Categories
Malayalam Posts

ഗതികെട്ടവന്‍ മൊട്ടയടിച്ചാല്‍…

രാവിലെ എണീറ്റ് കണികാണാന്‍ ഒരു കൃഷ്ണന്റെ പടം ഞാനെന്റെ റൂമില്‍ വച്ചിരുന്നു. അതായത്, ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ എന്റെ നേരെ എതിരെയുള്ള ചുമരില്‍ കൃഷ്ണനും രാധയും. ബാച്ചിലേഴ്സിന്റെ റൂം അല്ലെ, കൃഷ്ണന്റെ പടത്തിന്റെ നേരെ എതിരെ മനീഷാകൊയ്‌രാളയുടെ ഒരു ഡിങ്കോള്‍ഫി പടവും ഉണ്ട്.

പതിവ് പോലെ രാത്രി ഞാന്‍ കിടന്നുറങ്ങി. റൂമിലെ മറ്റ് പരിവാരങ്ങള്‍ ഉറങ്ങീട്ടില്ല. അവിടെ രണ്ടാമത്തെ റൌണ്ട് തുടങ്ങുന്നതേ ഉള്ളൂ. അതു തീരണമെങ്കില്‍ മിനിമം രണ്ട് മണിയെങ്കിലും ആകും എന്നത് ഉറപ്പുള്ളത് കൊണ്ടും, എനിക്ക് അടുത്ത ദിവസം രാവിലെ ഒരു കാള്‍ ഉണ്ടായിരുന്നതിനാലും പയ്യെ സ്കൂട്ട് ആയി വന്ന് കിടന്നതാണ്.

രാവിലെ ഉണര്‍ന്ന് ആദ്യം കണ്ടത് മനീഷയുടെ സ്താവര ജംഗമങ്ങളാണ്. ഈസ്സ്രാ… ഞാന്‍ ഞെട്ടി. ഇതെന്താ ഇങ്ങനെ? രാത്രി വല്ല ഭൂകംബവും ഉണ്ടായോ ആവൊ… ഞാന്‍ കിടന്നതിന്റെ നേരെ ഓപ്പസിറ്റ് ദിശയിലാണ് ഇപ്പോള്‍ കിടക്കുന്നത്. ഇന്നലെ രാത്രി വെള്ളമടിച്ചവന്മാര്‍ എന്റെ ഒരു ദിവസം കോഞ്ഞാട്ടയാക്കാന്‍ ചെയ്ത പണിയാണ്. എന്നെ പൊക്കി എതിര്‍ ദിശയില്‍ കിടത്തി.(പടം മാറ്റി വച്ചാല്‍ പോരായിരുന്നോ എന്ന് നിങ്ങള്‍ ചോദിക്കും. എല്ലാം ഭയങ്കര ഈശ്വര വിശ്വാസികളാ. വെള്ളമടിച്ച് കൃഷ്ണനെയല്ലാ, കൃഷ്ണന്റെ പടം പോലും തൊടില്ല!) എന്തായാലും മനീഷയുടെ ലത് കണ്ടുകൊണ്ട് ഞാന്‍ കൃഷ്ണ ഭഗവാനെ വിളിച്ചു. പുള്ളി എന്ത് കരുതിക്കാണുമോ ആവോ!

എന്തായാലും പല്ല് തേയ്ക്കാം… നേരെ വാഷ്ബേസിനടുത്ത് പോയി. അവിടെ കണ്ടത് ഞാന്‍ ഞെട്ടി. എന്റെ ബ്രഷ് വച്ച് ഏതോ പുന്നാരമോന്‍ തല ചീകുന്ന ചീപ്പ് ക്ലീന്‍ ചെയ്തിരിക്കുന്നു… ശരി, ബ്രഷ് വേണ്ട കൈ കൊണ്ട് തേയ്ക്കാം. പേസ്റ്റ് തപ്പിയപ്പോള്‍ ഒരുത്തന്‍ പറഞ്ഞു, അത് അച്ചാറ് കുപ്പിയില്‍ ഉണ്ടെന്ന്. ങേ അച്ചാറ് കുപ്പീലൊ? പറ്റിയത്, ഇന്നലെ ഏതോ ഒരു അലവലാതി, വെള്ളമടിച്ച് ഡന്‍സ് ചെയ്തപ്പോള്‍, പേസ്റ്റിന്റെ റ്റ്യൂബില്‍ ചവിട്ടി. പേസ്റ്റ് മൊത്തം റ്റ്യൂബിനു പുറത്ത്. പിന്നെ എല്ലാം കൂടി വഴിച്ച് അച്ചാറ്കുപ്പിയില്‍ ആക്കി വച്ചിരിക്കുന്നു. അതു കഴുകാത്തകുപ്പി. ഈശ്വരാ…

കുളിക്കാം. ബാത്ത്‌റൂമില്‍ കാലെടുത്ത് വച്ചതും, ഏതോ ഒരു അജ്ഞാത ശക്തി എന്റെ കാലും വലിച്ചോണ്ടങ്ങു പോയി. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശിവ ശിവ… പണ്ടാരാണ്ടോ ഒരു ബാത്ത്‌റൂം വീഴ്ച്ച പോസ്റ്റ് ഇട്ടിരുന്നു. അതിന്റെ മറ്റൊരു വേര്‍ഷന്‍ ആയിരുന്നു. നടുവെട്ടി അവിടെത്തന്നെ കിടന്നു കുറേ നേരം. ഒരു വിധത്തില്‍ തലപൊക്കി നോക്കിയപ്പോള്‍ ആ ശക്തി എന്തായിരുന്നു എന്ന് മനസ്സിലായി. 150 ഗ്രാമിന്റെ ലക്സ് സോപ്പ്… കോപ്പ് എന്തായാലും കിട്ടി. വല്ലചാലും കുളിച്ച് വന്ന് എന്റെ വി ഐ പി എവിടെപ്പോയി തപ്പിയപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി. ഇന്നലെ വാള് വച്ചത് തുടക്കാനെടുത്തു! ബാക്കി ഉള്ളതെല്ലാം വെള്ളത്തില്‍ മുക്കുകയും ചെയ്തു. പിന്നെ ഉറങ്ങികിടന്ന ഒരുത്തനെ പൊക്കി, കടയില്‍ പറഞ്ഞ് വിട്ടു. സാധനം വാങ്ങാന്‍. അവന്‍ കുറേ കറങ്ങി എവിടുന്നോ ഒരെണ്ണം ഒപ്പിച്ചു. രാവിലെ വല്ല കടയും തുറന്നാലല്ലേ?! അവനെ കാത്ത് നിന്ന ഗാപ്പില്‍ എന്റെ ലവള് വിളിച്ചു. എന്തോ കണ കുണാ‍ പറയാനാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പൊ തിരക്കിലാ, പിന്നെ വിളിക്കാമെന്ന്.

എന്തായാലും ശകലം സമയമുണ്ടല്ലോ ഒന്ന് മെയില്‍ ചക്കാം. മഷീന്‍ ഓണാക്കി. പെട്ടെന്ന് സുല്‍ അണ്ണന്‍ അവിടെ വന്നോ എന്ന് തോന്നിക്കത്തക്കവണ്ണം ഒരു “ഠേ” ശബ്ദം കേട്ടു. യൂ പീ എസ്സ് അന്ത്യ ശ്വാസം വലിച്ച ശബ്ദമായിരുന്നു അത്. റൂം മൊത്തം വൊയര്‍ കരിഞ്ഞ നാറ്റം. ഉറങ്ങിക്കിടന്നവരൊക്കെ ഉറക്കത്തില്‍ തന്നെ തെറി പറഞ്ഞു. പാവം എന്റെ അച്ഛനും അമ്മയും. പിന്നെ ഞാന്‍ ആ റൂമില്‍ നിന്നില്ല. അടുക്കളയില്‍ ചെന്ന് ഒരു പായ്ക്കറ്റ് മാഗി വെന്ത് തിന്നാം എന്ന ഐഡിയായും ഇട്ട് പോയി. ചീനച്ചട്ടിയുടെ ചെവിയില്‍ പിടിച്ച് പയ്യെ പൊക്കി. അതിന്റെ മാക്സിമം ഹൈറ്റില്‍ എത്തിയപ്പോള്‍, ചീനച്ചട്ടിയുടെ ബോഡിയും ചെവിയും വേര്‍പെട്ടു. ഏതോ ചൈനാക്കാരന്റെ പേരു പറയുന്ന പോലെ ചീനച്ചട്ടി താഴെ വീണു. അതിനും ആരാണ്ടോ എന്താണ്ടോ പറഞ്ഞു. ഇരുന്ന കാരറ്റൊക്കെ അരിഞ്ഞു. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്കിട്ടു, ഉപ്പിട്ടു, വഴറ്റി. ഒന്നര ഗ്ലാസ്സ് വെള്ളം ഒഴിച്ചു. മാഗിയുടെ ഡെപ്പി തുറന്നു. ഞാന്‍ വീണ്ടും ഞെട്ടി. മാഗ്ഗി മാത്രമേ ഉള്ളൂ. അതിന്റെ മസാല ഇല്ല. അതും രാത്രി ടച്ചിങ്സിനെടുത്തു. ഇതിന്റെ ഷോക്കില്‍ നിന്നും എന്നെ ഉണര്‍ത്തിയത് കാരറ്റ് കരിഞ്ഞ നാറ്റമായിരുന്നു.

പാത്രം കഴുകി കമിഴ്ത്തിയപ്പോളേക്കും പോയവന്‍ തിരിച്ചെത്തി. അവന്‍ തന്ന ആ കൌപീനവും ഉടുത്ത് ബാക്കി ഡ്രസ്സിങ്ങും ഒക്കെ കഴിഞ്ഞു മുടി ചീകാന്‍ അലമാരയിലെ കണ്ണാടിയുടെ മുന്നിലെത്തി. കൊള്ളാം സ്മാര്‍‌ട്ട്. കറുത്ത് പാന്റ്, നീല ഷര്‍ട്ട്. അപ്പോളതാ ഒരുത്തന്‍ ഉറക്കച്ചടവോടെ വന്ന്, ഒരു പ്രകോപനവും ഇല്ലാതെ അലമാരക്കിട്ടൊന്ന് തൊഴിച്ചു. അലമാരയുടെ മുകളിലിരുന്ന ഒരു പൊടിപിടിച്ച കാര്‍ഡ്ബോര്‍ഡ് പെട്ടിയും, അതിനടുത്തിരുന്ന വലിയ തുളകളിട്ട നൈസിലിന്റെ കുപ്പിയും എന്റെ മേല്‍ വന്നു പതിച്ചു. തലയിലും ഉടുപ്പിലും ഒക്കെ മാറാലയും വലയും. പാന്റില്‍ നൈസില്‍. ഇന്നത്ത് ദിവസം ഊഗ്രന്‍. എന്ന് ഞാന്‍ മനസ്സില്‍പ്പറഞ്ഞ് വീണ്ടും ഡ്രസ്സ് മാറി, അലമാരയില്‍ നിന്നും കുറേ മാറി നിന്ന് തല ചീകി. ഓടി ചെന്ന് സോക്സും ഷൂസും ഇട്ടു. ബായ് ടാ എന്ന് റൂമിനുള്ളിലേക്ക് വിളിച്ച് പറഞ്ഞ് ഞാന്‍ സ്റ്റെപ്പില്‍ കാലെടുത്ത് വച്ചതും, എസ്കലേറ്ററില്‍ ഇറങ്ങും പോലെ ശടപടശടപടശടപടാന്നങ്ങു താഴോട്ട് പോയി. കൂടെ എന്റമ്മോ എന്നൊരു നെലോളിയും. ഇത്രയും നടന്നിട്ടും എന്റെ കൂട്ടുകാര്‍ ഒറ്റയൊരുത്തന്‍ പോലും പുറത്തേക്ക് വന്നില്ല. പിന്നെ ഞങ്ങടെ എതിര്‍ ഫ്ലാറ്റിലുള്ള 3 സ്ത്രീ രത്നങ്ങള്‍ വന്ന് എന്നെ പൊക്കി സ്റ്റെപ്പില്‍ ഇരുത്തി. നല്ല ചമ്മിയ മുഖത്തോടെ – തേങ്ങ്‌സ് എന്ന് പറഞ്ഞ് എണീക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. എങ്ങനെയോ എന്റെ ഷര്‍ട്ടിന്റെ കുറച്ച് ഭാഗം കീറിപ്പോയി. പിന്നെ വീണ്ടും അത് മാറ്റി, വളരെ സൂക്ഷിച്ച് ഞാന്‍ താഴെ ഇറങ്ങി.

അല്ലെങ്കില്‍ കോവില്‍പ്പട്ടി ബസ്റ്റാന്‍ഡിലെ ഈച്ചപോലെ പറക്കുന്ന ഓട്ടോ ഒരെണ്ണം പോലും കാണാനില്ല. ശരി നടക്കാം. ഒരു 20 അടി നടന്നുകാണും. എവിടെനിന്നെന്നറിയില്ല. മഴ ശ്ശറേന്നങ്ങു പെയ്തു. റോഡ് ക്രോസ്സ് ചെയ്തു കോട്ടാക്ക് സെക്യൂരിറ്റീസിന്റെ ലോഞ്ചില്‍ നില്‍ക്കാമെന്ന് കരുതി വലത്തോട്ട് തിരിയുന്നതിന് ഒരു 50 മില്ലി സെക്കന്‍ഡ് മുന്‍പ്, കുറേ റ്റൂ വീലറുകളും, കാറുകളും വന്നങ്ങ് നിറഞ്ഞു. പിന്നെ മഴയും നനഞ്ഞ് ഓഫീസിലെത്തി. എന്റെ ഐ.പി.എല്‍.സി കോഡ് എഴുതിയ പേപ്പര്‍ നോക്കിയപ്പോള്‍, മഴ നനഞ്ഞ്, എഴുതിയതൊക്കെ മാഞ്ഞ് പോയിരുന്നു.

പിന്നെ മാനേജരെ വിളിച്ച് പുള്ളീടെ കോഡ് വാങ്ങി, അമേരിക്കാക്കയിലുള്ള ക്ലയന്റിനെ വിളിച്ചപ്പോള്‍, ആ പുല്ലന്‍ പറയുന്നു:“I am feeling very sleepy, we can talk day after tomorrow”.

:‘(

മനീഷയുടെ സുന പറ്റിച്ച പണിയേ…
കൃഷ്ണാ ഗുരുവായൂരപ്പാ… ശത്രുവിന് പോലും ഈ ഒരവസ്ഥ കൊടുക്കല്ലേ…

Categories
Malayalam Posts

ഒരു പൂവ്, അവള്‍ക്കായ്

ആര്‍ക്കുവേണ്ടി എന്ന് പോലും ചോദിക്കാതെ സ്വന്തം ജീവന്റെ ഒരു പങ്ക് ദാനം ചെയ്യുന്നത് പുണ്യം എന്നല്ല, മഹാ നിയോഗം എന്നേ പറയേണ്ടൂ. എങ്കിലും അതില്‍ ചിലത് നമ്മെ വളരെ വേദനിപ്പിക്കും. ഒരു യൂണിറ്റ് രക്തം ദാനം ചെയ്താല്‍ ഉണ്ടാവുന്നതിനേക്കാള്‍ ക്ഷീണം അന്നെനിക്ക് അനുഭവപ്പെട്ടു. ചില രാത്രികള്‍ ഇങ്ങനെയാണ്, നല്ല ക്ഷീണത്തിലും ഉറങ്ങാന്‍ കഴിയില്ല.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. വെളുത്ത നിറമുള്ള, നീണ്ട മുടി ഈരിഴയായ് പിന്നി, വെളുത്ത ഉടുപ്പും, പച്ച സ്കര്‍ട്ടും ഇട്ട ഒരു കൊച്ച് സുന്ദരി. ദിവസവും ഞാന്‍ തുമ്പപ്പൂവും, തെറ്റിപ്പൂവും കൊടുക്കുന്ന എന്റെ കൊച്ചുകൂട്ടുകാരി. പെട്ടെന്നൊരു ദിവസം ഞാന്‍ പള്ളിക്കൂടം മാറിപ്പോയി. പിന്നെ കണ്ടത് നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. കാലം രണ്ട് പേരെയും ഒരുപാട് മാറ്റി. ഞാന്‍ ഒരു ഉദ്യോഗസ്ഥനായി. അവളാകട്ടെ, മകള്‍ എന്ന കുപ്പായത്തില്‍ നിന്നും, ഭാര്യ, അമ്മ എന്നിങ്ങനെ വേഷം മാറി. കാലത്തിന്റെ കുത്തൊഴുക്കില്‍ ആരാണ് വേഷം കെട്ടാത്തത്? പക്ഷെ എന്റെ കളിക്കൂട്ടുകാരിയെ മരണക്കിടക്കയില്‍ കാണേണ്ടിവരും എന്ന് ഞാന്‍ കരുതിയിരുന്നില്ല. അവളെക്കണ്ടപ്പോള്‍ ആ‍ ഭൂമി പിളര്‍ന്ന് ഞാന്‍ അതിലേക്ക് വീഴുകയാണെന്ന് തോന്നിപ്പോയി. പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവം തന്നെ അത്. രക്തത്തില്‍ പ്ലാസ്മയുടെ അളവ് കുറഞ്ഞിട്ട് ഉണ്ടാകുന്ന ഏതോ ഒരു മാരകമായ രോഗത്തിന്റെ അടിമയായിരുന്നു അവള്‍.

രക്തത്തില്‍ നിന്നും പ്ലാസ്മ മാത്രം വേര്‍തിരിച്ച് രോഗിക്ക് കൊടുക്കുന്ന സംവിധാനം വരെ നമ്മുടെ നാട്ടില്‍ ലഭ്യമാണ് എന്ന് എനിക്ക് അന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനത്തെ ഒരു യന്ത്രത്തില്‍ ഞാന്‍ എന്നെ തന്നെ കുടുക്കിയിട്ട് കിടക്കുമ്പോള്‍ അടുത്തു നിന്ന നഴ്സാണ് പറഞ്ഞത്, സ്വന്തം നാട്ടുകാരിക്കാണല്ലോ ജീവന്‍ കൊടുക്കുന്നത് എന്ന്. വെറുതെ ഒരു ജിജ്ഞാസയുടെ പേരില്‍ ചോദിച്ചപ്പോള്‍ അവര്‍ രോഗിയുടെ പേര് പറഞ്ഞു. സ്ഥിതി വളരെ ഗുരുതരമാണ് എന്നറിഞ്ഞപ്പോള്‍ ആ രോഗിക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒടുവില്‍ അന്വേഷിച്ച് വന്നപ്പോള്‍ ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത ആ വ്യക്തിയില്‍ ചെന്ന് എന്റെ അന്വേഷണങ്ങള്‍ അവസാനിച്ചു.

അതെ 2005, ജൂണ്‍ 2. എന്റെ കൂട്ടുകാരി എന്നെ വിട്ടു പിരിഞ്ഞ നാള്‍. ഇന്നത്തെ എന്റെ ദിവസം അവള്‍ക്കായി ഞാന്‍ മാറ്റിവയ്ക്കുന്നു. അവളുടെ ആത്മശാന്തിക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു…