Categories
Malayalam Posts

ഓടയിലെ മാങ്ങ

ഒരു കല്ലു കൊണ്ടു ഓടയിൽ വീണ മാമ്പഴത്തിനുമുണ്ട് ചിന്ത
കല്ലിനൊരു ചിന്ത
മാമ്പഴത്തിനൊരു ചിന്ത
മാം വിത്തിനൊരു ചിന്ത.

ഓടയിൽ വീണ മാമ്പഴത്തിനൊപ്പം
എറിഞ്ഞിട്ട കല്ലും വീണു.
എറിഞ്ഞവൻ കല്ലുമെടുത്തില്ല
പഴവുമെടുത്തില്ല.

നേരം നിൽക്കില്ലല്ലൊ.
മാമ്പഴത്തിന്റെ ദശകൾ
പ്രാകി പ്രാകി, ആ അഴുക്കു വെള്ളത്തിൽ
അഴുകിച്ചേർന്നു.

കല്ല്, കല്ലുപോലെ കിടന്നു,
അഴുക്ക് ചാലിലെ വെള്ളത്തിനെന്നെ
ഒന്നും ചെയ്യാൻ കഴിയില്ല എന്ന ഹുങ്കോടെ,
ആ അഴുക്കിലും ഉഴറാതെ നിന്നു.

മാമ്പഴവിത്ത്,
ഇതിലൊന്നും ഞാൻ തോൽക്കില്ല എന്ന
ശുഭാപ്തി വിശ്വാസത്തിൽ,
അഴുക്കു ചാലിൽ നിന്നും ഒരു മാമരമായി വളർന്നു.

ഈ സമൂഹമാകുന്ന അഴുക്കു ചാലിൽ,
ഒരു വിതയാകാൻ കഴിഞ്ഞില്ലെങ്കിലും,
ഒരു കല്ലാകാൻ കഴിഞ്ഞാൽ മതി.
മാമ്പഴമാകാതിരുന്നാൽ പരമാനന്ദം.

 

image:http://www.harvesttotable.com/wp-content/uploads/2011/04/Seedling1.jpg