ആണ്ടാൾ – വൈരമുത്തു – ദേവദാസി ചർച്ച


കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട രണ്ട് പേരുകളാണ് ആണ്ടാളും വൈരമുത്തുവും. പതിവു പോലെ മതവികാരത്തിന്റെ വ്രണവും, ജാതി സംഘങ്ങളും, രാഷ്ട്രീയ പാർട്ടികളുടെ ഫ്രിഞ്ജുകളും തന്നെയാണ് കഥാപാത്രങ്ങൾ. ഈ ലക്കത്തിൽ നാല് കാര്യങ്ങളാണ് ഞാൻ ഉൾപെടുത്താൻ ഉദ്ദേശിക്കുന്നത്. എന്താണ് ഈ വിവാദം, ആരാണ് ആണ്ടാൾ, തിരുപ്പാവൈ-നാച്ചിയാർ തിരുമൊഴി എന്നിവയിലെ ചില പരാമർശങ്ങൾ, എച്ച് രാജാ എന്ന ഈവിൾ മൈൻഡ്.

സംഭവം

Vairamuthu_at_'Lingaa'_audio_releaseജനുവരി ഏഴാം തിയതി രാജപാളയത്ത് (തമിഴ്നാട്) ദിനമണി പത്രം ഒരുക്കിയ ഒരു ചടങ്ങിൽ ഒരു താൻ എഴുതിയ ഒരു ഉപന്യാസാഖ്യാനം നടത്തുകയായിരുന്നു വൈരമുത്തു. ആണ്ടാൾ എന്ന മിത്തിക്കൽ കഥാപാത്രത്തെ പറ്റിയുള്ളതായിരുന്നു ഉപന്യാസം. ആ ഉപന്യാസത്തിലെ ഒരു വരിയാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. ‘ആണ്ടാൾ ഒരു ദേവദാസിയായിരുന്നു’ എന്ന് വൈരമുത്തു പറഞ്ഞു എന്നാണ് വിവാദം ഉന്നയിക്കുന്നവർ അവകാശപ്പെടുന്നത്. (തുടരും)

ആണ്ടാൾ

പന്ത്രണ്ട് ആൾവാർമാരിൽ ഒരേയൊരു സ്ത്രീയാണ് ആണ്ടാൾ. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്ന ആണ്ടാളെ പറ്റി സോളിഡ് പരാമർശങ്ങൾ മറ്റു ചരിത്ര-സാഹിത്യ പുസ്തകങ്ങളിലോ കാണാനില്ല. പക്ഷെ തിരുപ്പാവൈ, നാച്ചിയാർ തിരുമൊഴി എന്നീ രണ്ട് രചനകൾ ഇന്നും മാർഗഴി (ധനു) മാസത്തിൽ വൈഷ്ണവ ക്ഷേത്രങ്ങളിൽ ചൊല്ലപ്പെടുന്നു.

പെരിയാൾവാർ (വിഷ്ണുസിദ്ധർ) എന്ന് പേരായ മറ്റൊരു ആൾവാർക്ക് മക്കൾ ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം, തോട്ടത്തിലെ തുളസിച്ചെടിയുടെ ചുവട്ടിൽ നിന്നും¹ ഒരു പെൺകുഞ്ഞിനെ കിട്ടുകയും അവൾക്ക് ആണ്ടാൾ എന്ന് പേരിട്ട്, സ്വന്തം മകളായി വളർത്തുകയും ചെയ്തുവന്നു. ഭക്തശിരോമണിയായ പെരിയാൾവാരുടെ മകളും അതീവ ഭക്തിയോടെ കൃഷ്ണനെ സ്വന്തം കാമുകനായും ഭർത്താവായും സങ്കല്പിച്ച് ആരാധിച്ചു പോന്നു. താൻ വിവാഹം കഴിച്ചാൽ അത് കണ്ണനെ മാത്രമായിരിക്കും. തന്റെ ശരീരം മനുഷ്യർക്ക് അനുഭവിക്കാനുള്ളതല്ല, മറിച്ച് താൻ ദൈവമായി വണങ്ങുന്ന തന്റെ കാമുകൻ- കണ്ണനുള്ളത് മാത്രമാണ് എന്നാണ് അവർ എഴുതിയ തിരുപ്പാവയിലും നാച്ചിയാർ തിരുമൊഴിയിലും സാരാംശമായി ഉള്ളത്. ഇതിനെ നായകൻ-നായകീ ഭാവം എന്നൊക്കെ ഭക്തിപ്രസ്ഥാനത്തിൽ പറയും.

1024px-The_Saint_Andal_LACMA_M.86.94.2ആണ്ടാളുടേ കവിതകളിൽ കണ്ണനെ ‘കടവുൾ’ എന്ന് വിളിച്ചതിനെക്കാൾ കൂടുതൽ, ‘കാതലൻ’ എന്നാണ് വിളിച്ചത് എന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. തിരുപ്പാവൈയെ പറ്റി വൈഷ്ണവ വിശ്വാസികൾ ഒരുപാട് പറയുമെങ്കിലും നാച്ചിയാർ തിരുമൊഴിയെ പറ്റി അത്ര കണ്ട് ഓപ്പണായി ആഘോഷിക്കാറില്ല. കാരണം, നാച്ചിയാർ തിരുമൊഴി കാമരസപ്രാദാനമാണ്. ഒരു സ്ത്രീ തന്റെ സെക്സ് ഫാന്റസികളെ എങ്ങനെയൊക്കെ എഴുതാൻ കഴിയുമോ, അതൊക്കെ ആണ്ടാൾ നാച്ചിയാർ തിരുമൊഴിയിൽ പറഞ്ഞിട്ടുണ്ട് എന്നത് പ്രധാനമാണ്. നാച്ചിയാർതിരുമൊഴിയിൽ റിപ്പീറ്റഡായി വരുന്ന ഒരു കാര്യം ആണ്ടാൾ തന്റെ മുലകളെ പറ്റി പരാമർശിക്കുന്നതാണ്. മാത്രമല്ല, ‘കണ്ണനോ വരുന്നില്ല, അവന്റെ വസ്ത്രങ്ങളെങ്കിലും എനിക്കു തരൂ’ എന്ന് അപേക്ഷിക്കുകയും, അവന്റെ മേൽ വസ്ത്രങ്ങളല്ല കീഴ്്‌വസ്ത്രങ്ങളുടെ ഗന്ധത്തിനു മാത്രമേ എന്നെ ആശ്വസിപ്പിക്കാനാകൂ എന്നും പറയുന്നു, നാച്ചിയാർ തിരുമൊഴി.

മകൾക്ക് വിവാഹത്തിനു സമയമായി എന്ന് കരുതിയ പെരിയാൾവാർ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ, താൻ വിവാഹം കഴിച്ചാൽ അത് കണ്ണനെ മാത്രമായിരിക്കും എന്ന് പറഞ്ഞൊഴിഞ്ഞു ആണ്ടാൾ. പിന്നീട് സ്വപ്നദർശനത്തിൽ ആണ്ടാളെ കല്യാണക്കോലത്തിൽ കൊണ്ടുവരാൻ പറഞ്ഞുവെന്നും അങ്ങനെ അമ്പലത്തിലെത്തിയ ആണ്ടാൾ കൃഷ്ണനിൽ ലയിച്ചു എന്നും ആണ്ടാളുടെ കഥ അവസാനിക്കുന്നു.

സംഭവം (തുടരുന്നു)

¹ഇന്ന് ആധുനിക കാലത്ത് അമ്മത്തൊട്ടിലുകളൊക്കെ ഉള്ളതിന്റെ കാരണം നമുക്കറിയാം. എന്തെങ്കിലും കാരണവശാൽ കുഞ്ഞിനെ വളർത്താൻ സാധിക്കാത്ത അമ്മമാർക്ക്, കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള സ്ഥലമാണ് അമ്മത്തൊട്ടിൽ. സർക്കാർ ആ കുഞ്ഞുങ്ങളെ വളർത്തും. ദാരിദ്ര്യത്തിനാൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെക്കാൾ കൂടുതലായി വിവാഹത്തിനു പുറത്തുണ്ടാവുന്ന കുഞ്ഞുങ്ങളെയായിരിക്കണം ഉപേക്ഷിക്കുന്നത്. പണ്ടുകാലത്തും അങ്ങനെ തന്നെയായിരിക്കും എന്ന് കരുതുന്നു. അന്ന് അമ്മത്തൊട്ടിലില്ലാത്തകൊണ്ട്, തുളസിച്ചെടിയുടെ ചുവട്ടിൽ ഉപേക്ഷിച്ച ഒരു കുഞ്ഞായിരിക്കണം ആണ്ടാൾ.

പോരാതെ, പരംജ്യോതിയിൽ ലയിച്ചു എന്ന് പറയുന്നതൊക്കെ കാവ്യാത്മകമായി അംഗീകരിക്കാമെങ്കിലും യുക്തിയ്ക്ക് പുറത്തുള്ള കാര്യമാണത്. വള്ളലാർ ജ്യോതിയിൽ ലയിച്ചു എന്ന് പറയുന്നതും, നന്ദൻ ചിതമ്പരത്തിൽ ലയിച്ചു എന്ന് പറയുന്നതും, തുക്കാറാം പാണ്ഡുരംഗനിൽ ലയിച്ചു എന്ന് പറയുന്ന പോലെയും ഒരു കഥ. ഇങ്ങനെ ഒരു മിസ്റ്റിക്കൽ ഫാക്റ്റ് ഉള്ളതിനാൽ തന്നെ പല ഏജൻസികളും ആണ്ടാൾ എന്ന കഥാപാത്രം യധാർത്ഥത്തിൽ ജീവിച്ചിരുന്നോ എന്ന വിഷയം പഠനത്തിനു വിധേയമാക്കിയിട്ടുണ്ട്.

ആണ്ടാളുടെ ഭക്തന്മാർ എന്ന് പറയുന്നവരിൽ പല പ്രമുഖരും ഉണ്ട്. സി. രാജഗോപാലാചാരി (രാജാജി) മഹാഭാരതം, ചക്രവർത്തി തിരുമകൻ എന്നിവയൊക്കെ തമിഴാക്കം എഴുതിയ അദ്ദേഹം പോലും ആണ്ടാളെ ഒരു അസ്സൽ വ്യക്തിയായി അംഗീകരിച്ചിരുന്നില്ല. ആണ്ടാൾ ശരിക്കും ജീവിച്ചിരുന്ന ഒരു വ്യക്തിയല്ല എന്നും പെരിയാൾവാർ തന്നെ ഒരു സ്ത്രീ പക്ഷ എഴുത്തിനായി ഉണ്ടാക്കിയ സാങ്കൽപ്പിക കഥാപാത്രമായിരിക്കണം ആണ്ടാൾ എന്നും 1942-ലെ ഒരു പത്ര കോളത്തിൽ എഴുതിയിരുന്നതായി പറയുന്നു. രാജാജിയെ ആരും ‘നാസ്തികൻ’ എന്നോ യുക്തിവാദി എന്നോ അതിനാലാണ് ആണ്ടാളെ കുറിച്ച് അപരാധം പറയുന്നത് എന്ന് പറയാനൊക്കില്ല. ഇതു പോലെ തന്നെ പലർക്കും പല തിയറികളാണുള്ളത്.

വൈരമുത്തു രംഗത്ത് വരുന്നു

ആണ്ടാളുടെ കവിതകളുടെ ഭംഗി, തമിഴിന്റെ പ്രത്യേകത, ഫിലോസഫിക്കൽ ഡെപ്ത് എന്നിവയെ പറ്റിയാണ് വൈരമുത്തു പറഞ്ഞത്. ഒരു ഇടത്ത്, ‘ആണ്ടാൾ ആരാണ്? പെരിയാൾവാർ കണ്ടെടുത്ത ഒരു പെൺകുഞ്ഞ്. ഇവൾ ആരാണ് എന്ന് പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. ഒരു പഠനത്തിൽ (പേപ്പറിന്റെ പേര് പറയുന്നു) ആണ്ടാൾ ദാസിയായിരിക്കാം എന്നും പറയുന്നു. ഭക്തർ ഇതിനെ അംഗീകരിക്കില്ല. പക്ഷെ ഫെമിനിസ്റ്റുകളും റേഷ്നലിസ്റ്റുകളും ഈ വിഷയത്തിൽ കൂടുതൽ ചിന്തിക്കും.’ എന്ന് പറഞ്ഞതാണ് പ്രശ്നത്തിന്റെ മൂലകാരണം. ഈ ഒരു വരി കാരണമാണ് ഇന്ന് വൈരമുത്തുവിനെതിരെ ഓർഗ്ഗനൈസ്ഡ് ആയ ഒരു ആക്രമണം നടക്കുന്നത്. ആണ്ടാളുടേ ജനനത്തെകുറിച്ച് ഒരിടത്തും പരാമർശമില്ല. പഠനങ്ങൾ ഏഴാം നൂറ്റാണ്ടിലെ മറ്റുപുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ അന്നത്തെ സാമൂഹ്യ രീതികളെ പഠിച്ച് ആണ്ടാളുടേ കാര്യത്തിൽ ഒരു ‘ഊഹ’ത്തിൽ എത്തി നിൽക്കുന്നതിനെ പറ്റി പറഞ്ഞാൽ എന്തിനാണ്, ആർക്കാണ് നോവേണ്ടത്?

ദേവദാസി

Devadasi_1920sദേവദാസികൾ എന്ന വിഭാഗവും ഈ പറഞ്ഞ ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നതും, പിൽക്കാലത്ത് അവരെ സമൂഹം ദുരുപയോഗം ചെയ്യാൻ തുടങ്ങിയപ്പോൾ അത് തടയാനായി സംഘടനകൾ ഉണ്ടായി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർത്തലാക്കുകയും ചെയ്ത ഒരു രീതിയാണ്. എന്നാൽ ഏഴാം നൂറ്റാണ്ടിൽ ദേവദാസികളുടെ സാമൂഹ്യപ്രാധാന്യം മറ്റൊന്നായിരുന്നു. അവർ ദൈവത്തിന് ദാസ്യം ചെയ്യാനായി ജീവിതം ഉഴിഞ്ഞു വച്ചവരായിരുന്നു. അവർ മനുഷ്യരുമായി ലൗകീകമായ ബന്ധം സൂക്ഷിക്കുന്നവർ അല്ലായിരുന്നു. ദൈവം മരിക്കുന്നില്ല എന്ന വിശ്വാസത്തിൻ പേരിൽ ഇവരെ ‘നിത്യ സുമംഗലികൾ’ എന്ന് വിളിക്കുകയും സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനമുണ്ടായിരുന്നു. ദേവദാസി മരിച്ചാൽ അന്ന് ആ അംബലത്തിലെ സ്വാമിക്ക് പൂജ ഉണ്ടാകുമായിരുന്നില്ല. ദുഃഖാചരണം ഉണ്ടായിരുന്നു. അന്ന് മൂലവർക്ക് ചാർത്തുന്ന അങ്കികൾ ദേവദാസിയുടെ ജഡത്തിനു ചാർത്തുകയും, മാലയും മര്യാദയും എല്ലാം ദേവദാസിക്ക് കൊടുക്കും. അതിനു ശേഷമാണ് ശവസംസ്കാരം നടക്കുക.

ഇങ്ങനെയുള്ള ദേവദാസി സംബ്രദായത്തിലിരുന്നവരാണ് അന്ന് കാലത്ത് കലയും സാഹിത്യവും മുറയായി അഭ്യസിച്ചിരുന്ന സ്ത്രീകൾ. കുടുംബസ്ത്രീകൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന കാലത്ത് മായവരം വേദനായകം പിള്ളയുടെ എഴുത്തിൽ അദ്ദേഹം പറയുന്നത്,

‘ഏത് ഭർത്താവിനാണ് ഭാര്യയുടെ അടുക്കൽ പോയി സാഹിത്യമോ രാഷ്ട്രീയമോ സംസാരിക്കാൻ കഴിയുന്നത്? പഠിപ്പറിവില്ലാത്ത ഭാര്യമാരോട് പോകുന്നതിനെക്കാൾ ദേവദാസികളുടെ അടുക്കൽ പോകുന്നതാണ് പലർക്കും ഇഷ്ടം. അവർക്ക് രാഷ്ട്രീയം, സാഹിത്യം, സംഗീതം, നൃത്തം എന്നിവയെല്ലാം അറിയാം. അതിനാൽ തന്നെ സമമായി നിന്ന് സംവാദങ്ങൾ നടത്താൻ അവർക്ക് സാധിക്കുന്നു.  ഭർത്താക്കന്മാർ ദാസികളെ തേടി പോകുന്നത് ഒഴിവാക്കാൻ കുടുംബത്തിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം കൊടുക്കണം’.

എന്നാണ്.

Conclusion

ആണ്ടാൾ പതിനഞ്ചാം വയസ്സിൽ ഋതുമതിയായ ഉടൻ ഭഗവാനിൽ ലയിച്ചു എന്നാണ് ഐതിഹ്യങ്ങളെല്ലാം പറയുന്നത്. പതിനഞ്ചു വയസ്സുള്ള ഒരു പെൺകുട്ടി, (അതും ഏഴാം നൂറ്റാണ്ടിൽ ജീവിച്ചവർ) തിരുപ്പാവൈ പോലെ ഹെവിവെയ്റ്റ് സാഹിത്യം, നാച്ചിയാർ തിരുമൊഴി പോലെ ഒരു ഇറോട്ടിക്ക് കാവ്യം എന്നിവ എഴുതി എന്ന് പറഞ്ഞാൽ വിശ്വസിക്കുക നന്നേ പ്രയാസമാണ്.

ഒന്നുകിൽ രാജാജി പറഞ്ഞപോലെ ആണ്ടാൾ എന്നത് പെരിയാൾവാരുടെ ഒരു ഫേക്ക് ഐഡി ആയിരിക്കണം. അല്ലെങ്കിൽ പതിനഞ്ച് വയസ്സിനുള്ളിൽ ഇത്രയും ഭാഷാപഠനവും, ലൈംഗിക അനുഭവങ്ങളും നേടിയവൾ ആയിരിക്കണം. അതുമല്ലങ്കിൽ പതിനഞ്ച് എന്ന സംഖ്യ തെറ്റായിരിക്കണം.

Closing statements

എന്ത് തന്നെയായാലും ആണ്ടാളെ പറ്റി ഇന്ന് നമുക്കുള്ള അറിവെല്ലാം തന്നെ സാങ്കൽപ്പികമാണ് എന്ന് തന്നെ പറയേണ്ടതുണ്ട്. അതിനാൽ തന്നെ ഈ വിഷയം വീണ്ടും വീണ്ടും പഠനവിധേയമാക്കപ്പെടുന്നും ഉണ്ട്. അതുപോലൊരു പഠനത്തിന്റെ ഔട്ട്കം ആയ ഒരു ലേഖനത്തിലെ ഒരു വരി ഉദ്ധരിച്ചതിന് വൈരമുത്തുവിനെ വളഞ്ഞിട്ട് തല്ലുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല.

ബി.ജേ.പിയുടെ തമിഴ്നാട്ടിലെ ഓട്ടവായ് എച്ച് രാജ പറഞ്ഞ വാചകങ്ങൾ ഞാനീ ബ്ലോഗിൽ ഇട്ടാൽ, ആരെങ്കിലും വൾഗർ കണ്ടന്റ് എന്ന് ഫ്ലാഗ് ചെയ്ത് ബ്ലോഗോടെ ഡിലീറ്റ് ആയി പോകും. അതുപോലത്തെ അസഭ്യവർഷമാണ് രാജ വൈരമുത്തുവിന്റെ വീട്ടിലുള്ളവരെ പറഞ്ഞത്. എച്ച് രാജാ അംഗീകൃത ഓട്ടവായ് ആണെന്ന് കരുതി സമാധാനിച്ചാലോ, ഭാഗവത സപ്താഹം, ഹരികഥാകാലക്ഷേപം എന്നിവ നടത്തി സാത്വിക വേഷത്തിലിരിക്കുന്ന ചിലർ ഫേസ്ബുക്കിലും ഓഫ്ലൈനിലും നടത്തുന്ന കണ്ഠക്ഷോഭം ഞെട്ടിക്കുന്നതായിരുന്നു.

തിരുവള്ളിക്കേണിയിലും (ട്രിപ്ലിക്കേൻ) ശ്രീരംഗത്തും പ്രക്ഷോഭത്തിനെത്തിയ ‘സാത്വികർ’ മുദ്രാവാക്യം വിളിച്ചത്, ‘സമണാകയിരുന്താലും ബൗദ്ധനാക ഇരുന്താലും എങ്കൾ കടവുളൈ സൊന്നാൽ തലൈയൈ കൊയ്വോം’ എന്നാണ്.

ജൈനനാണെങ്കിലും ബൗദ്ധനാണെങ്കിലും ഞങ്ങളുടെ ദൈവത്തെ വല്ലതും പറഞ്ഞാൽ തല കൊയ്യും

സാത്വികത! വേലുക്കുടി കൃഷ്ണസ്വാമിയൊക്കെ കണ്ടാൽ എത്ര സാധു! പക്ഷെ നീലക്കുറുക്കന്റെ നിറം പോയത് ലോകം ഇപ്പോൾ കണ്ടു. നിത്യാനന്ദസ്വാമിയുടെ ശിഷ്യന്മാരും കൂടെയുണ്ട്.

ഇതിന്റെ മറുവശമാണെങ്കിലോ? വൈരമുത്തുവിന് സപ്പോർട്ടുമായി വന്ന ഭാരതിരാജ പറഞ്ഞത്:

ഞങ്ങളുടെ അടയാളം തന്നെ കയ്യിലേന്തിയ ആയുധമാണ്. കഴിഞ്ഞ കുറച്ചു കാലമായി അതൊക്കെ താഴെ വച്ചത് വീണ്ടും എടുപ്പിക്കരുത്.

എന്ന് ജാതീയമായ സൂചനകൾ വച്ചാണ്. ഇന്ന് വാക്കുകളിൽ തുടങ്ങിയത് നാളെ ചെയ്തികളാവില്ല എന്ന് ഒരു ഉറപ്പുമില്ല. സംഘപരിവാരങ്ങൾക്ക് തമിഴ്നാട്ടിൽ ക്ലച്ച് പിടിക്കാൻ കഴിയാത്തതിന്റെ ഫ്രസ്റ്റ്രേഷനിൽ നിന്നുകൂടിയാണ് ഈ വക വിവാദങ്ങൾ ഉയിരെടുക്കുന്നത്. ഒരു ധ്രുവീകരണം ഉണ്ടാവാതെ തങ്ങൾക്ക് നിലനിൽപ്പില്ല എന്ന തിരിച്ചറിവാണ് എച് രാജാ, തമിഴിസൈ സൗന്ദരരാജൻ പോലുള്ള ‘നേതാക്കന്മാരെ’ ഇതുപോലെ പ്രവർത്തിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. അതിൽ അവർ ഒരു വിധം വിജയിക്കുകയും ചെയ്യുന്നു. കാരണം ഇത് ആദ്യത്തേതല്ല. പെരുമാൾ മുരുകൻ എന്ന എഴുത്തുകാരനെ നമ്മൾ മറക്കാൻ സമയമായിട്ടില്ല.

ഒരു കുഴി വെട്ടി വച്ച്, അതിലേക്ക് എല്ലാവരെയും കൊണ്ടിടുക. അതാണ് ‘അവരുടെ’ ഒരേഒരു ലക്ഷ്യം.

Tribute

gnaniഈ ലേഖനം എഴുതാനുള്ള കാരണം, റെഫർ ചെയ്യാനുള്ള മെറ്റീരിയൽസ്, പോയിന്റ്സ്, എല്ലാം തന്ന മനുഷ്യൻ ജ്ഞാനി ഇന്ന് ജീവനോടെയില്ല. ഈ ലേഖനം അദ്ദേഹത്തിന് സമർപ്പണം.


Leave a Reply

Your email address will not be published. Required fields are marked *