Categories
Photos

Sun in the water

My first ever blog entry…

Sun in the water
Sun in the water

by Sangeeth Janardhanan

Categories
Malayalam Posts

മക്കള്‍ തിലകം

ഭാരതത്തിന്റെ സിനിമയുടെയും രാഷ്ട്രീയത്തിന്റെയും ട്രാക്കില്‍ എന്നും ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ഒരു മനുഷ്യന്‍… സിനിമയും രാഷ്ട്രീയവും എന്ന് ഒരുമിച്ചു കാണുമ്പോള്‍ തന്നെ സംഗതി നടന്നത് തമിഴ്നാട്ടില്‍ തന്നെ എന്ന് പലരും ഊഹിച്ചുകാണും. അതെ, തമിഴ്നാട്ടില്‍ തന്നെ. ഭാഷാസ്നേഹത്തിന്റെ കാര്യത്തില്‍ പഞ്ചാബിയോടും ബംഗാളിയോടും പിടിച്ചു നില്‍ക്കാന്‍ തമിഴരെ കഴിഞ്ഞേ വേറെ സമൂഹം ഉള്ളൂ… അങ്ങനത്തെ തമിഴ്നാട്ടില്‍, ഒരു മലയാളിക്ക് എത്ര ഉയരം വരെ എത്താന്‍ കഴിയും?? പറഞ്ഞു വന്നത് തമിഴകത്തിന്റെ സ്വന്തം മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ മേനോന്‍ എന്ന എം.ജി.ആര്‍-നെ കുറിച്ചാണ്.

image courtesy: http://www.sangam.org/2008/01/images/AsiaweekcoverJan81988.JPG
image courtesy: http://www.sangam.org

അന്തക്കാലം… 1917, ജനുവരി 17ആം തിയ്യതി, സിലോണിലെ മദ്ധ്യ പ്രവിശ്യയായ കാന്‍ഡിയിലെ നാവലപിടിയ എന്ന സ്ഥലത്താണ് ഗോപാല മേനോന്റെയും മരുതൂര്‍ സത്യഭാമയുടെയും മകനായി രാമചന്ദ്രന്‍ പിറന്നത്. പൈതൃകം പാലക്കാട്ടുള്ള വടവന്നൂര്‍ എന്ന ഗ്രാമമാണെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം ശ്രീലങ്കയുലും തമിഴകത്തിലുമായാണ്‌. രാമചന്ദ്രന്‍ കുട്ടിയായിരുന്നപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചുപോയി. കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അവന്റെ ജീവിതം. മുറയായ വിദ്യാഭ്യാസം ചെയ്യാനുള്ള സ്ഥിതി കുടുമ്പത്തില്‍ ഇല്ലാത്തതിനാല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ ‘ഒറിജിനല്‍ ബോയ്സ്’ എന്ന നാടക കമ്പനിയില്‍ ചേര്‍ന്നു. ആള്‍ ഒരു മുരുക ഭക്തനായിരുന്നു.

രാമചന്ദ്രന്‍ മൂന്നു തവണ വിവാഹിതനായി. ആദ്യം ഭാര്‍ഗ്ഗവി എന്ന യുവതിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയുന്നതിനു മുന്നേ തന്നെ അവര്‍ ശാരീരിക അസ്വാസ്ഥ്യങ്ങളാല്‍ മരിച്ചു പോയി. അതിനു ശേഷം സദാനന്ദവതിയെ വിവാഹം കഴിച്ചു. അവര്‍ ക്ഷയരോഗപീഡയാല്‍ മരിച്ചു. അപ്പോഴേക്കും രാമചന്ദ്രന്‍, എം.ജി.രാമചന്ദ്രന്‍ എന്ന പേരില്‍ എത്തിച്ചേര്‍ന്നു- സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. ഈ സമയത്താണ് ഒരു മുന്‍ നടിയായ ‘ജാനകി’യെ വിവാഹം ചെയ്യുന്നത്. അവരാകട്ടെ, അവരുടെ ഭര്‍ത്താവായ ഗണപതി ഭട്ടിനെ ഡിവോര്‍സ് ചെയ്തിട്ടാണ് എം.ജി.ആറിനെ വിവാഹം ചെയ്തത്.

1935-ല്‍ എല്ലിസ് ഡങ്കന്‍ (ഡിങ്കനല്ല) എന്ന സംവിധായകന്‍ ഒരു തമിഴ് ചിത്രം ചെയ്തു- സതി ലീലാവതി. ഒരു നാടിന്റെ മുഴുവന്‍ തലയിലെഴുത്ത് മാറ്റി എഴുതുകയായിരുന്നു ഡങ്കന്‍ അന്നു ചെയ്തത്. കലാകാരന്റെ കഴിവ് ഇന്നല്ലെങ്കില്‍ നാളെ ലോകം അറിയും, എങ്കിലും ഡങ്കനാണ് അന്ന് അതു ചെയ്യാന്‍ നിയോഗിതനായത്! 1950-കളിലും 60-കളിലും എതിരികള്‍ ഇല്ലാത്ത ഒരു നായകനായിരുന്നു എം.ജി.ആര്‍. തമിഴ് സിനിമ എന്നു പറഞ്ഞാല്‍ എം.ജി.ആര്‍, എംജിആര്‍ എന്നു പറഞ്ഞാല്‍ തമിഴ് സിനിമ. അങ്ങനത്തെ കാലം.

ആദ്യകാലങ്ങളില്‍ രാജാക്കന്മാരുടെ കഥകളും ആക്ഷന്‍ സിനിമകളും മാത്രമായിരുന്നു എംജിയാറിന്റെ സിനിമകള്‍. പില്‍കാലത്ത് ജെമിനി ഗണേശനും ശിവാജി ഗണേശനും ഒക്കെ രംഗത്ത് വന്നപ്പോള്‍, ഒരു മത്സരമെന്ന പോലെ റൊമാന്‍സും, കുടുമ്പകഥകളുമൊക്കെ ചെയ്യാന്‍ തുടങ്ങി. അക്കാലത്ത് ശിവാജി ഗണേശന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു എംജിയാര്‍. പൊതുവേ പറഞ്ഞുകേള്‍ക്കുന്നത്, ശിവാജി ഗണേശന്റെ മാതാപിതാക്കള്‍ കടുത്ത എംജിആര്‍ ഫാനുകളായിരുന്നു അത്രെ. ഇതിനാല്‍ തന്നെ ശിവാജിയും എംജിയും തമ്മില്‍ ചില “ഹെല്‍തി ഫ്രിക്ഷനും“ ഉണ്ടായിരുന്നു.

1947-ല്‍ ഇപ്പൊഴത്തെ മുഖ്യമന്ത്രി മു. കരുണാനിധി എഴുതിയ ‘രാജകുമാരി’ എന്ന ചിത്രം മുpic.phpതല്‍ അവര്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കള്‍ ആയിത്തീര്‍ന്നു. കരുണാനിധിയുടെ ചൊല്‍‌വീശും, എംജിയാറിന്റെ വാള്‍‌വീശും തമിഴ് സിനിമയില്‍ സൂപ്പര്‍ ഹിറ്റുകളുടെ ഒരു പെരുമഴ തന്നെ ഉണ്ടാക്കി. മലൈക്കള്ളന്‍, നാടോടി മന്നന്‍ എന്നീ ചിത്രങ്ങള്‍ പുറത്തു വന്നതോടെ എംജിയാര്‍ ഒരു സൂപ്പര്‍ താരമായിക്കഴിഞ്ഞിരുന്നു.

സമാന്തരമായി പെരിയാര്‍ ശ്രീ ഈ.വി രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തില്‍ ദ്രാവിഡ മൂവ്മെന്റ് ശക്തിപ്പെട്ടു വരികയായിരുന്നു. അതിന്‍പടി, തമിഴരെ ഭരിക്കേണ്ടത് തമിഴര്‍ മാത്രമാണെന്നും, ബ്രാഹ്മണര്‍, ക്ഷത്രിയര്‍ തുടങ്ങിയ ജാതികളൊന്നും ദ്രാവിഡ ഇനത്തിലുള്ളതല്ലെന്നും ഉള്ള തിയറികളാണ് ശക്തിപ്പെട്ടു വന്നത്. കാര്യ കാരണങ്ങളോടെയാണ് പെരിയാര്‍ ഈ വിഷയത്തെ കൈകാര്യം ചെയ്തത്. അലക്കുകാരന്‍ എന്നും അലക്കുന്നു, ചെരുപ്പുകുത്തി എന്നും ചെരുപ്പു നന്നാക്കുന്നു, ബ്രാഹ്മണര്‍ എന്നും സുഖലോലുപരായി ഗുമസ്തപ്പണികള്‍ ചെയ്ത് ജീവിക്കുന്നു. ഈ രീതി മാറ്റി, ജാതി ഭേദമന്യേ എല്ലാര്‍ക്കും എല്ലാ ജോലിയും ചെയ്യാനുള്ള അവസരം ഒരുക്കുക എന്നതായിരുന്നു ‘ദ്രാവിഡ കഴകം‘ എന്ന സംഘടനയുടെ ലക്ഷ്യം. കരുണാനിധി മുന്നേ തന്നെ പെരിയാറിന്റെ ഒരു ഫോളോവര്‍ ആയിരുന്നു. അങ്ങനത്തെ അവസരത്തില്‍, എംജിയാറും, കരുണാനിധിയും പെരിയാറിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയി. പെരിയാറിന്റെ വാക്കുകളില്‍ ആകൃഷ്ടരായി ഇരുവരും രാഷ്ട്രീയ/സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങി. സ്വാതന്ത്ര്യ ശേഷം, ദ്രാവിഡ കഴകത്തിന് ഒരു രാഷ്ട്രീയ മാനമുണ്ടായി. പലരും സ്ഥാനമോഹികളായി മാറി. പക്ഷേ, സ്ഥാനമാനങ്ങള്‍ പ്രത്യയശാസ്ത്രത്തെ അട്ടിമറിക്കും എന്ന് വിശ്വസിച്ച പെരിയാര്‍, ദ്രാവിഡര്‍ കഴകം ഒരു സാമൂഹ്യ പ്രസ്താനം മാത്രമാക്കി തുടര്‍ന്നു. രാഷ്ട്രീയത്തില്‍ താല്പര്യമുണ്ടായിരുന്ന, അണ്ണാദുരൈ മുതലായവര്‍ ദ്രാവിഡര്‍ കഴകത്തിന്റെ ഒരു ശാഖയായി മാറി- “ദ്രാവിഡ മുന്നേറ്റ്ര കഴകം“-ഡി.എം.കെ രൂപീകരിച്ചു.  അതുവരെ ഖദറുടുത്ത് കോണ്‍ഗ്രസ്സിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന എംജിയാര്‍, അന്നു മുതല്‍ ദ്രാവിഡ മുന്നേറ്റ്ര കഴകത്തിന്റെ പ്രവര്‍ത്തകനായി. എങ്കിലും പെരിയാറിന്റെ “പകുത്തറിവാളര്‍” (നാസ്തികന്‍-നിരീശ്വരവാദി) തിയറിയില്‍ എംജിയാറിനു വിയോജിപ്പുണ്ടായിരുന്നു.

ഡീ.എം.കെയുടെ രാഷ്ട്രീയ പ്രചാരണ വേളകളില്‍, എംജിയാര്‍ എന്നും ഒരു ഗ്ലാമര്‍ താരമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, രാജാപ്പാര്‍ട്ട് വേഷമിട്ട് സിനിമകളില്‍ വന്ന് നന്മകള്‍ ചെയ്യുന്ന എംജിയാറിനെ വച്ച് ഡീ.എം.കെ നല്ല ഒരു ഗെയ്ം കളിക്കുകയായിരുന്നു. 1962-ലെ തിരഞ്ഞെടുപ്പില്‍ ഡീ.എം.കെ, തമിഴകം തൂത്തുവാരി!

പാര്‍ട്ടിയിലെ എംജിയാറിന്റെ സ്വാധീനവും ശക്തിയും വര്‍ദ്ധിച്ചു വരുന്നത് കരുണാനിധിക്ക് അനുകൂലമല്ലാത്തതിനാല്‍, ഒരു ഗൂഢാലോചനയുടെ ഭാഗമായി 1967-ല്‍ ഒരു ഷൂട്ടിങ്ങിനിടെ എംജിയാര്‍ക്ക് വെട്റ്റിയേറ്റു. ഉണ്ട സ്ഥിരമായി തൊണ്ടയില്‍ കുടുങ്ങിയത് കാരണം അദ്ദേഹത്തിന്റെ ശബ്ദം പോയി (അതിനു ശേഷം അഭിനയിച്ചൊരു പടത്തിലെ നായികയെ “കെഴവി കെഴവി” എന്നാണ് വിള്‍ലിച്ചിരുന്നത്! ശരിക്കും കഥാപാത്രത്തിന്റെ പേര് “കയല്‍‌വിഴി” എന്നായിരുന്നു!).  ആശുപത്രിക്കിടക്കയില്‍ നിന്നു തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എംജിയാര്‍, വിജയിച്ച് മുഖ്യമന്ത്രിയായിട്ടേ നിര്‍ത്തിയുള്ളൂ! തനിക്കെതിരെ നിന്ന സ്ഥാനാര്‍ത്ഥിയ്ക്കു കിട്ടിയതിന്റെ ഇരട്ടി വോട്ടുകളുടെ വ്യത്യാസത്തില്‍ എംജിയാര്‍ ജയിച്ചു. ചെന്നൈയിലെ സെന്റ് തോമസ് മൌണ്ട് നിയോജകമണ്ഡലത്തില്‍ നിന്നും ആദ്യ തിരഞ്ഞെടുപ്പ് വിജയം- എം.എല്‍.ഏ സ്ഥാനം. പിന്നീട് തന്റെ രാഷ്ട്രീയ ബാങ്ക് ബാലന്‍സ് ചെക്ക് ചെയ്യേണ്ടി വന്നിട്ടില്ല എംജിയാറിന്‌. 1969-ല്‍ രാഷ്ട്രീയാചാര്യന്‍ സി.എന്‍.അണ്ണാദുരൈ മരിച്ചപ്പോള്‍ കരുണാനിധി മുഖ്യമന്ത്രി ആവുകയും, എംജിയാര്‍ ഡി.എം.കെയുടെ ഖജാഞ്ജി ആവുകയും ചെയ്തു. ഖജാഞ്ജി സ്ഥാനത്തെത്തിയ എംജിയാര്‍ പല കുഴപ്പങ്ങളും കണ്ടു. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും പണം പാര്‍ട്ടി ഖജനാവിലേക്ക് ഒഴുകുന്നതായിരുന്നു ഏറ്റവും വലിയ കുഴപ്പം! പാര്‍ട്ടിയുടെ കണക്കുകള്‍ പബ്ലിക്കിന് പ്രസിദ്ധീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച എംജിയാറിനു കുറച്ചൊന്നുമല്ല വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നത്. അത് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് വരെ കൊണ്ടെത്തിച്ചു. സംഭവം നടക്കുന്നത് 1972.

വിധി! പാര്‍ട്ടി പിളര്‍ന്നു. അണ്ണാ ദ്രാവിഡ മുന്നേറ്റ്ര കഴകം (ആതിമൂകാ) പിറന്നു. 1977-ലെ

image courtesy: http://im.in.com/
image courtesy: http://im.in.com/

തിരഞ്ഞെടുപ്പില്‍ മത്സരിച്ച എംജിആര്‍, മുഖ്യമന്ത്രിയായി. 77 മുതല്‍ മരിക്കുന്നത് വരെ, അതായത് 87 വരെ അദ്ദേഹം തന്നെയായിരുന്നു തമിഴക മുതലമൈച്ചര്‍! എംജിയാര്‍ ജീവിച്ചിരുന്ന കാലത്തോളം ഏഡിയെംകേ ഒരു തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. അണ്ണാദുരയും, കരുണാനിധിയുമൊക്കെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചു മാത്രമേ ഉള്ളൂ… ആ കണക്കില്‍, മുഖ്യമന്ത്രിയായ ആദ്യ സിനിമാ നടന്‍ എംജിയാര്‍ തന്നെ.

മുഖ്യമന്ത്രിയായ നടന്‍, അക്ഷരാര്‍ത്ഥത്തില്‍ ഒരു രാജാവായി ജീവിക്കുകയായിരുന്നു. തന്റെ സിനിമകളിലെ നല്ലവരായ രാജാക്കന്മാരിലൂടെ ജനങ്ങള്‍ക്ക് കൊടുത്ത എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ ഒരു മുഖ്യമന്ത്രിയായിരുന്നു എംജിയാര്‍. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്- കല്‍‌വിപ്പേരൊളി-കര്‍മ്മവീരര്‍ കാമരാജന്‍ തുടക്കമിട്ട -“സത്തുണവുത്തിട്ടം” പുനഃരാരംഭിച്ചു എന്നതാണ്. സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ പോഷകാഹാരങ്ങള്‍ കൊടുക്കുക എന്നതാണത്. ഉദ്യോഗസ്ഥര്‍ ഇതിന്റെ ചിലവ് വളരെ കൂടുതലാണെന്ന് പറഞ്ഞപ്പോള്‍, “കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത് കാരണം ഈ നാട് മുടിഞ്ഞു പോയാല്‍ അങ്ങു പോട്ടെ” എന്ന് പറഞ്ഞത്രേ!! എത്ര മുഖ്യമന്ത്രിമാര്‍ ഇങ്ങനത്തെ ഉറച്ച തീരുമാനങ്ങള്‍ എടുക്കും? (അച്ചുമാമാ… ഇവിടെ ഉണ്ടോ?) സ്ത്രീകള്‍ക്കായി പ്രത്യേക ബസ്സുകള്‍ തുടങ്ങിയതും എംജിയാര്‍ തന്നെ. സിനിമാ തൊഴിലാളികളുടെ കുട്ടിക്കള്‍ക്കായി കോടമ്പാക്കത്ത് ഒരു സൌജന്യ പള്ളിക്കൂടം തുറക്കുകയും ചെയ്തു.

സ്വകാര്യ ജീവിതത്തില്‍ മറ്റൊരു വ്യക്തിയായിരുന്നു എംജിയാര്‍! ഇദ്ദേഹം ആള് നല്ലവനാണോ അതോ വില്ലനാണൊ എന്നു തോന്നിക്കുന്ന രീതിയിലായിരുന്നു ഏര്‍പ്പാട്. ടി.നഗറിലും രാമാവരത്തും ഓരോ വീടുകള്‍ ഉണ്ട്. രാമാവരത്തെ ബംഗ്ലാവില്‍ സ്വന്തമായി അടിയാളുകളും മറ്റുമൊക്കെയായി ഒരു സമാന്തര കോടതി തന്നെ ആശാന്‍ നടത്തി വന്നിരുന്നു. തന്റെ നയങ്ങള്‍ക്ക് കുറുകേ നില്‍ക്കുന്നവരെ തട്ടി ഓടയില്‍ (കൂവം നദി) കളയുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു അത്രേ! എംജിയാര്‍-ജാനകി

Manjula - old photo
Manjula - old photo

കുടുമ്പത്തിനു കുട്ടികള്‍ ഇല്ലായിരുന്നു. പക്ഷേ എംജിയാറിനു ആവശ്യത്തിലേറേ കുറ്റികള്‍ 😉 ഉണ്ടായിരുന്നു! എംജിയാറിന്റെ സ്ഥിരം കുറ്റികളില്‍ ഒന്നായ ലത എന്ന സൈഡ് നടിയെ ഒരിക്കല്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ട്രൈ ചെയ്യുകയും, ഇതറിഞ്ഞ എംജിയാര്‍ രജിനിയെ രാമാവരം ബംഗ്ലാവില്‍ 3 ദിവസം ഭക്ഷണവും വെള്ളവും കൊടുക്കാതെ നല്ല മേട് കൊടുത്തുവെന്നും ജനസംസാരം. ഇതിനു ശേഷമാണത്രേ രജിനി ഇടക്കിടെ ഹിമാലയത്തില്‍ പോയി തപസ്സിരിക്കുന്നത്! 🙂 അതേ പോലെതന്നെ മറ്റൊരു കുറ്റിയായിരുന്ന മഞ്ജുളയെ (അതെ നമ്മടെ ഭുവനേശ്വരിയുടെ ലിസ്റ്റില്‍ ഉള്ള മഞ്ജുള) വിജയകുമാര്‍ അടിച്ചോണ്ടു പോയി കെട്ടി, നേരെ എംജിയാറിന്റെ കാലില്‍ വീണു എന്നും, മഞ്ജുളക്കു വേണ്ടി വിജയകുമാറിനെ വെറുതേ വിട്ടു എന്നും ജനസംസാരം! സത്യാവസ്ത എംജിയാറിനു മാത്രം അറിയാമായിരിക്കും.

എംജിയാര്‍ തന്റെ സ്വത്തിന്റെ ഏറിയ പങ്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്തു. തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന അരക്കിലോ സ്വര്‍ണ്ണത്തിലുണ്ടാക്കിയ ഒരു വാള്‍ കൊല്ലൂര്‍ മൂകാമ്പികാ ക്ഷേത്രത്തില്‍ ദാനമായി കൊടുത്തു!

1984-ല്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്ന്, അമേരിക്കയിലുള്ള ബ്രൂക്ലിന്‍ മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റായ എംജിയാര്‍, അവിടിരുന്നു തന്നെ തിരഞ്ഞെടുപ്പിനെ നേരിട്ടു! ഒരിക്കല്‍ പോലും പ്രചരണത്തിനായി ഇന്ത്യയില്‍ വന്നില്ല. ഇവിടുത്തെകാര്യങ്ങളൊക്കെ ജയലളിതയും, ജാനകിയും പ്രോക്സി ചെയ്തു. തിരഞ്ഞെടുപ്പില്‍ ഡി.എം.കെ-ക്ക് ജയിക്കാന്‍ വേറേ മാര്‍ഗ്ഗമില്ലാതെ, അമേരിക്കയില്‍ വച്ച് എംജിയാര്‍ മരിച്ചുപോയി എന്നു വരെ വദന്തികള്‍ പരത്തി! എന്നിട്ടും എംജിയാര്‍ തന്നെ തിരഞ്ഞെടുപ്പ് ജയിച്ചു! 1987 ഡിസമ്പര്‍ 24, ക്രിസ്തുമസ് ഈവില്‍, എംജിയാര്‍ മരിച്ചു. ആ മരണം, തമിഴ്നാട്ടില്‍ വന്‍ നാശം വിതച്ചു. അക്രമികള്‍ (എന്തിനെന്നറിയാതെ) കടകളും തിയേറ്ററുകളും തല്ലിപ്പൊളിക്കുകയും, കത്തിച്ചു കളയുകയും ചെയ്തു. സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു, ഷൂട്ട്-അറ്റ്-സൈറ്റ് ഓര്‍ഡറുകള്‍ ഇറക്കി… വേറെ വഴിയില്ലാതെ. അതെ, അഭിനയത്തിന്റെയും, രാഷ്ട്രീയത്തിന്റെയും ഐക്കണ്‍ ആയ എംജിയാറിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ഒന്നോ രണ്ടോ അല്ല, പത്തുലക്ഷത്തില്‍‌പരം ആളുകളാണ്. സംസ്കാര ചടങ്ങുകള്‍ക്കിടയില്‍ അക്രമത്തില്‍ മരിച്ചവര്‍ 29 പേര്‍. 47 പൊലീസുകര്‍ക്ക് ഗുരുതരമായ പരിക്കുകളും… ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിന്റെയും അന്ത്യകര്‍മ്മത്തിന് ഇത്ര വലിയ ജനക്കൂട്ടം ഉണ്ടായിക്കാണില്ല (ഗാന്ധിജി ഒരു രാഷ്ട്രീയക്കാരനല്ല)!

ജന നായകന്‍
ജന നായകന്‍

പക്ഷേ, തമിഴകത്തിന്റെയോ, എംജിയാറിന്റെയോ കഥ ഇവിടെ തീരുന്നില്ല… വീണ്ടും എന്നെങ്കിലും ഇതിന്റെ ബാക്കി എഴുതും.

 

(ചില കാര്യങ്ങളൊക്കെ ടാക്സി ഡ്രൈവര്‍മാരോടും, മറ്റ് സുഹൃത്തുക്കളോടുമൊക്കെ സംസാരിച്ചപ്പോള്‍ അറിഞ്ഞ കാര്യങ്ങളാണ്. പ്രോപ്പര്‍ ഓതന്റിസിറ്റി അവകാശപ്പെടുന്നില്ല.)

Categories
Malayalam Posts

ആധവന്‍ – ദീപാവലി ചിത്രം 2009

ഭുവനേശ്വരി വന്ന് ഒരു “വെടി” പൊട്ടിച്ച് തമിഴ് സിനിമയും തമിഴകവും മൊത്തം ആടിപ്പോയി നില്‍ക്കുന്ന ഈ ദീപാവലിക്ക് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ച പടങ്ങള്‍ എല്ലാം ഇറക്കിയിട്ടില്ല. അതും ഭുവനേശ്വരിയുമായി അങ്ങനെ ബന്ധമൊന്നും ഇല്ല. ശരിക്കും 2009 ദീപാവലിക്ക് സൂര്യായുടെയും വിജയുടെയും പടങ്ങളായിരുന്നു ഹൈലൈറ്റ്. സൂര്യയുടെ ആധവനും, വിജയുടെ വേട്ടക്കാരനും. തമിഴ് നാട്ടിലെ രാഷ്ട്രീയ മൊത്തക്കച്ചവടക്കുടുമ്പമായ മൂ.കരുണാനിധി കുടുമ്പമാണ് രണ്ട് സിനിമയും നിര്‍മ്മിച്ചത്. വേട്ടക്കാരന്‍ നിര്‍മ്മിച്ചത് ചേട്ടന്റെ മക്കള്‍ കലാനിധിമാരന്‍ അന്‍ഡ് കോ. ആധവന്‍ നിര്‍മ്മിച്ചത് ചെറുമോന്‍, ഉദയനിധി സ്റ്റാലിന്‍ ആന്‍ഡ് കൊ. ചേട്ടന്റെ മോനാണോ, ചെറുമോനാണോ എന്നു വന്നാല്‍ അന്നും ഇന്നും എന്നും ചെറുമോന്‍ തന്നെയാണ് അപ്പൂപ്പനു ഇഷ്ടം. അങ്ങനെ അപ്പൂപ്പന്റെയും അച്ഛന്‍ മൂ.കാ.സ്റ്റാലിന്റെയും അനുഗ്രഹത്തോടെ ഉദയനിധി സ്റ്റാലിന്‍ 2009 ദീപാവലിക്ക് ഇറക്കിയ സൂര്യാ ചിത്രമാണ് ആധവന്‍.

aadhavanസൂര്യ പതിവുപോലെ ‘സ്റ്റൈലിഷ് യങ് ചാപ്‘ ആയി വന്നിരിക്കുന്നു. നൃത്തരംഗങ്ങളും അവസാനഭാഗത്തെ സംഘട്ടന രംഗങ്ങളും ഭംഗിയാക്കി. അച്ഛനോട് സംസാരിക്കുന്ന ചില രംഗങ്ങളില്‍ വാരണമായിരം ഹാങ് ഓവര്‍ വിട്ടിട്ടില്ല എന്ന ഒരു ഫീല്‍ തരുന്നത് ഇത്തിരി ബോറായി. നയന്‍ താര ഒന്നുകില്‍ അറിയാവുന്ന വല്ല പണിക്കും പോണം, അല്ലെന്കില്‍ സം‌വിധായകര്‍ അവരെ ഒഴിവാക്കണം! അത്രക്ക് ബോറന്‍ അഭിനയം(അഭിനയമോ?). സ്കിന്‍ ഷോ എന്ന ഒരേഒരു കാര്യത്തിനു വേണ്ടിയാണ് നയന്‍സിനെ ഈ പടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏത് സിറ്റുവേഷനും ഒരേ എക്സ്പ്രഷനാണ് കാണിക്കുന്നത്. രവികുമാറിനു റീടേക്കിട്ടു മതിയായിക്കാണും! പഴയകാല നടി, “കന്നഡത്തു പൈങ്കിളി – അഭിനയ സരസ്വതി” സരോജാ ദേവിയാണ് മറ്റൊരു കഥാപാത്രം അവതരിപ്പിച്ചത്. ചില സമയത്ത് അവരെ ഒരു കോമഡി ഓബ്ജക്റ്റായി ഉപയോഗിച്ചു എന്നതൊഴിച്ചാല്‍, താന്‍ അഭിനയ സരസ്വതി തന്നെ എന്ന് കാണിക്കുന്ന പ്രകടനം.

ബി സരോജാ ദേവിsaroja-devi-feb-21-2008

ഇനി നമ്മുടെ ഹീറോ, മദുരൈ നായകന്‍ – വൈഗൈ പുയല്‍ വടിവേലു. അതെ, ഈ പടത്തില്‍, സ്വന്തം റോള്‍ ഏറ്റവും നന്നായി ചെയ്തത് വടിവേലു മാത്രമാണ്.

vadivelu

മുരളിയുടെ അവസാനത്തെ തമിഴ് ചിത്രമാണ് ഇത്. ആദ്യമേ തന്നെ അഭിനയ ചക്രവര്‍ത്തിക്ക് ആദരാഞ്ജലി കാര്‍ഡ് ഇട്ടിരുന്നു (ഞാന്‍ കരുതി മുല്ലപ്പെരിയാര്‍ പശ്ചാത്തലത്തില്‍ മലയാളിയെ ഹൈലൈറ്റ് ചെയ്യാതെ വിടുമെന്ന്! ചുമ്മാ വിചാരിക്കാമല്ലൊ). സായാജി ഷിണ്ടേ, സത്യന്‍, ആനന്ദ് ബാബു എന്നിവരൊക്കെ വന്നുപോകുന്നു എന്നല്ലാതെ കാര്യമായി ഒന്നും ചെയ്യാനില്ല. (നായിക നമ്മുടെ നയന്‍സ് പോലും ചുമ്മാ വന്നു പോകുന്നു അപ്പോഴാ സൈഡ് കാരക്റ്റേസ്!)

കഥ ഹിസ് ഹൈനസ് അബ്ദുള്ള പോലെ, ഒരു അന്വേഷണ കമ്മിഷനെ കൊല്ലാന്‍ കരാറായി വരുന്ന നായകന്‍ ആ ജഡ്ജിന്റെ വീട്ടില്‍ വേലക്കാരനായി കയറുന്നു. പിന്നീട് ജഡ്ജിനെ രക്ഷിക്കുന്നു. അതിനിടയില്‍ ജഡ്ജിന്റെ മകളുമായി പ്രേമം. കുടുമ്പത്തിലെ മറ്റെല്ലാ അംഗങ്ങളും ഇവനോട് അടുക്കുന്നു. ആ വീട്ടിലെ തന്നെ വേലക്കാരനായ ‘കുപ്പന്‍ ബാനര്‍ജീ‘-വടിവേലുവുമായി കുറേ പൂച്ചയും എലിയും കളിക്കുന്നു. ഒരു പുതിയ ത്രെഡ് ഡയറക്റ്റര്‍ക്കു കിട്ടുന്നതേ ഇല്ല എന്നു തോന്നിപ്പോയി. എല്ലാം ഊഹിക്കാവുന്ന ടേണിങ്പോയിന്റുകള്‍. വില്ലന്മാര്‍ക്കോ, അവരുടെ വില്ലത്തരത്തിനോ അവസാനത്തെ അഞ്ചു മിനിറ്റ് വരെ ഒരു പ്രാധാന്യവും ഇല്ല. അവസാനം പോലും വില്ലന്‍ വരുന്നു തല്ലുണ്ടാക്കുന്നു എന്നല്ലാതെ അതിന്റെ കാരണത്തിനു തീരെ ശക്തി പോര.

പാട്ടും, തല്ലും… പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത് ഹാരിസ് ജയരാജ്. ഹാരിസ് മറ്റൊരു നയന്‍ താരയാണ്! ഒരു മ്യൂസിക് കിട്ടിയാല്‍ 2-3 മൂന്ന് വര്‍ഷം അതും കൊണ്ടങ്ങ് ഇരുന്നോളും. പാട്ടുകളൊക്കെ ബോറെന്നു മാത്രമല്ല, ഒന്നും ഒറിജിനലല്ല. ഹസ്സിലി ഫിസിലി എന്ന പാട്ട് വാരണമായിരത്തിലെ ഏത്തി ഏത്തി ഏത്തി എന്‍ നെഞ്ചില്‍ തീയൈ ഏത്തി എന്ന പാട്ടിന്റെ മ്യൂസിക്കും, വാരായൊ വാരായൊ മോണാലിസ എന്ന പാട്ട് അയനിലെ നെഞ്ചേ നെഞ്ചേ എന്ന പാട്ടിന്റെ മ്യൂസിക്കും. ബാക്കിയുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ തന്നെ തോന്നുന്നില്ല. സ്റ്റണ്ട് സീനുകളൊക്കെ മെച്ചമാണ്. ആദ്യ പകുതിയില്‍ സ്റ്റെഡികാം സ്റ്റൈലില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച് തലവേദനയുണ്ടാക്കി എങ്കിലും രണ്ടാം ഭാഗം നന്നായി ചെയ്തിരുന്നു. അവസാന രംഗങ്ങളില്‍ ഹീറോയിസം ഇത്തിരി കല്ലുകടിയായെങ്കിലും സഹിക്കാവുന്നതാണ്. പശ്ചാത്തല സംഗീതം – തലവേദന.

മൊത്തത്തില്‍, നന്നാക്കാവുന്ന ഒരു കഥയെ തിരക്കഥയെഴുതി കൊന്നു. എന്റെ റേറ്റിങ്- ബിലോ ആവറേജ്.

http://4.bp.blogspot.com/_BbJAArGDIEA/R8K9JP3HQvI/AAAAAAAAC3E/ICriUpB7SzY/s400/B+SAROJA+DEV28.jpg
http://www.kollywoodtoday.com/file-uploads/2008/02/saroja-devi-feb-21-2008.jpg
http://www.kollywoodtoday.com/wp-content/uploads/2008/08/vadivelu-au27-2008.jpg
http://www.behindwoods.com
Categories
Malayalam Posts

സ്വപ്നസുന്ദരിക്കായി!

ആരെയും ഭാവ ഗായകനാക്കുന്ന ആ ആത്മസൌന്ദര്യം ആരാണെന്ന് കണ്ടെത്തിയിട്ടില്ല… എന്നാലും, ഈ പാട്ട് ഞാന്‍ ഇനിയും എന്റെ മുന്നില്‍ വരാത്ത അവള്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു. ചില അവന്മാരിപ്പൊ മനസ്സില്‍ പറയുന്നുണ്ടാവും, ഈ പാട്ടുകളൊക്കെ കേട്ട് പേടിച്ചിട്ടാണ് അവള്‍ വരാത്തതെന്ന്…ട്വൈങ്… ഇല്ല മക്കളേ, ചന്തുവിനേ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല. കാരണം ചന്തുവിന്റെ പോസ്റ്റ് ചിന്തയില്‍ ലിസ്റ്റ് ചെയ്യും… എന്നെ പറ്റി അറിയാത്തവര്‍ വഴി തെറ്റിയെങ്കിലും ഇവിടെ വരുമല്ലോ… അതു മതി എനിക്ക് 🙂
beautiful-eyes
വീണ്ടും യൂസഫലി-ബോംബേ രവി-യേശുദാസ് ടീമിന്റെ ഒരു വമ്പന്‍ ഹിറ്റ്. 1986-ല്‍‌ , എം റ്റി യുടെ കഥ ഹരിഹരന്‍ സിനിമയാക്കി വിനീതും മോനിഷ ഉണ്ണിയും, കാഴ്ചക്കാര്‍ക്ക് ഒരു വേദന സമ്മാനിച്ച ‘നഖക്ഷതങ്ങള്‍ ‘ എന്ന ചിത്രത്തിലെ ‘ആരെയും ഭാവ ഗായകനാക്കും‘ എന്ന ഗാനം…

എന്നിലെ സംഗീത സാത്താന്‍ ഉറങ്ങുന്നില്ലാ!

നമ്മുടെ സ്വന്തം ‘അണ്ണാച്ചി‘മാരെ പോലെ കമന്റ്സും മാര്‍ക്കും തന്നാട്ടെ…

image courtesy: http://www.indialist.com/indian-classified/photos/3/0/2/3/8/beautiful-eyes1-76.jpg (found in google image search)

Categories
Malayalam Posts

ഇങ്ങനെയും വര്‍ണ്ണിക്കാമോ?

കവികള്‍ ശരിക്കും കിടിലങ്ങള്‍ തന്നെ! മനസ്സിനിഷ്ടപ്പെട്ട പെണ്ണിനെ എത്ര സുന്ദരമായി വര്‍ണ്ണിച്ചിരിക്കുന്നു!

ഊണു സമയത്ത് ചിലപ്പോള്‍ കല, സംഗീതം എന്നിവയൊക്കെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ചര്‍ച്ചാ വിഷയം ആവാറുണ്ട്. കഴിഞ്ഞ ദിവസം റൊമാന്റിക്കായ ഗാനങ്ങളെ കുറിച്ച് അവരവരുടെ ഭാഷയിലെ ഗാനങ്ങളെ കുറിച്ച് എല്ലാരും സംസാരിക്കുകയുണ്ടായി. ഞാനും വിട്ടില്ല… മലയാളത്തിലും ഉണ്ട് നല്ല കാവ്യാത്മകമായ ഗാനങ്ങള്‍ എന്നു ഞാന്‍ ഉദാഹരണം പറഞ്ഞ ഗാനം എല്ലാവരും ഒരു പോലെ രസിച്ചു… യൂസഫ അലി കേച്ചേരി എഴുതി, ബോംബേ രവി ഈണം പകര്‍ന്ന് യേശുദാസ് ആലപിച്ച, പരിണയം എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഹീറോ.

അഞ്ച് ശരങ്ങള്‍ പോരാതെ മന്മഥന്‍ നിന്‍ ചിരി സായകമാക്കി… എന്ന ഓപ്പണിങ് ലൈനില്‍ തന്നെ എന്റെ തെലുഗു, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ സുഹ്രുത്തുക്കളെല്ലാം ഫ്ലാറ്റ്. (എനിക്ക് തര്‍ജ്ജിമ ചെയ്യേണ്ടി വന്നു എന്നുമാത്രം!).  തേടി നോക്കിയപ്പൊ കരോക്കനെ കിട്ടി. എന്നാല്‍ പിന്നെ ഒന്നു പാടി നോക്കിയാലെന്താ എന്നു തോന്നി… പാടി. ഇനി നിങ്ങള്‍ അനുഭവിക്ക്! 🙂

Categories
Malayalam Posts

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍

Work pressure

[Disclaimer: This article is not intended to hurt any persons feelings. I am not writing anything fictional in this article. All are actuals as it felt for me. Zero percent drama, to my knowledge. This article is not intended to defame XXXXX Pvt. Ltd. in any sense, though it may look like. This is what I experienced in XXXXX Pvt. Ltd. XXXXX, if you people are reading this article, I am happy that you people could at least understand, how an employee was living there]

പുറത്തു നിന്നു നോക്കുന്നവര്‍ക്ക് ഐ.റ്റി മേഖല, ഒരു ഗ്ലാമര്‍ ഇന്‍ഡസ്ട്രി ആണ്. വാസ്തവത്തില്‍ അങ്ങിനെയാണോ? അല്ല എന്നാണ് എന്റെ 9+ വര്‍ഷത്തെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. അതിനാല്‍ തന്നെ, എനിക്ക് അറിയാവുന്ന പിള്ളാരോടൊക്കെ അപേക്ഷിക്കാറുണ്ട്, ഐ.റ്റി വേണ്ട, വേറെ വല്ല നല്ല പണിക്കും പോകാന്‍ . ചിലരൊക്കെ അതു കേട്ടു… ചിലര്‍ കേട്ടില്ല, ഇപ്പൊ അനുഭവിക്കുന്നു.

ഈ ലേഖനം ഇപ്പൊ എഴുതാനുണ്ടായ ചേതോവികാരം എന്താണെന്ന് എനിക്കറിയില്ല. ഒരുപക്ഷേ കഴിഞ്ഞ മൂന്നു വര്‍ഷമായി ആരോടെങ്കിലും പറയണം എന്ന് കരുതിയ ചില കാര്യങ്ങളാണ് ഇത്. ഞാന്‍ ആദ്യം ജോലി ചെയ്തിരുന്ന, തിരുവനന്തപുരത്തുള്ള XXXXX എന്ന കമ്പനിയില്‍ ഉണ്ടായ അനുഭവങ്ങള്‍ , അത് നല്ലതിനോ ചീത്തക്കോ, കുറേപ്പേര്‍ക്ക് ഒരു നല്ല പാഠമായിരുന്നു. ഒരു കാര്യം ആദ്യമേ പറഞ്ഞു വയ്ക്കട്ടെ, എല്ലാ കമ്പനിയും ചീത്ത കമ്പനി എന്നോ, എല്ലാ കമ്പനിയും നല്ല കമ്പനി എന്നൊ ഞാന്‍ പറയുന്നില്ല. ഇത് എനിക്കുണ്ടായ അനുഭവം മാത്രമാണ്. ഒരുപക്ഷേ, XXXXXലെ മാനജ്മന്റ് ഈ ബ്ലോഗ് കണ്ടേക്കാം. നിങ്ങളും മനസ്സിലാക്കുക. അവിടെ നിന്ന് ഞാന്‍ ഇറങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ എന്തായിരുന്നു എന്ന്. (എനിക്ക് വ്യക്തികളോട് വെറുപ്പില്ല)

ഒരു കമ്പനിയില്‍ ജോലിക്കു കേറുമ്പോള്‍ നമുക്ക് ചില പ്രതീക്ഷകളൊക്കെ ഉണ്ടാകും. Working environment, Friendly reporting authority, Transparency in dealing, Good salary, Freedom of thinking, Freedom of speech etc. എന്നാല്‍ മേല്‍പ്പറഞ്ഞവയില്‍ ഒന്നു പോലും എനിക്ക് കിട്ടിയില്ല എന്നതിലാണ് വിഷമം (ചെറുതാണെങ്കിലും കൃത്യസമയത്ത് തന്നെ ശമ്പളം അക്കൌണ്ടില്‍ എത്തും. അതും 2-3 വട്ടം തെറ്റി). ആ കമ്പനിയില്‍ ഞാന്‍ അഞ്ച് വര്‍ഷം ജോലി ചെയ്തു. ആദ്യത്തെ ശമ്പളം 3000 രൂപയായിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം അത് 7800 രൂപ വരെ പോയി. നല്ലത്… എനിക്ക് ശമ്പളത്തിന്റെ കാര്യത്തില്‍ അന്നും ഇന്നും പരാതികള്‍ ഇല്ല. ജീവിക്കാനുള്ളത് കിട്ടിയാല്‍ മതി. പക്ഷേ, മറ്റു ചില കാര്യങ്ങള്‍…

ശനിയാഴ്ച്ചയുള്‍പ്പടെ ഞങ്ങള്‍ ജോലി ചെയ്തിരുന്നു. കടലാസുകളില്‍ മാത്രം രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ജോലി ചെയ്തു. പക്ഷേ ഒരിക്കല്‍ പോലും സന്ധ്യാ സൂര്യനെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. എന്നും രാത്രി 9 മണി എങ്കിലും ആകാതെ വീട്ടിലേക്ക് പോകാന്‍ പറ്റില്ല. അത് മിനിമം ആണ്. സാധാരണ സമയം 11ഓ 12 ഒക്കെ ആണ്. പക്ഷെ രാവിലെ 9 മണിക്ക് ഓഫീസില്‍ ചെക്ക്-ഇന്‍ ചെയ്തില്ലെങ്കില്‍ ഹാഫ് ഡേ ലീവ് പോകും. പക്ഷേ ചെക്കൌട്ട്, ഓപ്പണ്‍ ആണ്. Always after 10pm! ആ കാലത്തൊക്കെ എന്റെ മറ്റു കൂട്ടുകാര്‍ സിനിമക്കു വരുന്നോ എന്ന് ചോദിക്കും… പക്ഷെ എന്റെ ടീം ലീഡ് ആശ എന്ന മഹിളാമണി ഒരിക്കല്‍ പോലും അനുവദിച്ചിട്ടില്ല… ഇനി ഇതിന്റെ പേരിലെങ്ങാനും പണി പോയാലോ എന്ന പേടി മാത്രമായിരുന്നു അന്ന് ഞാന്‍ അടിമയായി മാറിയത്. സുരേഷ് എന്ന പേരില്‍ ഒരു മാനേജര്‍ ഉണ്ട് ആ കമ്പനിയില്‍. ആള് ഒരു നല്ല മനുഷ്യനാണ് എങ്കിലും പീപ്പിള്‍ മാനജ്മന്റ്റ് 0 മാര്‍ക്ക്. തന്റെ റൂമിലേക്ക് വരുന്ന ഒരു കീഴുദ്യോഗസ്ഥനെ ഇരിക്കാന്‍ പറയുക എന്ന മാന്യത പോലും കാണിക്കാറില്ല.

എന്റെ സ്വന്തം വ്യക്തിത്വത്തെ ഇങ്ങനെ ചോദ്യം ചെയ്ത മനുഷ്യര്‍ ഇതു വരെ ഉണ്ടായിട്ടില്ല. ഒരിക്കല്‍ കമ്പനി സി.ഈ.ഓ വന്നപ്പോള്‍ കാണിക്കാനുള്ള പ്രസന്റേഷന്റെ ചുമതല എനിക്കായിരുന്നു. പക്ഷേ, അത് പ്രസന്റ് ചെയ്തപ്പോള്‍ പ്രിപ്പയര്‍ഡ് ബൈ പി.ജി.മുരളീധരന്‍ എന്ന പേരിലായിരുന്നു. ആ മനുഷ്യനോട് ഉണ്ടായിരുന്ന സകല ബഹുമാനവും അതോടെ പോയി. സത്യത്തില്‍, മുരളി ആശയോട് പ്രസന്റേഷന്‍ ഉണ്ടാക്കാന്‍ പറയുകയും, ആശ അത് എനിക്കിട്ടെ ഡെലിഗേറ്റ് ചെയ്യുകയും ആണ് ഉണ്ടായത്. ഒരിക്കലും ഞാന്‍ ചെയ്ത നല്ല ജോലിക്കുള്ള ക്രഡിറ്റ് എനിക്ക് കിട്ടിയിട്ടില്ല.

ആശയോട് എനിക്ക് പണ്ടേ മതിപ്പില്ല. മറ്റൊന്നും കൊണ്ടല്ല. ഒരു കാര്യം അറിയില്ല എങ്കില്‍ അത് സമ്മതിക്കുക. അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കുക; എന്നിട്ട് വാദിക്കുക. “ഞാന്‍ സര്‍വ്വജ്ഞ പീഠം കയറിയവള്‍” എന്ന് സ്വയം അഹങ്കാരിക്കുന്ന ഒരു സ്വഭാവം… ചിലപ്പോള്‍ സഹതാപം തോന്നും. ഇവരെന്താ ഇങ്ങനെ ആയിപ്പോയത് എന്ന്! ഞാന്‍ InstallShield എന്ന ടൂളിലാണ് പണിയാറ്. ആശക്ക് അതിനെക്കുറിച്ച് കാര്യമായ അറിവൊന്നും തന്നെ ഇല്ല. അത് എനിക്കുമറിയാം, ആശക്കുമറിയാം ആ കമ്പനിയിലെ എല്ലാര്‍ക്കും അറിയാം. ഒരിക്കല്‍ ഇന്‍സ്റ്റാളറിന്റെ ഐഡി കാരണം ഒരു ചില പ്രശ്നങ്ങള്‍ ഉണ്ടായി. അന്നേരം അത് ശരിയാക്കുക എന്ന ഗൌരവമേറിയ ഒരു പണിയാണ് ഞാന്‍ ചെയ്തിരുന്നത്. അതിനിടയ്ക്ക് വന്ന് സ്വന്തം മണ്ടന്‍ കോണ്‍സപ്റ്റുകള്‍ കുത്തി തിരുകാന്‍ ആശ ശ്രമിച്ചു. അവര്‍ പറയുന്നത് പോലെ ചെയ്യണമെങ്കില്‍ ഞാന്‍ അടുത്ത 2 മാസം അതേല്‍ പണിയേണ്ടി വരും. പക്ഷേ എന്റെ രീതിക്ക് ശരിയാക്കാന്‍ എനിക്ക് 2 മണിക്കൂര്‍ വേണ്ട. എന്ത് വന്നാലും ആശ പറയുന്ന കോണ്‍സപ്റ്റില്‍ പോകില്ല എന്നു ഞാനും അത് തന്നെ ചെയ്യണം എന്ന് ആശയും. സംഗതി എസ്കലേറ്റ് ആയി. ഒടുവില്‍ മാനേജര്‍ ആശയ്ക്കൊപ്പം നിന്നു. ആശ പറഞ്ഞ പോലെ ഞാന്‍ ചെയ്തു, 2 മാസം കൊണ്ട്. ഒടുവിലോ, ഡെലിവറി റിജക്റ്റഡ്! പിന്നെ, പഴയ കോഡ്  എടുത്ത് ശകലം ടിങ്കറിങ് ഒക്കെ ചെയ്ത് ഞാന്‍ ആരോടും ഡിസ്കസ് ചെയ്യാതെ അയച്ചു. അത് അക്സപ്റ്റ് ആവുകയും ചെയ്തു. അടുത്ത ചോദ്യം: ഇതെന്തു കൊണ്ട് സന്തോഷ് ആദ്യമേ ചെയ്തില്ല?

ഈ സംഭവം നടന്നു കഴിഞ്ഞ സമയത്താണ് പര്‍ഫോമന്‍സ് അപ്രൈസല്‍ എന്ന് നാടകം നടന്നത്…ഉടനെ കമ്പനി ചാടാന്‍ ശ്രമിക്കില്ലാ എന്നുള്ളവര്‍ക്കൊക്കെ സിറ്റുവേഷന്‍ അപ്രൈസല്‍ ആണ് നടന്നത്. മറ്റുള്ളവര്‍ക്കൊക്കെ ഒരു ഇടിത്തീ വാര്‍ത്തയും. കമ്പനി, ബോണ്ട് നടപ്പാക്കാന്‍ പോകുന്നു. ജോലിയില്‍ തുടരണം എന്നുള്ളവര്‍ പാസ്സ്‌പോര്‍ട്ടും, ഡിഗ്രീ സര്‍ട്ടിഫിക്കറ്റും കമ്പനിയില്‍ ഏല്‍പ്പിക്കണം. ഇല്ലെങ്കില്‍ ഒരു മാസത്തിനകം ടെര്‍മിനേറ്റ് ചെയ്യും. ലോകത്ത് ഒരു കമ്പനിയും ഇത്ര തറ പരിപാടി കാണിക്കില്ല! കാരണം അവിടെ ജോലിചെയ്യുന്ന പകുതി മുക്കാലാള്‍ക്കാരും പ്രാരാബ്ദക്കാരാണെന്ന് മാനജ്മന്റിനു നന്നായി അറിയാം. ഈ ബലഹീനതയെ അവര്‍ നന്നായിതന്നെ ചൂഷണം ചെയ്തു. ആ കമ്പനിയിലാകട്ടെ,50 ജോലിക്കാര്‍ക്ക് ഒരു ബ്രൌസിങ് മഷിന്‍ പോലും ഇല്ല. കമ്പനിയുടെ ഈ-മെയില്‍ ഐഡി ഇല്ല. ലോണ്‍ അപ്ലൈ ചെയ്യാനോ, ക്രെഡിറ്റ് കാര്‍ഡ് എടുക്കാനോ ലെറ്റര്‍ കൊടുക്കില്ല, കൊടുക്കാന്‍ ഹ്യൂമന്‍ റിസോഴ്സ് എന്ന ഒരു ടീം ഇല്ല. ഒരു ചായ കിട്ടില്ല. ഭക്ഷണ സമയത്ത് ആരും മിണ്ടാന്‍ പാടില്ല (കമ്പനി വിരുദ്ധമായി ആരും പ്രവര്‍ത്തിക്കാതിരിക്കാന്‍). ആരും മിണ്ടുന്നില്ല എന്ന് ഉറപ്പുവരുത്താനായിരിക്കണം, സുരേഷ് (പ്രൊജക്റ്റ് മാനജര്‍) ചില സമയം കഫറ്റേറിയക്കടുത്ത് വന്നിരിക്കാറുണ്ടായിരുന്നു, അതെന്തിനായിരിന്നു എന്ന് അദ്ദേഹത്തിനു മാത്രം അറിയാം. അത് പുറത്ത് പറയാത്തത് വരെ എല്ലാരും ഞാന്‍ വിചാരിച്ചത് പോലെ തന്നെ വിശ്വസിക്കും. ആരെങ്കിലും മൊബൈലില്‍ സംസാരിക്കുന്നത് കണ്ടാല്‍ ആശാ മാഡത്തിന്റെ വക ഫയര്‍ മെയില്‍ കിട്ടും. മൂത്രമൊഴിക്കാന്‍ പോകണമെങ്കില്‍ പോലും ടീം ലീഡിന്റെ അനുവാദം വാങ്ങണം. ഒന്നാലോചിച്ചു നോക്കൂ, 23 വയസ്സുള്ള ഞാന്‍ 32 വയസ്സുള്ള ആശയുടെ അടുത്ത് ചെന്ന് “എനിക്ക് മൂത്രമൊഴിക്കണം” എന്നു പറയുന്നതിലെ മാനസിക വിഷമവും ചമ്മലും! പിന്നെ ഉള്ളത് ലീവ് എന്ന തരികിട. എനിക്ക് ക്രഡിറ്റില്‍ ഉള്ള ലീവ് എടുക്കണമെങ്കില്‍ പെടുന്ന പാട് ദൈവം സഹിക്കില്ല (എനിക്കു മാത്രമല്ല, എല്ലാരുടേം കാര്യം തഥൈവ). ഒരിക്കല്‍, ഞാന്‍ ഞായറാഴ്ച് ജോലിക്ക് ചെന്നില്ല എന്ന കാരണത്തിന്, എന്റെ ഒരു ലീവ് കമ്പനി എടുത്തു. മൊത്തത്തില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ.

അന്നൊക്കെ ഞാന്‍ വീട്ടില്‍ ചെന്നിട്ട് കരയാറുണ്ടായിരുന്നു. സത്യത്തില്‍ അതൊക്കെ ഇന്ന് ആലോചിക്കുമ്പോള്‍ ഒരു തമാശയാണ്. എന്റെ പെര്‍ഫോമന്‍സ് അപ്രൈസല്‍ നടക്കുന്നതിന്റെ തലേന്ന് രാത്രി. ഞാന്‍ വീട്ടില്‍ വച്ച് ഭയങ്കരമായി കരഞ്ഞു. കാരണം- എന്നോട് ബോണ്ട് ചെയ്യാന്‍ പറയുമോ? പറഞ്ഞാല്‍ എനിക്ക് അതില്‍ താല്പര്യമില്ല. അപ്പൊ ഒരു മാസം കഴിഞ്ഞ് എന്നെ പിരിച്ചു വിടും. പിന്നെ എനിക്ക് ജോലി കിട്ടുമോ? ഇല്ലെങ്കില്‍ രാമുച്ചേട്ടനോട് (30 വയസ്സായിട്ടും ജോലിക്കൊന്നും പോകാത്ത എന്റെ ഒരു ബന്ധു) പെരുമാറുന്നത് പോലെ അല്ലേ എല്ലാരും എന്നോടും പെരുമാറൂ? മര്യാദ കെട്ടു ജീവിക്കുന്നതിലും ഭേദം മരിക്കുന്നതല്ലേ? എന്നിങ്ങനെ ഉള്ള ചോദ്യങ്ങളും ഓപ്ഷനുകളും കൂടി എനിക്കു ചുറ്റും നിന്നു കൊഞ്ഞനം കുത്തി. അന്ന് ഞാന്‍ കരഞ്ഞ് കരഞ്ഞ് ശ്വാസം മുട്ടി. പാതിരാത്രിക്ക് എന്നെ പി.ആര്‍.എസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിന്നെ നേരെ ചൊവ്വെ ശ്വാസം വിട്ടു തുടങ്ങിയപ്പോള്‍ എന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തു- അടുത്ത് ദിവസം രാവിലെ 6:30നു. അച്ഛനും അമ്മയും കരയുകയാണ്.. അവര്‍ എന്നെ ആശ്വസിപ്പിച്ചു, രാമുവല്ല സന്തോഷ് എന്ന് പറഞ്ഞു. ആ പ്രായത്തിനുള്ളില്‍, എന്നാലാകും വിധം കുടുമ്പത്തിന്റെ കടം മുക്കാലും ഞാന്‍ വീട്ടി എന്നതിനാലാവണം അവര്‍ അന്നങ്ങിനെ പറഞ്ഞത്. ഡിസ്ചാര്‍ജായ ദിവസം തന്നെ ഞാന്‍ ഓഫീസില്‍ എത്തി. അവിടെ എന്നെ കാത്തുനിന്നത് ഒരു കൂതറ രീതിയിലുള്ള അപ്രൈസല്‍ ആയിരുന്നു. കോണ്‍ഫറന്‍സ് റൂമില്‍ കയറിയ എന്നോട് ഒന്നും ചോദിച്ചില്ല. മുരളീധരനാണ് സംസാരിച്ചത്- “സന്തോഷിനു ഇപ്പൊ പഴയ ആത്മാര്‍ത്ഥത ഒന്നും ഇല്ല. അതുകൊണ്ട് 700 രൂപാ ഇന്‍‌ക്രിമന്റ്”. ഞാന്‍ തകര്‍ന്നു പോയി. 700 രൂപ എനിക്ക് അന്നും ഇന്നും രോമസമമാണ്. പക്ഷേ, ആത്മാര്‍ത്ഥത ഇല്ലാ എന്ന് പറഞ്ഞത് ഞാന്‍ സഹിക്കില്ല. ദൈവം ചിലപ്പൊ നമ്മുടെ അടുത്ത് വന്നു നിന്നിട്ട് പറയും അടിയെടാ അവനെ എന്ന്! സ്പോട്ടില്‍ ഞാന്‍ ഒരു കാര്യം വ്യക്തമാക്കി. “ദയവു ചെയ്ത് എനിക്ക് ഇപ്പൊ ഇന്‍‌ക്രിമന്റ് തരരുത്… എനിക്ക് എന്ന് ആത്മാര്‍ത്ഥത ഉണ്ടാകുന്നോ, അന്ന് തന്നാല്‍ മതി. ഒപ്പം മറ്റൊരു കാര്യം. ഞാന്‍ ഇനി അധികകാലം ഇവിടെ ജോലി ചെയ്യും എന്ന് തോന്നുന്നില്ല. അതുകൊണ്ട് വേറെ ആരെയെങ്കിലും കൂടി ഇന്‍സ്റ്റാള്‍ ഷീല്‍ഡ് പഠിപ്പിക്കുന്നത് നന്നായിരിക്കും”. എന്നെ ഞെട്ടിക്കാന്‍ നിന്നവരെ ഞാന്‍ ഞെട്ടിച്ചു.

എന്ത് ധൈര്യത്തിലാണ് ഞാന്‍ അന്ന് ആ വാക്കുകള്‍ പറഞ്ഞത് എന്നെനിക്കറിയില്ല. പക്ഷേ, ദൈവത്തില്‍ വിശ്വസിച്ചു പോകുന്നത് ഇമ്മാതിരി സന്ദര്‍ഭത്തിലാണ്.അന്നേ ദിവസം കഴിഞ്ഞ് 2 ആഴ്ചക്കുള്ളില്‍, എനിക്ക് ഭുബനേശ്വറിലുള്ള ഒരു കമ്പനിയില്‍ ജോലി കിട്ടി, 20000 രൂപ ശമ്പളം! എനിക്കപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ല. അന്നാണ് ഞാന്‍ സുരേഷിന്റെ റൂമില്‍, അദ്ദേഹത്തിനു എതിരെ കസേരയില്‍ ഇരിക്കുന്നത്. എന്റെ രാജി വിവരം വാക്കാല്‍ അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ക്ക് മുരളിയെ കാണാന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തെയും ചെന്ന് കണ്ടു. പതിവു പോലെ രാജി വയ്ക്കുന്നവരെ ബുദ്ധിമുട്ടിക്കല്‍ എന്ന് ചടങ്ങിലേക്ക് കടന്നു. എനിക്ക് 15 ദിവസത്തിനുള്ളില്‍ ഭുബനേശ്വറില്‍ ജോയിന്‍ ചെയ്യണം. മുരളി പറയുന്നു, ഞാന്‍ 2 മാസം നോട്ടീസ് നല്‍കണം എന്ന്. എന്റെ എഗ്രിമെന്റില്‍ അത് പറയുന്നുണ്ട്. പക്ഷെ, എഗ്രിമെന്റ് 2 വര്‍ഷം കഴിഞ്ഞാല്‍ വാലിഡ് അല്ല എന്നും അതില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്ന് അദ്ദേഹം പറഞ്ഞ ഒരു മണ്ടത്തരം ഞാന്‍ എന്റെ ജീ‍വിതത്തില്‍ മറക്കില്ല… “അതേ, അത് വല്ല അക്ഷര പിശകും ആയിരിക്കും!”. പിന്നെ, 5 വര്‍ഷം ജോലിചെയ്ത (ആദ്യത്തെ) കമ്പനിയില്‍ നിന്നും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും മറ്റ് പേപ്പറുകളും വാങ്ങാതെ പോകാന്‍ കഴിയില്ല എന്ന് ഒരേഒരു കാരണത്തിന്മേല്‍, രൂപാ 13800 രൊക്കം കൊടുക്കേണ്ടി വന്നു. പക്ഷേ, പിന്നീട് ജീവിതത്തില്‍ ഇതേവരെ ഞാന്‍ അടിമയായി ജീവിച്ചിട്ടില്ല. എന്റെ ആത്മാഭിമാനത്തിനു കോട്ടം തട്ടാതെ ജീവിക്കാനും ഞാന്‍ പഠിച്ചു.

സത്യത്തില്‍, മനുഷ്യര്‍ എത്ര ക്രൂരന്മാരും സംസ്കാരശൂന്യരും ആകാം എന്നതിന്റെ ഒരു പാഠപുസ്തകമാണ് ഇന്നും ആ കമ്പനി. അവിടത്തെ എന്റെ 5 വര്‍ഷ ജീവിതം എങ്ങനെയൊക്കെ പെരുമാറരുത് എന്ന് എന്നെ പഠിപ്പിച്ചു. എന്നോട് ചെയ്തത് പോട്ടെ. പൂര്‍ണ്ണഗര്‍ഭിണികളായ സ്ത്രീകളോടും ഇതേ പെരുമാറ്റമാണ്. അവരുടെ അവസ്ഥ ഓര്‍ത്ത് ടീം മുഴുവനും വിഷമിച്ചിട്ടുണ്ട്, ആശയൊഴികെ. അവരുടെയൊക്കെ ശാപത്തിന്റെ ഫലം എങ്ങിനെ നിങ്ങളില്‍ എത്താതിരിക്കും എന്ന് ഞാന്‍ ഇപ്പൊ ആശങ്കാകുലനാണ്.  ഞാന്‍ പിരിയുന്ന ദിവസം ലേബര്‍ കമ്മിഷനില്‍ കൊടുക്കാനുള്ള പരാതിക്കടലാസ് എന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഒരു കാരണ വശാലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. സെക്യൂരിറ്റി ബോണ്ട് ആയി പാസ്സ്‌പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, വോട്ടേര്‍സ് ഐ ഡി, റേഷന്‍ കാര്‍ഡ് എന്നീ രേഖകള്‍ വാങ്ങി സൂക്ഷിക്കാന്‍ പാടുള്ളതല്ല. അതൊരു നോണ്‍-ബെയ്ലബിള്‍ ഒഫന്‍സ് ആണ് (തെറ്റാണെങ്കില്‍ അറിവുള്ളവര്‍ തിരുത്തുക). ഈ കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു പരാതിയാണ് ഞാന്‍ തയാറാക്കി വച്ചിരുന്നത്. അത്, ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിയാല്‍, 15 ദിവസമെങ്കിലും അഴി എണ്ണിക്കഴിയാനുള്ള യോഗം മുരളിക്കും, സുരേഷിനും, ഡയറക്റ്റര്‍ മാത്യൂ വര്‍ഗ്ഗീസിനും സിദ്ധിച്ചേനെ. കമ്പനി പൂട്ടിപ്പോയാല്‍, അവിടെ ജോലി ചെയ്തിരുന്ന എന്റെ 36 സുഹൃത്തുക്കള്‍ക്ക്  ജീവിതം ബുദ്ധിമുട്ടാകും എന്ന ഒരേ ഒരു കാരണത്താല്‍ മാത്രമാണ് അന്ന് ആ പരാതി പുറത്തു പോകാത്തത്.

[എന്റെ ഒരു സുഹൃത്ത് പാസ്സ്പോര്‍ട്ടിനു അപേക്ഷിക്കാനായി തന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നു തരണം എന്ന് രേഖാമൂലം മുരളിയെ അറിയിച്ചപ്പോള്‍, “പാസ്സ്പോര്‍ട്ടെടുത്ത് ഇവിടുന്നു പോകാനല്ലെ, ഇപ്പൊ സര്‍ട്ടിഫിക്കറ്റ് തരില്ല” എന്നാണ് പറഞ്ഞത്!]

പ്രിയപ്പെട്ട XXXXX സോഫ്റ്റ്‌വെയര്‍ മാനേജ്മെന്റേ, നിങ്ങള്‍ മനസ്സിലാക്കുക, ഇന്നും നിങ്ങള്‍ 30 ചെറുപ്പക്കാരെ വച്ച് കമ്പനി തുറന്നു നടത്തുന്നത് അന്നത്തെ 36 പേരുടെ കാരുണ്യം കൊണ്ട് മാത്രമാണ്.

ഇത്രയും ഞാന്‍ എഴുതിയത്, എന്തിനെന്ന് എനിക്കറിയില്ല… പതിവുപോലെ, തലക്കെട്ട് മാത്രം തമാശരൂപത്തില്‍ കിടക്കട്ടെ… എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ …!

Image courtesy: http://www.rejuvenighted.com/Mayr.jpg

Categories
Malayalam Posts Photos

ബിര്‍ലാ വൈറ്റ് വാള്‍ കെയര്‍ പുട്ടി!

ഇന്ന് എനിക്ക് ഈ-മെയിലില്‍ വന്ന ഒരു പടം… ഇത് ഞാന്‍ എങ്ങനെ ബ്ലോഗിലിടാതിരിക്കും? ഇത് ഉണ്ടാക്കിയവന്‍ ആരായാലും അവന്‍ പൊന്നപ്പനല്ല… തങ്കപ്പനാ തങ്കപ്പന്‍!! 🙂

ഇതില്‍ വരുന്ന ഓരോ കമന്റും, ഈ ചിത്രത്തിന്റെ ഉടമയ്ക്ക് പൂക്കളാണ് !!

Call this creativity!

ബിര്‍ലാ വൈറ്റ് വാള്‍ കെയര്‍ പുട്ടി!
ബിര്‍ലാ വൈറ്റ് വാള്‍ കെയര്‍ പുട്ടി!
Categories
Malayalam Posts

ഞാന്‍ മോന്‍ & കോ

കഴിഞ്ഞ പോസ്റ്റില്‍ ശ്രീരാജ് പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമായി തോന്നി! കാരണം ഇന്ന് തമിഴ് സിനിമയില്‍ അക്ഷരാര്‍ത്ഥത്തില്‍ മക്കള്‍ വാഴ്ച്ചയാണ് നടക്കുന്നത്‌. കൂട്ടത്തില്‍ പറയട്ടെ, മലയാളം സിനിമകളില്‍ മക്കളില്‍ രക്ഷപെട്ടത് പൃഥ്വിരാജ് മാത്രമാണ്. അതും, അവന് കഴിവുള്ളതുകൊണ്ട് മാത്രം രക്ഷപെട്ടതാണ്.

തമിഴ് സിനിമാരംഗത്താകട്ടെ, പുറത്തു നിന്ന് ഒരുവനെ അകത്തേക്ക് അത്ര പെട്ടെന്നൊന്നും ആരും കടത്തിവിടില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് ജോണ്‍ കെന്നഡി എന്ന വിക്രം. ഏകദേശം 12 വര്‍ഷം ആള്‍ കോടമ്പാക്കത്ത് തെണ്ടിത്തിരിഞ്ഞു. ഇടക്ക് മലയാളം സിനിമകളില്‍ മമ്മൂട്ടിയുടെ ഡ്രൈവറായും ഹെഞ്ച്‌മാനായും ഒക്കെ അഭിനയിച്ചു. ഒരു ലീഡ് ബ്രേക്ക് കിട്ടാന്‍, 1999 വരെ കാത്തിരിക്കേണ്ടി വന്നു- സേതു എന്ന പടം. അതില്‍ വിക്രം തെളിയിച്ചു, തന്നെ കൊണ്ട് എന്ത് ചെയ്യാന്‍ പറ്റും എന്ന്.

കൂട്ടത്തില്‍ ചേര്‍ക്കാവുന്നത്- അജിത്തും മാധവനും മാത്രം. ബാക്കി എല്ലാം സിനിമാക്കാരുടെ മക്കളാണ്.

എടുത്തോളൂ…

 • ഇളയ ദളപതി – സംവിധായകന്‍ എസ് എ ചന്ദ്രശേഖറിന്റെ മകന്‍ – പാഴ്
 • ധനുഷ് – സംവിധായകന്‍ കസ്തൂരിരാജയുടെ മകന്‍ – പാഴ്
 • സൂര്യ – നടന്‍ ശിവകുമാറിന്റെ മകന്‍ (സിന്ധുഭൈരവി ഫെയ്മ്) – നല്ല നടന്‍
 • കാര്‍ത്തിക്ക് – സൂര്യയുടെ അനിയന്‍ – കഴിവ് തെളിയിച്ചു
 • (പഴയ) കാര്‍ത്തിക്ക് – നടന്‍ മുത്തുരാമന്റെ മകന്‍ (തിരുവിളയാടലില്‍ പാണ്ട്യനാട്ട് രാജാവ്) – പഴയ സ്റ്റാര്‍
 • രാധിക – എം. ആര്‍. രാധാ (എം.ജി.ആറിനെ വെടിച്ച കിടു)
 • രാധാരവി – രാധികയുടെ ചേട്ടന്‍
 • കനക – ദേവികയുടെ മകള്‍ – മറ്റൊരു പാഴ്
 • ജീവ – ആര്‍ ബി ചൌധരിയുടെ മകന്‍ (നിര്‍മ്മാതാവ്) – സാരമില്ല
 • രമേഷ് – ജീവയുടെ ചേട്ടന്‍ – മെഗാ പാഴ്
 • വിശാല്‍ – നിര്‍മ്മാതാവ് ജി.കെ.റെഡ്ഡിയുടെ മകന്‍
 • ജയം രവി – എഡിറ്റര്‍ മോഹന്‍റ്റെ മകന്‍, സംവിധായകന്‍ രാജായുടെ അനിയന്‍ (ചേട്ടന്‍ തന്നെയാണ് എല്ലാ പടത്തിന്റേം സംവിധാനം)
 • ശന്തനു – സംവിധായകന്‍/നടന്‍/നിര്‍മാതാവ് ഭാഗ്യരാജിന്റെയും നടി പൂര്‍ണ്ണിമയുടെയും മകന്‍

ഇത്രയും സിനിമാക്കാര്‍ തന്നെ അകത്തുള്ളപ്പോള്‍, സിനിമാ കുടുമ്പത്തിനു പുറത്തു നിന്നും ഒരുത്തന്‍ അകത്തു കയറി പറ്റണമെങ്കില്‍ ചെറിയ ആമ്പിയര്‍ ഒന്നും പോരാ ചേട്ടാ!!

Categories
Malayalam Posts

ഈരം – സിനിമ

തമിഴ് സിനിമകള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. തിരഞ്ഞെടുക്കുന്ന പ്രമേയമാകട്ടെ, അത് അവതരിപ്പിക്കുന്ന രീതിയാകട്ടെ, എന്തിലും ഒരു വ്യത്യസ്തത അവര്‍ തരും. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന രീതിയില്‍ ഇവിടെ ചിത്രങ്ങള്‍ എടുക്കുന്നത് വളരെ വിരളം. എന്നാല്‍ , പൊതുവേ നമ്മള്‍ മലയാളികള്‍ക്ക് ഉള്ള ഒരു ധാരണ- തമിഴില്‍ പണം വാരി എറിഞ്ഞാണ് ഹിറ്റുകള്‍ ഉണ്ടാക്കുന്നത്, എന്നത് പൊട്ട തെറ്റാണ് എന്ന് തെളിയിച്ച പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് തമിഴ് സിനിമാ ചരിത്രത്തില്‍ തന്നെ ഒരു വമ്പന്‍ ഹിറ്റ് ആയ ‘ചെന്നൈ 600028’ എന്ന ചിത്രം. ഡയറക്റ്റര്‍ ശങ്കര്‍ നിര്‍മ്മിച്ച “കാതല്‍‌ “ ആരും മറക്കാന്‍ ഇടയില്ല. ഇവയൊന്നും തന്നെ പണക്കൊഴുപ്പിന്റെയൊ, താരാരാധനയുടെ പേരിലോ ഹിറ്റ് ആയവ അല്ല. മറിച്ച് നിസ്സാരമായ ഒരു കഥ, മികച്ച സാങ്കേതിക വിദ്യ, അതിലും മികച്ച അവതരണ രീതി. ഇവയുടെ ഔട്ട്പുട്ട് ആണ്.

പൊതുവേ ഡയറക്റ്റര്‍ ശങ്കറിനേ കുറിച്ച് പറയുന്ന ഒരു കാര്യം, ആള് സിനിമ ഡയറക്റ്റ് ചെയ്യുമ്പോള്‍ വളരെ അധികം പണം ചിലവാക്കുകയും, നിര്‍മ്മിക്കുമ്പോള്‍ പിശുക്കനാവുകയും ചെയ്യും എന്നാണ്. എന്നാല്‍, ഈ വാദത്തിനു ഒരു അപവാദമാണ് ഡയറക്ടര്‍ ശങ്കര്‍ നിര്‍മ്മിച്ച്, അറിവഴകന്‍ സം‌വിധാനം ചെയ്ത – ‘ഈരം’.

ഈരം തിയേറ്റര്‍ റിലീസ് പോസ്റ്റര്‍
ഈരം തിയേറ്റര്‍ റിലീസ് പോസ്റ്റര്‍

ഈരം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍, ശങ്കറിന്റെ മുന്‍‌ ചിത്രങ്ങളിലെ പോലെ തന്നെ സൂപ്പര്‍ താരങ്ങള്‍ അല്ല. മറിച്ച്, ഏതാനും ചില ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച നന്ദ, മൃഗം എന്ന വിവാദ ചിത്രത്തിലെ  നായകന്‍ ആദി, സിന്ധു മേനോന്‍, ശരണ്യാ മോഹന്‍, ശ്രീനാഥ് എന്നിവരാണ്. (തമിഴിലെന്താ സുന്ദരിമാരില്ലേ എന്ന് തോന്നിപ്പോകും!).

കഥാപാത്രങ്ങള്‍:

രമ്യ – സിന്ധു മേനോന്‍

ബാലകൃഷ്ണന്‍ (ബാല) – നന്ദ

വാസുദേവന്‍, ACP (വാസു) – ആദി

ദിവ്യ – ശരണ്യ

വിഘ്നേഷ് (വിക്കി), ബാലയുടെ സുഹൃത്ത് – ശ്രീനാഥ്

പ്രമേയം അല്പം പഴയത് തന്നെ. ഒരു ഭാര്യ ദുരൂഹ സാഹചര്യങ്ങളില്‍ മരിക്കുന്നു. അവരുടെ അപ്പാര്‍ട്ട്മെന്റിലെ തന്നെ ചില വ്യക്തികളും തുടരെ മരിക്കുന്നു. ഈ കേസ് അന്വേഷിക്കാന്‍ നായികയുടെ കലാലയ കാല പ്രണയിതാവ് വരുന്നു. ആത്മഹത്യ എന്ന് തീര്‍പ്പാക്കിയ കേസ് വീണ്ടും കുത്തിപ്പൊക്കി അന്വേഷണം തുടങ്ങുന്നു. ഒരു തുമ്പും ഇല്ലാത്ത കേസ് അന്വേഷിച്ച് തുടങ്ങുന്ന നായകന്, ഏതോ ഒരു ശക്തി മുന്നോട്ട് നീങ്ങാനുള്ള ലീഡുകള്‍ കൊടുത്തുകൊണ്ടിരിക്കുന്നു. അവിടെയാണ് സംവിധായകന്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. സാധാരണാ സോ കാള്‍ഡ് പാണ്ടിപ്പടങ്ങളിലെ പോലെ വെള്ള സാരി ഉടുത്ത പ്രേതം വന്ന് പറയുകയല്ല. മറിച്ച്  താന്‍ മരിക്കാനുണ്ടായ സാഹചര്യങ്ങള്‍ വീണ്ടും വീണ്ടും കാണിച്ചു കൊടുത്താണ് കഥ മുന്നോട്ട് പോകുന്നത്.

മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുമായി ആശയ വിനിമയം നടത്തുന്നുണ്ടോ? അഥവാ നടത്താനാവുമോ എന്നത് ശാസ്ത്രീയമായ അടിത്തറ ഇല്ലാത്ത ഒരു കാര്യമായിരിക്കാം. പക്ഷേ, മരണാനന്തര ജീവിതം എന്നത് വിശ്വസിക്കുന്നവര്‍ക്ക് ഈ സിനിമ ദഹിക്കും. അല്ലാത്തവര്‍ക്ക് ഒരു ഡൈജീന്‍ കൂടി വേണ്ടി വരും! ഓരോ മരണം നടക്കുന്നതിനും തൊട്ട് മുന്‍പ്, അടുത്തമരണത്തിന്റെ സൂചന തരുന്ന രീതി നന്നായി. ചുവന്ന നിറം, ഈര്‍പ്പം എന്നിവ സംവിധായകന്‍ ശരിക്കും ഉപയോഗിച്ചിരിക്കുന്നു. പടത്തിന്റെ ആദ്യം മുതല്‍ അവസാനം വരെയും ഉള്ള ഒരു കഥാപാത്രവും ഇതേ ഈര്‍പ്പം ആണ്.

ഈ സിനിമയിലെ എടുത്ത് പറയേണ്ട മറ്റൊരു സംഗതി സംഗീതമാണ്. ബോയ്സ് എന്ന പടത്തില്‍ കൃഷ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തമന്‍ ആണ് സംഗീത സംവിധായകന്‍‌ . മൂന്ന് പാട്ടും സ്കോറും മികച്ചതാണ്. അതിലും, “തറയിറങ്കിയ പറവൈ പോലവേ“ എന്ന പാട്ടാകട്ടെ പുതുമയും അതോടൊപ്പം തന്നെ സിനിമയുടെ പേരിലുള്ള ഈര്‍പ്പവും ഉള്ളതാണ്. നൂറില്‍ നൂറ്! കേട്ട് നോക്കൂ:

ഇതിനു താഴെ, സിനിമയുടെ സസ്പന്‍സ് ഞാന്‍ എഴുതുന്നുണ്ട്. ഈ സിനിമ കാണണം എന്നുള്ളവര്‍ താഴോട്ട് വായിക്കാതിരിക്കുന്നതാണ് നല്ലത്. ഇവിടം മുതല്‍ താഴെ കാണുന്ന # സിമ്പല്‍ വരെ സെലെക്റ്റ് ചെയ്യുക.

എന്തിനും ഏതിനും സെക്കന്‍ഡ് ഹാന്ഡ് എന്നതിനു തന്റെ ജീവിതത്തില്‍ സ്ഥാനമില്ല എന്ന് തീരുമാനമുള്ള ആളാണ് രമ്യയുടെ ഭര്‍ത്താവ് ബാല. ഒരിക്കല്‍ റസ്റ്ററന്റില്‍ വച്ച് പഴയ ഒരു കോളജ് കൂട്ടുകാരിയെ കാണുന്നു. പക്ഷെ, അവളുടെ ഭര്‍ത്താവല്ല അവളോടൊപ്പം എന്ന് മനസ്സിലാക്കുന്ന ബാലയും വിക്കിയും ഇന്നത്തെ കാലത്തെ പെണ്‍കുട്ടികളുടെ രീതികളെ കുറിച്ച് സംസാരിക്കുന്നു. ഈ അവസരത്തില്‍ വിക്കി പറയുന്നു, ഭര്‍ത്താക്കന്മാര്‍ ജോലിക്ക് പോയ്ക്കഴിഞ്ഞാല്‍ പല ഭാര്യമാരും അന്യ പുരുഷന്മാരെ വീട്ടിലേക്ക് വിളിക്കാറുണ്ട് എന്ന്. ഇത് മുതല്‍ ബാലയ്ക്ക് രമ്യയെ സംശയമായി തുടങ്ങുന്നു. ഒരു സമയം രമ്യ തന്റെ പ്രണയത്തെക്കുറിച്ച് ബാലയോട് പറയുന്നു. അതിനു ശേഷം പലപ്പോഴും ബാല രമ്യയെ പഴയ പ്രേമത്തിന്റെ കാര്യം പറഞ്ഞ് കുത്തി നോവിക്കുന്നു.

ഈ സംഭവങ്ങള്‍ക്ക് സമാന്തരമായി, ബാലയുടെ ഫ്ലാറ്റിന്റെ എതിര്‍ ഫ്ലാറ്റിലെ ഒരു പെണ്‍കുട്ടിക്ക് ഒരു പയ്യനുമായി അവിഹിതം ഉള്ളത് കാണിക്കുന്നു. രണ്ടുംകൂടി ഇടക്കിടെ വീട്ടില്‍ വച്ച് തന്നെ ഡിങ്കോള്‍ഫിക്കേഷന്‍ ആക്കുന്നു. ഇത് അറിയുന്ന രമ്യ ആ പെണ്‍കുട്ടിയെ ഉപദേശിക്കാന്‍ ശ്രമിക്കുന്നു. രമ്യ കാര്യമറിഞ്ഞു എന്നറിഞ്ഞ ആ പയ്യന്‍ , താന്‍ രമ്യയെ കാണാനാണ് അവിടെ വന്നത് എന്ന രീതിയില്‍ പലരും ശ്രദ്ധിക്കുന്ന രീതിയില്‍ തന്നെ വരുത്തി തീര്‍ത്തു. ഇടക്ക് ഒരു ഞരമ്പ് അമ്മാവന്റെ കാര്യവും പറയുന്നു. അതും രമ്യയുടെ അറിവില്‍ വരുന്നു. ഇങ്ങനെ രമ്യയ്ക്ക് അറിയാവുന്ന അവിഹിത-ഞരമ്പ് ടീമുകളൊക്കെ ചേര്‍ന്ന്, രമ്യക്ക് അവിഹിതമുണ്ട് എന്ന് വരുത്തിതീര്‍ക്കുന്നു. “സെക്കന്‍ഡ് ഹാന്‍ഡ്“ ആയ ഭാര്യയെ തനിക്ക് വേണ്ട എന്ന് തീരുമാനിക്കുന്ന ബാല, കാപ്പിയില്‍ ഉറക്ക ഗുളിക ഇട്ട് രമ്യക്ക് കൊടുക്കുന്നു. ബോധ രഹിതയാകുമ്പോള്‍ ബാത്ത് റ്റബ്ബില്‍ ഇട്ട് വെള്ളം തുറന്ന് വിടുന്നു. രമ്യ തന്നെ തന്റെ കൈപ്പടയില്‍ തന്നെ മുന്‍പ് എഴുതിയ ഒരു ആത്മഹത്യ കുറിപ്പ് ഇതിനു വേണ്ടി ഉപയോഗിക്കുന്നു.

മരിച്ചവര്‍ അവര്‍ മരിച്ച സാഹചര്യങ്ങളെ മീഡിയമാക്കി ജീവിച്ചിരിക്കുന്നവരോട് ആശയ വിനിമയം നടത്തും  എന്ന ഒരു കോണ്‍സപ്റ്റിലാണ് പടം നടക്കുന്നത്. വെള്ളം, ചുവപ്പ് നിറം, ലെഫ്റ്റ് ഹാന്‍ഡഡ് ആയ രമ്യ എന്നീ കാര്യങ്ങള്‍ വളരെ അധികം സ്വാധീനം ചെലുത്തുന്നു. രമ്യ, ദിവ്യയിലൂടെ സംസാരിക്കുമ്പോള്‍ ദിവ്യ ഇടം കൈ ഉപയോഗിക്കുന്നതും, ഒടുവില്‍ ബാലയിലൂടെ തന്നെ സത്യം പുറത്ത് കൊണ്ടുവരുന്നതും അല്പം സിനിമാറ്റിക്ക് ആയി എങ്കില്‍ പോലും, തീര്‍ച്ചയായും പുതുമ അവകാശപ്പെടാം.

#

മൊത്തത്തില്‍ പടം ഓക്കേ ആണ്‍!