മൈക്രോസോഫ്ട് വേര്‍ഡ്-ന്റെ ഒരു ലൈസെന്‍സിന് കരമന മീന്ച്ചന്തയില് നെത്തോലിക്ക് വില പറയുന്ന പോലെ ക്ലയന്ടുമായി ലേലം വിളിക്കുന്ന സോഫ്ട്വെയര് കമ്പനികളെ…
നാല് പേര് ജോലി ചെയ്യുന്ന പ്രോജെക്റ്റില്‍ ടീം ലീഡ്, ടീം മാനേജര്‍, മോഡ്യൂള്‍ ലീഡ്, പ്രൊജക്റ്റ് ലീഡ്, പ്രൊജക്റ്റ് മാനേജര്‍, ഡെലിവറി മാനേജര്‍, എച്ചാര്‍ ഇങ്ങനെ കുറെ ലീടുമാരെ ഇട്ടിട്ടു, കോസ്റ്റ് കട്ടിംഗ് എന്നും പറഞ്ഞു ടിഷ്യൂ പേപ്പര്‍-ന്റെ സൈസ് കുറയ്ക്കുന്ന സോഫ്റ്റ്വെയര് കമ്പനികളെ…
പത്തു മാസം കൊണ്ട് പ്രൊജക്റ്റ് ഡെലിവറി ചെയ്യാം എന്ന് പറഞ്ഞിട്ട്, മൂന്നാല് വര്‍ഷമായാലും, ഒരു സിസേറിയന് നടത്തിപ്പോലും ഡെലിവറി ചെയ്യാന്‍ പറ്റാത്ത പോലെ പ്രൊജെക്ടിനെ ബലാല്‍സംഗം ചെയ്യും സോഫ്റ്റ്വെയര് കമ്പനികളെ…
ചോരയും നീരും ഉള്ള, കഴുത്തില്‍ ഐഡി കാര്‍ഡിട്ട, നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു റിസോഴ്സ് എഴുതുന്നത്…
ദിവസം എട്ടു മണിക്കൂര്‍ ജോലി ചെയ്തിരുന്ന ഒരു കാലത്ത്, റിസഷന് ആണ്, ഇനി മുതല്‍ ഒന്‍പതു മണിക്കൂര്‍ ജോലി ചെയ്യണം എന്ന് പറഞ്ഞു. ചെയ്തു. ആ റിസഷന് പോയി, അടുത്ത റിസഷന് വരുന്നു… പക്ഷെ, ഇപ്പോഴും ഞാന്‍ ഒന്‍പതു മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്… അത് എട്ടാക്കി കുറച്ചില്ല…
ഒന്‍പതു മണിക്കൂര്‍ ഓഫീസില്‍ ഉണ്ടാവുന്ന പോലെ, ഐ ഡി കാര്‍ഡ് സ്വൈപ് ചെയ്തില്ലങ്കില്‍ ശമ്പളത്തില്‍ കൈ വയ്ക്കും എന്ന് അങ്ങാടി തെരു പടത്തിലെ അണ്ണാച്ചിയെ പോലെ കണ്ണുരുട്ടി കാണിച്ചു…
“അമ്മ” കറണ്ട് തരില്ല എന്ന് പറഞ്ഞപ്പോ അഞ്ച് മണിക്ക് എസി ഓഫ് ആക്കി… ഞങ്ങള്‍ പത്ത് മണി വരെ ജോലി ചെയ്യുന്നുണ്ടായിരിന്നു.
പാര്‍ലമെന്റില്‍ ഇരുന്നു ഓരോരുത്തന്മാര് തുണ്ട് പടം കാണുന്നു… ഞങ്ങളെ ഇമെയില്‍ ചെക്ക് ചെയ്യാനെങ്കിലും സമ്മതിച്ചിരുന്നെങ്കില്‍… അതും ബ്ലോക്ക് ചെയ്തു വച്ചു…
കരമനയിലെ ഷണ്മുഖത്തിന്റെ കടയില്‍ ഒരു ദിവസം രണ്ടായിരം രൂപക്ക് കൂടുതല്‍ കച്ചവടം നടന്നതിനു അങ്ങേരു ജോലിക്ക് നിന്ന പയ്യന്മാര്ക്ക് ക്വാട്ടറിനുള്ള കാശു കൊടുത്തു! ഇവിടെ ക്വാട്ടറിനു രണ്ടായിരം കോടി ഉണ്ടാക്കുന്ന നിങ്ങള്‍ ഒരു വാട്ടര്‍ പാക്കറ്റ് എങ്കിലും തന്നിരുന്നെങ്കില്‍…
നിനക്ക് എസി റൂമില്‍ ഇരുത്തി, ഇരുപതായിരം രൂപ ശമ്പളം തരുന്നത് പോരേ? എന്ന് നിങ്ങള്‍ക്ക് ചോദിക്കാം…
ഇരുപതായിരം തന്നു. എന്നിട്ട, പി.എഫ്, ഗ്രാട്യുറ്റി, വെല്‍ഫെയര്‍ ഫണ്ട്, ഇന്‍കം ടാക്സ്, പ്രൊഫഷണല്‍ ടാക്സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, എന്ന് പറഞ്ഞു കൊറേ എടുത്തോണ്ട് പോകും…
പഠിക്കുന്ന സമയത്ത്, ഒരേ ഒരു ജീന്‍സ് പാന്റ് ഒരു ആഴ്ച മൊത്തം ഇട്ടു നടന്ന എന്നെ, വീക്ക് ഡേസില്‍ ഫോര്‍മല്‍ ഷര്‍ട്ടും പാന്റും, ഫോര്‍മല്‍ ഷൂസ്, വെള്ളിയാഴ്ച കാശ്വല്സ്, ക്ലയന്റ് മീറ്റിങ്ങിനു ടൈയും കൊട്ടും, ജിമ്മിലിടാന്‍ ടീ ഷര്‍ട്ട് എന്നിങ്ങനെ എങ്ങുമില്ലാത്ത ഒരു ഡ്രസ് കോഡ് ഉണ്ടാക്കി കുറെ ചെലവ് തന്നു…
ഇടയ്ക്കിടെ എന്തെങ്കിലും എസ്കലെഷന്‍ മെയില്‍ അയച്ചു ടെന്‍ഷന്‍ ആക്കി വെള്ളമടിപ്പിക്കും… അങ്ങനെയും കുറെ കാശ് പോവും…
പിന്നെ ശകലം മിച്ചമുള്ളത് ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇലക്ട്രിസിറ്റി ബോര്‍ഡ് എന്നിവരെല്ലാം കൂടി കൊള്ളയടിക്കും…
അല്ലാതെ നിങ്ങള്‍ മറ്റു കമ്പനികള്‍ (ഫാക്ടറികള്‍) ചെയ്യുന്ന പോലെ ഓണത്തിനോ സങ്ക്രാന്തിക്കോ ബോണസ് തരുന്നുണ്ടോ?
പത്തു വര്‍ഷം മുന്നേ, സോഫ്റ്റ്വെയര് എന്ജിനീര് എന്ന് പറഞ്ഞാല്‍ ശകലം മതിപ്പെന്കിലും ഉണ്ടായിരുന്നു… ഇപ്പൊ അതെന്താണ്ട് ‘കമ്പ്യൂട്ടര്‍ സാമ്പ്രാണി’ പോലെ ഒരു ഓഞ്ഞ സാമാനമായി… ചെരുക്കന്മാര്ക്ക് പെണ്ണ് കിട്ടുന്നില്ല…
എല്ലാം ശരി… ഹൈക് തരും എന്ന് കരുതിയാലോ… കമ്പനി ഷെയര്‍ വാല്യൂ കുറയുന്നു, ഡോളര്‍ വാല്യൂ കുറഞ്ഞു, യൂറോ വാല്യൂ കുറഞ്ഞു, ബ്യൂറോ വാല്യൂ കുറഞ്ഞു എന്നൊക്കെ ഓരോ കഥ പറയും. എന്നിട്ട് കഞ്ഞിക്കലത്തില്‍ നിന്നും ഈര്‍ക്കില്‍ കൊണ്ട് കോരിത്തരും… പക്ഷെ ടി.വിയില്‍ “ഞങ്ങള്‍ ഈ വര്‍ഷം അമ്പതിനായിരം ഫ്രാഷേര്സിനെ റിക്രൂട്ട് ചെയ്യും” എന്ന് പല്ലും ഇളിചോണ്ട് പറയും.
അബദ്ധവശാല്‍ ഹൈക് ഒന്ന് തന്നാലും, അപ്രൈസല്‍ എന്നാ ഒരു കൊണാണ്ടര് കൊണ്ട് വരും.
– മോശമായി ജോലി ചെയ്താല്‍, ‘ഈ’ ഗ്രേഡ്
– തരക്കേടില്ലങ്കില് ‘ഡി’
– തന്ന ജോലി ചെയ്തു തീര്‍ത്താല്‍ ‘സി’
– നൂറ്റമ്പത് ശതമാനം ജോലി ചെയ്താല്‍ ‘ബി’
– ഇരുന്നൂറു ശതമാനം ജോലി ചെയ്താല്‍ ‘എ’ (പുല്ല്… എങ്ങനാ ഇരുന്നൂറു ശതമാനം ജോലി ചെയ്യുന്നതെന്ന് എനിക്കറിഞ്ഞൂട)
അങ്ങനെ വരുമായിരുന്ന ഹൈക് കൂടി വലിച്ചു കിട്ടും.
ഇവന്മാരൊക്കെ വിദ്യാഭ്യാസം ഉള്ളവരാണ്… ഒന്ന് ചേര്‍ന്ന് യൂണിയന് പോയിട്ട് ഒരു ഒണിയന്‍ പോലും ഉണ്ടാക്കൂല എന്ന ഒരു വിചാരത്തില്‍ ഈ അഴിഞ്ഞാട്ടം നടത്തുന്ന കമ്പനികളെ… ഒരു ദിവസം വരും… സായിപ്പ് കമ്പി പഴുക്കെ കാച്ചി നിങ്ങടെ ആസനത്തില്‍ വയ്ക്കും… അന്നെ നിങ്ങളൊക്കെ പഠിക്കൂ!
എന്തെങ്കിലുമൊക്കെ ചെയ്യണം അണ്ണാ…
നോട്ട്: ഐ ടി മേഖലയെ കുറിച്ച് പൊതുവേ ഉള്ള ചില വസ്തുതകള്‍ / ധാരണകള്‍ മാത്രമാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം. ഏതെങ്കിലും ഒരു കമ്പനിയെ ഉദ്ദേശിച്ചല്ല ഇതെഴുതിയത്. അങ്ങിനെ തോന്നിയാല്‍ അത് തികച്ചും യാദ്രിശ്ചികം മാത്രം.
പ്രചോദനം : കുട്ടിച്ചുവര്‍
2 replies on “ആപ്പ് റൈസല്‍ ചിന്തകള്‍ (Appraisal)”
എല്ലാവര്ക്കും തോന്നും ഇത് എന്റെ കമ്പനിയെ കുറിചാണെന്ന്
ഹ ഹ പൊരിച്ചു