്, എനിക്കു ബൂലോഗത്തിനുള്ളിലും പുറത്തുമായി അനേകം സൌഹൃദ ബന്ധങ്ങള്‍ ലഭിച്ചു. അതിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ മനമാര്‍ന്ന നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. ഒരു വല്യ സംഭവമൊന്നും അല്ലെങ്കിലും, എന്നെയും കൂട്ടത്തില്‍ കൂട്ടിയതിനു ചേട്ടന്മാരോട് വളരെ നന്ദി….!!!

പൊന്നമ്പലത്തിന്റെ ഈ അലമ്പ് ബ്ലോഗ് വായിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ക്ഷമക്കുള്ള അവാര്‍ഡ് കിട്ടട്ടെ 🙂

പ്രോത്സാഹനവും പിന്തുണയും ഇനിയും പ്രതീക്ഷിച്ചു കൊണ്ട്

പൊന്നമ്പലം

Categories
Malayalam Posts

ഒരു ടൂവീലര്‍ കഥ

പാത്രപരിചയമാവട്ടെ ആദ്യം. നമ്മുടെ കഥയിലെ നായകന്റെ പേര് മൊട്ട കുമാര്‍. മറ്റൊരു കഥാപാത്രത്തിന്റെ പേര് ചാറ്റു. ഇനി ശകലം ചരിത്രം. ഈ മൊട്ട മൊട്ട എന്ന് പറയുന്ന സാധനം ഒരു വമ്പന്‍ ഉരുപ്പടിയാണ്. ആളുകളെ ചിരിപ്പിക്കുക എന്ന കലയില്‍ അഗ്രഗണ്യന്‍. ഉദാ: ഒരു ദിവസം ഒഫീസിലെ റ്റീ റൂമില്‍ എല്ലാരും ഇരിക്കുന്നു (ചായ കുടിക്കാന്‍ തന്നെ). എല്ലാരും ഭയങ്കര സീരിയസ്സായിരിക്കുന്നു. മൊട്ട മുരടനക്കി എല്ലാരേം ശ്രദ്ധിപ്പിക്കാന്‍ ശ്രമിച്ചു. റ്റീ റൂമില്‍ രണ്ട് വേസ്റ്റ് ബിന്‍ ഇരിപ്പുണ്ട്. ഒന്ന് പെഡല്‍ ചവിട്ടി തുറക്കുന്നതും, പിന്നെ സാധാരണ പോലെ തുറന്ന് തന്നെ ഇരിക്കുന്നതും. ഒട്ടൊരു ബഹളത്തോടെ മൊട്ട വേസ്റ്റ് ബിന്നിന്റെ പെഡല്‍ ആഞ്ഞ് ചവിട്ടി. എന്നിട്ട് കയ്യിലിരുന്ന റ്റീ ബാഗപ്പുറത്തിരുന്ന തുറന്ന ബിന്നിലിട്ടു. എന്നിട്ടൊരട്ടഹാസം… പറ്റിച്ചേ, പറ്റിച്ചേ… വേസ്റ്റ് ബാസ്കറ്റിനെ പറ്റിച്ചെ… ഇതാണ് മൊതല്. ചാറ്റര്‍ജി ആളൊരു മാന്യനാ… ശെരിക്കും മാന്യന്‍. പണ്ട് ബ്രോക്കര്‍ പറഞ്ഞ പോലെ ഇടക്കിടെ ഉള്ളി തിന്നുന്ന സ്വഭാവം മാത്രം ഉണ്ട്.

മൊട്ടക്ക് റ്റൂ വീലര്‍ ലൈസന്‍സ് എടുക്കാന്‍ മോഹമുദിച്ചു. പക്ഷേ ഓടിച്ച് പഠിക്കാന്‍ ഒരു വണ്ടി ഇല്ല. ഒടുവില്‍ ഞാന്‍ ഡ്രൈവിങ് പഠിപ്പിച്ച് കൊടുക്കാം എന്നേറ്റു. വര്‍ഗീസിന്റെ പഴയ ഒരു ലാമ്പി ഞാന്‍ കടമെടുത്തു. അതിലാണ് മൊട്ട, ഗണേഷ് ശ്രീകുമാര്‍ എന്നിവര്‍ റ്റൂ വീലര്‍ പഠിച്ചത്. ഇവരെ മൂന്ന് പേരെയും കൊണ്ട് ഞാന്‍ ലഞ്ച് ടൈമില്‍ ജവഹര്‍ നഗറിന്റെ ഉള്ളിലേക്ക് പോകും. അവിടെയാകുമ്പോള്‍ തിരക്കുള്ള റോഡ് അല്ല. അങ്ങനെ പഠിപ്പ് തുടങ്ങി. എന്തായാലും രണ്ട് ദിവസം കൊണ്ട് ആ റോഡ് വൃത്തിയായി. സ്കൂട്ടര്‍ കൊണ്ട് റോഡ് തൂക്കുകായിരുന്നു മൂന്ന് പേരും. അങ്ങനെ ഒരു വിധം ഗിയര്‍, ക്ലച്ച്, ബ്രേക്ക് ആക്സിലറേറ്റര്‍ എന്നിങ്ങനെയൊക്കെയുള്ള കിടുപിടികള്‍ എവിടെയൊക്കെയാണെന്ന് അല്ലാരും കാണാപ്പാടം പഠിച്ചു.

പെട്ടെന്ന് ലഭിച്ച (അമിതമായ) ഒരു ആത്മവിശ്വാസത്തിന്റെ പേരില്‍ മൊട്ട ചാറ്റുവിനോട് സ്കൂട്ടറിന്റെ ചാവി ചോദിച്ചു. ചാറ്റുവിന്റേത് കിടിലം സ്കൂട്ടറാ. വെസ്പ സെലക്റ്റ് 2. ലാമ്പി അടക്കമുള്ള ഒരു വണ്ടിയാണ്. ക്ലച്ച് വിട്ടെടുത്താല്‍ അവന്‍ ഓഫ് ആയിപോകും. വെസ്പയാണെങ്കില്‍ ചാടും. ഈ ഡിഫറന്‍സ് ഒന്നും അറിയാതെയാണ് മൊട്ട ചാവി ചോദിച്ചത്. മടിച്ച് മടിച്ചാണെങ്കിലും ചാറ്റു ചാവി കൊടുത്തു. ബിജേഷിന് സന്തോഷമാ‍യി. എല്ലാരോടും ഓടിനടന്ന് റ്റാറ്റ കാണിച്ചിട്ട് മൊട്ട വണ്ടി എടുത്തു. ഫസ്റ്റ് കിക്കില്‍ തന്നെ വണ്ടി ചാലുവാക്കി!ആത്മവിശ്വാസം റൈസ് റ്റു റ്റൂ!

അങ്ങനെ ബിജേഷിന്റെ കന്നി യാത്ര(ലൈസന്‍സ് ഇല്ലാതെ). കുറച്ച് കഴിഞ്ഞ് മൊട്ട ഓടിവരുന്നത് കണ്ടു. ചാറ്റര്‍ജിക്ക് റ്റെന്‍ഷനായി. ഡാ… വണ്ടിയെവിടെ? ബിജ്: താഴെയുണ്ട്. ഷിജൂ ഒരു (മോണിറ്ററിന്റെ)കാഡ്ബോഡ് പെട്ടിയെടുത്തോണ്ട് താഴോട്ട് വാ. എന്ന് പറഞ്ഞ് താഴേക്ക് ഓടി. ചാറ്റു പിറകേ ഓടി. പടിക്കെട്ടിറങ്ങുമ്പോള്‍ ചാറ്റു ചോദിച്ചു: എന്തിനാ പെട്ടി?

മൊട്ട: വണ്ടി ചെറുതായൊന്ന് തട്ടി.
ചാ: അയ്യൊ? എന്ത് പറ്റി?
മൊ: വരുന്ന വഴി ഒരു പോസ്റ്റ് ഉണ്ടായിരുന്നു അതിലിടിക്കണ്ടാന്ന് കരുതി ഒന്ന് വെട്ടിച്ചു. അപ്പൊ മതിലിലിടിച്ചതാ. (സോ സിമ്പിള്‍)
ചാ: അതിന്റെന്തിനാ പെട്ടി?
മൊ: നീ വാ കാണിച്ചു തരാം.

ചാറ്റര്‍ജിയുടെ പിന്നത്തെ റെസ്പോണ്‍സ് സദ്ഗുരു ശ്രീ പച്ചാളം ഭാസിയുടേത് പോലെയായിരുന്നു! കരയണോ ചിരിക്കണോ എന്നറിയാത് കണ്‍ഫ്യൂസ് ആയി നിന്നു. വണ്ടിയുടെ കണ്ടിഷന്‍ എക്സെലന്റ്. ബോഡി ഇല്ല. ഹെഡ്ലൈറ്റ് ഇല്ല. മിറര്‍ ഒടിഞ്ഞു. ഇതൊക്കെ പെറുക്കി ഇടാനാണ് ആ പെട്ടി.ക്ലച്ച്-ബ്രേക്ക് ലിവറുകളും നാസ്തി! ചുരുക്കത്തില്‍ പറഞ്ഞാല്‍ വണ്ടി ഇരുമ്പായി.

ചാ: നീ ഇപ്പൊ എവിടെപ്പോയതാ?
മൊ: കുറച്ച് പച്ചക്കറി വാങ്ങാന്‍ പോയതാ.

ചാ: എന്നിട്ട് പച്ചക്കറിയെവിടെ?
മൊ: കടയിലെത്തിയപ്പോഴാ ഓര്‍ത്തത് എന്റെ വീട്ടില്‍ അടുപ്പില്ലല്ലോ. പിന്നെ ഞാന്‍ തിരിച്ചു പോന്നു.

ചാറ്റര്‍ജിയുടെ കണ്ട്രോള്‍ വിട്ടു. ഇല്ലാത്ത അടുക്കളയില്‍ കൂട്ടാന്‍ വെക്കാന്‍ പോയതു കൊണ്ടേ വണ്ടി വെറും ആക്രിയായി മാറിയത് കണ്ട്.

ഒടുവില്‍ കഴിഞ്ഞ ദിവസം അത് ഒരു പാണ്ടിക്ക് വിറ്റു. 750 ഇന്ത്യന്‍ രൂപ.!
ചാറ്റു ഒരു സെക്കന്‍ഡ് ഹാന്‍ഡ് സ്പ്ലെന്‍ഡറ് വാങ്ങി.
മൊട്ട ഇന്നലെ ഒരു ഫോറ്ഡ് കാര്‍ എടുത്തു.

(കലികാല വൈഭവം)

Categories
Malayalam Posts

അന്നദാനം മഹാദാനം.

അന്നദാനത്തിന്റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്.

കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്‍ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി. ഉള്ള ആപ്പിളും, മുന്തിരിയുമെല്ലാം തന്നെ സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ളതാണ്. വൈകുന്നേരമായപ്പോഴേക്കും കര്‍ണ്ണന്‍ ഒരു സൈഡായി. കട്ടയും പടവും മടങ്ങിയ കര്‍ണ്ണന്‍ കൃഷ്ണനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. ഒന്നും തിന്നാനും കുടിക്കാനും തരാതെ എന്ത് സ്വര്‍ഗ്ഗം? സുയോധനന് എല്ലാ സൌഭാഗ്യവും ഉണ്ട്. എനിക്ക് ഭക്ഷണവും വെള്ളവും ഇല്ല. എന്നിങ്ങനെ പരാതികള്‍ ലിസ്റ്റ് ഇട്ടു.

കൃഷ്ണന്‍:നീ ഭൂമിയില്‍ എന്തൊക്കെ ചെയ്തൊ, അതനുസരിച്ചാണ് സ്വര്‍ഗ്ഗത്ത് നിനക്ക് ഓരോ സൌകര്യങ്ങള്‍ കിട്ടുന്നത്. എന്നെങ്കിലും ദാഹിച്ച് വരുന്ന ഒരാള്‍ക്ക് വെള്ളമോ, വിശന്ന നടന്ന ഒരാള്‍ക്ക് ഭക്ഷണമോ നീ കൊടുത്തിട്ടുണ്ടോ? കൊടുത്തതെല്ലാം സ്വര്‍ണ്ണവും, വെള്ളിയും രത്നങ്ങളുമല്ലെ? പിന്നെ നിനക്ക് സ്വര്‍ഗ്ഗത്തിലെങ്ങനെ ഭക്ഷണം കിട്ടും?.

കര്‍ണ്ണന്‍ ആകെ വിഷമത്തിലായി.

കര്‍ണ്ണന്‍: ഭക്ഷണം കിട്ടാന്‍ ഒരു വഴിയും ഇല്ലെ?

കൃഷ്ണന്‍: എന്നെങ്കിലും ആര്‍ക്കെങ്കിലും അന്നദാനം നടത്തുന്ന സ്ഥലത്തേക്ക് നീ വഴി പറഞ്ഞു കൊടുത്തിട്ടുണ്ടോ?

കര്‍ണ്ണന്‍: ഉണ്ട്. ഒരിക്കല്‍ സുയോധനന്‍ അന്നദാനം നടത്തിയപ്പോള്‍ ഒരാള്‍ക്ക് ആ സത്രത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൃഷ്ണന്‍: എന്നാല്‍ നീ അന്ന് ചൂണ്ടിയ ആ വിരല്‍ ഇപ്പോള്‍ നുണഞ്ഞ് നോക്കൂ.

കര്‍ണ്ണന്‍ ഭഗവാനെ അനുസരിച്ചു. വലതു കയ്യിലെ ചൂണ്ടുവിരല്‍ നുണഞ്ഞ കര്‍ണ്ണന് വിശപ്പ് മാറി എന്ന് ഐതീഹ്യം. അന്നദാന സത്രത്തിലേക്ക് ചൂണ്ടിക്കാട്ടിയ വിരലിന് ഇത്രയും പുണ്യമെങ്കില്‍, അന്നദാനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയം.

അന്നദാനം മഹാദാനം.

Categories
Malayalam Posts

പുതിയ കേമറാ മേനോന്‍

നമസ്കാരം നാട്ടാരേ,

അങ്ങനെ പൊന്നമ്പലം ഒരു ക്യാമറ വാങ്ങി. ഒരു നല്ല ഡീല്‍ ഒത്തുവന്നു.

ഡീല്‍ ഇങ്ങനെ… കൂള്‍പിക്സ് എല്‍ 10+ട്രാന്‍സന്‍ഡ് 1 ഗിഗാ മെമറി+2നിക്ക് കാഡ് ബാറ്ററി+റീച്ചാര്‍ജ്ജര്‍+കവര്‍ = 7500 രൂപ.

നഷ്ടമാണോ അണ്ണന്മാരേ?

എല്‍ 10-നെ കുറിച്ച് കുറച്ച് ടിപ്സ് ആന്‍ഡ് ട്രിക്ക്‌സ് ഉണ്ടെങ്കില്‍ പറഞ്ഞ് തരൂ…

Categories
Malayalam Posts

എന്റെ ബൂലോഗത്തിനിതെന്ത് പറ്റി?

മുന്നറിയിപ്പ്: ഇത് എന്റെ അറിവില്ലായ്മ കൊണ്ടെഴുതുന്നതാണ്. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. സത്യമായും മനസ്സിലാകാത്തതാണ്.

ഇവിടെ ആര്‍ക്കും ഒന്നും വേണ്ട. പക്ഷെ അല്‍‌ഗുലുത്ത് കമന്റുകള്‍ ഇട്ട് മുടിയെ അനാക്കോണ്ടയാക്കും.

ഈ ജോലിത്തിരക്കിനിടയില്‍ നമുക്ക് കിട്ടുന്നതോ ഒരിത്തിരി നേരം. അത് ഇങ്ങനെ അടി പിടി കൂടി കളയണോ?

അവകാശങ്ങള്‍ നേടിയെടുക്കേണ്ടവ തന്നെ. വ്യക്തി ഹത്യ തെറ്റ് തന്നെ. ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ മറ്റൊരു കാര്യം നമ്മള്‍ എല്ലാരും മറക്കുന്നു. ബൂലോഗത്ത് കുറച്ച് കാലമായി ഒരു നല്ല സൃഷ്ടി പോലും ഉണ്ടായിട്ടില്ല. ഞാനൊക്കെ ബ്ലോഗിങ്ങിന് ഇറങ്ങീട്ട് കാലം വളരെ കുറച്ചേ ആയുള്ളൂ. ഏറിയാല്‍ ഒരു വര്‍ഷം. ആക്റ്റിവായിട്ട് 8 മാസം. ഇതിനിടക്ക് ബൂലോഗത്തിന്റെ പല മുഖങ്ങളും ഞാന്‍ കണ്ടു. തമാശ പോസ്റ്റുകള്‍, യാത്രാ വിവരണം, ഫോട്ടോ ബ്ലോഗ്, പാട്ട്, വിമര്‍ശനം എന്നിങ്ങനെ പലതും. എല്ലാം നല്ലതായിരുന്നു, ആരോഗ്യകരമായിരുന്നു. പക്ഷെ, കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍, പുതിയ ഒരു രീതിയും കാണാനുള്ള ഭാഗ്യം എനിക്കു സിദ്ധിച്ചു. ക്രൂരമായ വ്യക്തിഹത്യ, കൂട്ടം ചേര്‍ന്ന് ആക്രമിക്കല്‍, കോപ്പിറൈറ്റിനോട് അനുബന്ധിച്ച് നിര്‍ഭാഗ്യകരമായ ചില പ്രശ്നങ്ങള്‍ ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ഞാനൊന്ന് ചോദിച്ചോട്ടെ? ഈ കൂട്ടത്തിലെ പലരും, നല്ല സൃഷ്ടികള്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. പക്ഷേ ഈ ബഹളത്തിനിടയില്‍ കൊണ്ട് അത് പോസ്റ്റ് ചെയ്താല്‍ അവയ്ക്ക് വേണ്ട പ്രാധാന്യം കിട്ടാതെ പോകുമല്ലൊ എന്ന വിഷമം കൊണ്ട് മാത്രം അത് പോസ്റ്റുന്നില്ല. ഇങ്ങനെ എത്ര എത്ര പോസ്റ്റുകള്‍, നല്ല പോസ്റ്റുകള്‍.

കിരണ്‍സിന്റെ പോസ്റ്റില്‍ ആരോ പറഞ്ഞ മാതിരി, ഇപ്പോ ബ്ലോഗ് വായിച്ച ടെന്‍ഷന്‍ മാറണമെങ്കില്‍ ഒരു മണിക്കൂര്‍ ജോലി ചെയ്യണം! ഉള്ളത് പറയാല്ലൊ… ആ ഒള്ള കമന്റ് മൊത്തം വായിച്ച് കഴിഞ്ഞപ്പൊ, ഇതിലാരാ വാദി ഭാഗം, ആരാ പ്രതി ഭാഗം എന്ന് പോലും തിരിച്ചറിയാന്‍ പറ്റാതായി. ആര്‍ക്ക് എന്ത് വേണമെന്ന് മനസ്സിലാകുന്നില്ല. യാഹൂ, മാപ്പ്, ദുനിയാ, ലോനപ്പന്‍, ബെന്നി, കോപ്പിറൈറ്റ്, കണ്ടന്റ്, ഇഞ്ചി, സൂ എന്നിങ്ങനെ കോമണ്‍ ആയി ചില വാക്കുകള്‍. ഇതില്‍ എത്ര പേര്‍ കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കുന്നു, എത്ര പേര്‍ കാര്യം മനസ്സിലാവാതെ വായിട്ടടിക്കുന്നു, എത്ര പേര്‍ എന്നെ പോലെ പകച്ച് നില്‍ക്കുന്നു എന്നൊന്നും മനസ്സിലാവുന്നില്ല.

കഴിഞ്ഞത് ഒരു ദുഃസ്വപ്നമായി മറക്കാന്‍ കഴിയുന്നതാണെങ്കില്‍ അത് ചെയ്യൂ… അല്ലാത്തവര്‍, ആരാണോ മാപ്പ് ചോദിക്കേണ്ടത്, അവര്‍ക്ക് മാപ്പ് കൊടുത്തേക്കൂ, ചോദിക്കാതെ തന്നെ. “ഇതൊക്കെ പറയാന്‍ നിനക്കെന്താടാ കാര്യം?“ എന്നാണ് ചോദ്യമെങ്കില്‍. “അയ്യോ അണ്ണാ, അണ്ണനാരുന്നാ? ഞാങ്കരുതി ല മറ്റേ അണ്ണനാണന്നണ്ണാ. ശമീരണ്ണാ… പ്വാട്ടാ” ഇതാണ് എന്റെ മറുപടി. യാഹൂ ചെയ്തത് തെറ്റ്, ദുനിയാ ചെയ്തതും തെറ്റ്. അതിനായി നാം എന്തിന് തല്ല് കൂടണം. ഇനി തല്ല് കൂടിയേ തീരൂ എങ്കില്‍ അതിനും എതിര്‍പ്പില്ല. പക്ഷേ നല്ല ഒരു ഔട്ട് പുട്ട് അതില്‍ നിന്നും വരണം. കുറേ പേര്‍ ബൂലോഗത്തിനോട് പിണങ്ങി ബ്ലോഗ് പൂട്ടി പോകുന്നതല്ല ആ റിസള്‍ട്ട് എന്ന് കൂടി സൂചിപ്പിച്ചോട്ട്.

ഇതിന് താഴെ ഡിസ്ക്രീറ്റ് കണ്ടന്റ് ആണ്. വായിച്ചിട്ട് ഇതിന്റെ പേരില്‍ എന്നെ തല്ലല്ല്. ഈ സബ്ജക്റ്റില്‍ കമന്റും വേണ്ട..
(
എന്തിനാ ആവശ്യമില്ലാതെ ലോനപ്പനെ ഇതിലോട്ടിഴക്കുന്നത്? അങ്ങോര് ബ്ലോഗും പോസ്റ്റും എല്ലാം നിര്‍ത്തിപ്പോയതല്ലെ? പിന്നേം എന്തിനാ? വിട്ട് പിടി.
)
ഡിസ്ക്രീറ്റ് കണ്ടന്‍റ്റ് അവസാനിച്ചു.

വരുന്ന തിങ്കളാഴ്ച്ച മുതല്‍ ബൂലോഗം സാധാരണ ഗതിയിലാകുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ?

സമര മുന്നണിയില്‍ നിന്ന എല്ലാപേര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍, വിജയാശംസകള്‍ ആശംസകള്‍.

Categories
Malayalam Posts

ബാരറ്റ ചേച്ചി

നമസ്കാരം,

ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നത്, ബാരറ്റ 9000 എന്ന ഒരു കൈ തോക്ക് ആണ്. ഇനി അതിന്റെ കൂടുതല്‍ വിവരങ്ങളിലേക്ക്…

“Beretta 9000 series“
ഈ കാണുന്നതാണ് ഐറ്റം!

പ്രാഥമിക വിവരങ്ങള്‍:

Beretta 9000S in 9 mm

തരം: സെമി ആട്ടോമാറ്റിക്ക് പിസ്റ്റൊള്‍
ജനന സ്ഥലം: ഇറ്റലി (അതെ മ്മ്‌ടെ കൊത്ത്രോക്കിച്ചായന്റെ ഇറ്റലി)
നിര്‍മ്മിതി: ബാരറ്റ

സ്പെക്ക്:
ഭാരം: 730 ഗ്രാം – 9000ഡി, 9 * 19 എം എം
755 ഗ്രാം – 9000എഫ്, 9 * 19 എം എം
760 ഗ്രാം – 9000ഡി, .40 എസ് & ഡബ്ല്യൂ
785 ഗ്രാം – 9000എഫ്, .40 എസ് & ഡബ്ല്യൂ

നീളം: 168 മില്ലിമീറ്റര്‍ (6.6 ഇഞ്ച്)
ബാരല്‍ നീളം: 88 മി.മി (3.5 ഇഞ്ച്)
കാഡ്രിജ്:
1) 9 * 19 എം എം
2) .40 എസ് & ഡബ്ല്യു

ഫീഡ് സിസ്റ്റം:
* (9 x 19 mm) 12 റൌണ്ട് മാഗസീന്‍
* (.40 S&W) 10 റൌണ്ട് മാഗസീന്‍

സൈറ്റ്: ഉരുക്ക്

ബാരറ്റ 9000 ആധുനിക കാലത്തെ ഒരു ഒന്നാംതരം കോമ്പാക്റ്റ് സെമീ ആട്ടോമാറ്റിക്ക് കൈത്തോക്കാണ്. ഇതുണ്ടാക്കിയത്

ഇറ്റലിയിലെ ബാരറ്റ എന്ന കമ്പനിയാണ്. ഇത് പൊതുവേ, സ്വയ രക്ഷക്കായി സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണ്.

ബാരറ്റ 9000 പിസ്റ്റൊള്‍, പോളിമര്‍ ഡിസൈനില്‍ ഉണ്ടാക്കിയ ഒരു പരമ്പരാ‍ഗത ശൈലിയുള്ള തോക്കാണ്. ഇത്

സിനിമയിലൊക്കെ കാണുന്ന മാതിരി മുകള്‍ ഭാഗം പിറകോട്ട് വലിച്ച് വിട്ട് വെടി പൊട്ടിക്കുന്ന തരം പിസ്റ്റൊള്‍ ആണ്. ഇതിന്റെ

സ്ലൈഡിങ് പാര്‍ട്ട്, വലിച്ച് വിടുന്ന ഭാഗം ഇരുമ്പാല്‍ നിര്‍മ്മിതമാണ്. ഇതില്‍ രണ്ട് തരം ബുള്ളറ്റുകള്‍ ഉപയോഗിക്കാം. ഒന്ന് 9

മില്ലിമീറ്റര്‍ ഡയമീറ്ററും, 19 മിമി നീളവും ഉള്ള ബുള്ളറ്റ് ആണ്. അതല്ല എങ്കില്‍ .40 S&W എന്ന തരം ബുള്ളറ്റ് ആണ്. S&W

എന്നാല്‍ സ്മിത് ആന്‍ഡ് വെസ്സര്‍‍. കാലിബര്‍ അനുസരിച്ച് 10 അല്ലെങ്കില്‍ 12 ബുള്ളറ്റുകളുടെ മാഗസീനും ലഭ്യമാണ്. കൂടുതല്‍

റൌണ്ടുകള്‍ക്കായി ഉപയോഗിക്കാവുന്ന മാഗസീന്‍ അഡാപ്റ്ററുകള്‍ ലഭ്യമാണ് പക്ഷേ കിട്ടാന്‍ ബുദ്ധിമുട്ടാണ്. വിരലുകള്‍

സൌകര്യമായി വയ്ക്കാന്‍ പാകത്തിനുള്ള മാഗസീനുകളും മാഗസീന്‍ അഡാപ്റ്ററുകളും വിപണിയില്‍ ലഭ്യമാണ്. കസ്റ്റം

സൈറ്റുകളും ലഭ്യമാണ്. (സൈറ്റ് എന്നാല്‍, ഉന്നം പിടിക്കാനായി തോക്കിനു മുകളിലുണ്ടാക്കുന്ന ഒരു വെട്ടോ, അല്ലെങ്കില്‍

തോക്കിനോട് ഘടിപ്പിക്കുന്ന ഭൂതക്കണ്ണാടിയോ ആണ്)

വ്യതസ്ത മോഡലുകള്‍

ബാരറ്റ 9000-ന് രണ്ട് കാലിബറുകളില്‍ ഉള്ള രണ്ട് മോഡലുകള്‍ ഉണ്ട്. ബാരറ്റ 9000 ഡി, എഫ് എന്നിവയാണ്

മോഡലുകള്‍. അതില്‍ തന്നെ 9 x 19 മിമി യും, .40 S&W യും ഉണ്ട്. അങ്ങനെ മൊത്തം നാല്‍ മോഡല്‍.

എഫ് മോഡലിന്റെ സുരക്ഷാ സൌകര്യങ്ങള്‍ നല്ലതാണ്, ക്രോസ്സ് ഫയറിങ്ങ് കമ്മിയാവാന്‍ ഇത് സഹായിക്കും. ഡി മോഡലിന്റെ

ഡബ്‌ള്‍ ആക്ഷന്‍ രീതി, ഡീകോക്കിങ് ഉഴിവാക്കുന്നു.

വീണ്ടും ഒരു പുതിയ മോഡല്‍ തോക്കുമായി ഞാന്‍ വീണ്ടും വരാം. അത് വരെ ഗുബ്ബായ് (ശ്രീകണ്ഠന്‍ നായര്‍ സ്റ്റൈലില്‍)

പി.എസ്സ്: ഷിജു, വിക്കിയിലോട്ട് തട്ടിക്കൊ!

അറിയിപ്പ്: ഇത് വിക്കിപ്പീഡിയായ്ക്ക് വേണ്ടി തയ്യാറാക്കിയ ലേഖനം. ചിത്രങ്ങളും വിവരങ്ങളും വിക്കിക്ക് സ്വന്തം. ഞാന്‍ വെറും ടൈപ്പിസ്റ്റ്!

Categories
Malayalam Posts

ക്രോണിക്കിള്‍ തിരിച്ചു വന്നു

നമസ്കാരം,

എന്റെ കളഞ്ഞ് പോയ ബ്ലോഗിന്റെ അതേ പേരില്‍ ഞാന്‍ വീണ്ടും ഒരു ബ്ലോഗ് ആരംഭിക്കുന്നു. പഴയത് പോലത്തെ സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ സ്വന്തം

പൊന്നമ്പലം